Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

ജനാധിപത്യത്തിന്റെ വസന്തത്തിലാണ് ഇടിമുഴക്കമുണ്ടാകേണ്ടത് 

കോവിഡ് കാലത്തു പോലും മാവോയിസ്റ്റാരോപിത വേട്ടയിൽ നിന്നു പിന്തിരിയാത്ത കേന്ദ്ര - സംസ്ഥാന സർക്കാറുകളാണല്ലോ ഇന്ത്യയിൽ നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഭരണകൂടങ്ങൾ എന്തു മാത്രം ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണിത്. ആ പേടി അവർ നടത്തുന്ന അക്രമങ്ങളെ മാത്രമല്ല, തങ്ങളുടെ ചൂഷണാധിഷ്ഠിത രാഷ്ട്രീയം തകരുമോ എന്നതു കൂടിയാണ്. അതോടൊപ്പം മാവോയിസത്തിന്റെ പേരു പറഞ്ഞ് മറ്റു പല പ്രശ്‌നങ്ങളും മറച്ചുവെക്കാം, വലിയ ഫണ്ട് അടിച്ചെടുക്കാം, രാഷ്ട്രീയ എതിരാളികളെ ചാപ്പ കുത്തി നിശ്ശബ്ദരാക്കാം, തുറുങ്കിലടക്കാം തുടങ്ങിയ പല നേട്ടങ്ങളും ഇതിലൂടെ സർക്കാറിനു ലഭിക്കുമെന്നതും യാഥാർത്ഥ്യമാണ്. 


ഇത്തരമൊരു സാഹചര്യത്തിലാണ് നക്‌സൽബാരി പ്രസ്ഥാനത്തിന്റെ 51 ാം വാർഷികം കടന്നുവരുന്നത്. സി.പി.ഐയിൽ നിന്നും സി.പി.എമ്മും സി.പി.എമ്മിൽ നിന്നു നക്‌സലൈറ്റുകളും ഉണ്ടായതിനു സമാനമാണ് നക്‌സലൈറ്റുകളിൽ നിന്നു മാവോയിസ്റ്റുകളും രൂപം കൊണ്ടത്. ഓരോ രൂപീകരണത്തിലും ആരോപിച്ചിക്കുക മാതൃസംഘടന തിരുത്തൽവാദികളായി എന്നാണ്. കൂടാതെ ആഗോള കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഇതിലെല്ലാം പങ്കുവഹിച്ചിട്ടുണ്ട്. 1964 ൽ സി.പി.ഐ തിരുത്തൽവാദികളായി എന്നാരോപിച്ചായിരുന്നു സി.പി.എം രൂപം കൊണ്ടത്. അന്ന്  സി.പി.എം ചൈനീസ് വിപ്ലവ മോഡൽ പ്രവർത്തനമായിരിക്കും തുടരുക എന്നാണ് അന്ന്  കരുതപ്പെട്ടിരുന്നത്. എന്നാൽ 1967 ലെ പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുത്തതോടെ നിരവധി പ്രവർത്തകർ നിരാശരായി. 
പശ്ചിമ ബംഗാളിലും പഞ്ചാബിലും  ആന്ധ്രയിലുമാണ് ഈ ആശയക്കാർ പ്രബലമായത്. 1967 നവംബറിൽ അവർ കൊൽക്കത്തയിൽ യോഗം ചേരുകയും അഖിലേന്ത്യാ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് കുന്നിക്കൽ നാരായണനും ഫിലിപ്പ് എം. പ്രസാദും ആ യോഗത്തിൽ പങ്കെടുത്തിരുന്നു.  ബംഗാളിലെ ഈ റിബൽ വിഭാഗമാണ് 1967 ലെ മെയ,് ജൂൺ മാസങ്ങളിൽ നക്സൽ ബാരി പ്രദേശത്തു കർഷക കലാപങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രായോഗികമായി രംഗത്തിറങ്ങിയത്. അതിന്റെ തുടർച്ചയായിട്ടായിരുന്നു 1969 ൽ സി.പി.ഐ.എം.എൽ രൂപീകൃതമായത്. 


എണ്ണത്തിൽ ശക്തമായിരുന്നില്ലെങ്കിലും നക്‌സലൈറ്റ് രാഷ്ട്രീയത്തിന് രാജ്യത്തിന്റെ പല ഭാഗത്തും വൻ സ്വീകാര്യത ലഭിച്ചു.  അടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതിലും അതിൽ ആക്രമിക്കപ്പെട്ടവരിലും ഈ വിഭാഗത്തിന്റെ പങ്ക് വലുതായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയെ മറികടന്ന് അവർക്ക് വലിയൊരു സ്വീകാര്യത കേരളത്തിലും ബംഗാളിലും മറ്റും ലഭിച്ചു. 
സംഘടനാപരമായി വലിയ പിൻബലം ഇല്ലെങ്കിലും മാധ്യമങ്ങളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും മറ്റും പിൻബലം ലഭിക്കുകയും അവർ വലിയൊരു ശബ്ദമായി മാറുകയും ചെയ്തു. ആദ്യഘട്ടത്തിൽ പല ജന്മികളെയും ഉന്മൂലനം ചെയ്തു.  കേരളത്തിൽ കരുണാകരന്റെ രാജിക്കു പോലും കാരണമായത് അടിയന്തരാവസ്ഥയിൽ നടന്ന നക്സലൈറ്റ് വേട്ടയായിരുന്നല്ലോ. അതേ കാലത്ത് ജനശത്രുക്കളെ ജനകീയ കോടതികളിലൂടെ വിചാരണ ചെയ്യാനാരംഭിച്ചതും ഏറെ പിന്തുണ നേടി. 
രൂപം കൊണ്ടതു മുതൽ തന്നെ പിളർപ്പുകളും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായിരുന്നു. പ്രസ്ഥാനം ഛിന്നഭിന്നമായി. പലരും പാർലമെന്ററി പാത സ്വീകരിച്ചു. അപ്പോഴും അധികാരത്തിലെത്താതിരുന്നതിനാലാവാം ജീർണിച്ച അവസ്ഥയിലേക്ക് ഒരു ഗ്രൂപ്പും എത്തിയെന്നു പറയാനാവില്ല. 


അതേസമയം സി.പി.ഐയിൽ നിന്നും സി.പി.എമ്മും അതിൽ നിന്ന് സി.പി.ഐ.എം.എല്ലും ഉണ്ടായ പോലെ അതിൽ നിന്ന് മാവോയിസ്റ്റുകളും രൂപം കൊണ്ടു. ഛത്തീസ്ഗഢ് കേന്ദ്രമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സായുധ സമരത്തിലധിഷ്ഠിതമായി അവർ സമാന്തര ഭരണം നടത്തുകയാണ്, പ്രതേകിച്ച് ആദിവാസി മേഖലയിൽ. 
അതേസമയം കേരളമടക്കം പലയിടത്തും  ഇന്ന് നിലവിലുള്ള മനുഷ്യാവകാശ ബോധത്തിൽ നക്സലൈറ്റ് പ്രസ്ഥാനം ഉയർത്തിവിട്ട രാഷ്ട്രീയ ചിന്തകൾക്ക്  വലിയൊരു സ്ഥാനമുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷം അതിനാൽ തന്നെ ഇവരെ ഏറ്റവും ഭയക്കുന്നു. മാർക്‌സിസ്റ്റ് ചിന്തയിൽ ഒരിക്കലും സ്ഥാനം പിടിക്കാതിരുന്ന ദളിത്, ആദിവാസി, ലിംഗ, പരിസ്ഥിതി വിഷയങ്ങൾ സജീവ ചർച്ചയാക്കുന്നതിലും പോരാട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിലും നക്‌സലൈറ്റുകൾക്കും മുൻ നക്‌സലൈറ്റുകൾക്കും വലിയ പങ്കുണ്ട്. കലാ - സാഹിത്യ - സാംസ്‌കാരിക രംഗത്തും അതിന്റെ അലയൊലികൾ ഇപ്പോഴും കേൾക്കാം. 


അതേസമയം നക്സലൈറ്റുകളുടെയും മാവോയിസ്റ്റുകളുടെയും പാത ശരിയാണെന്നോ അവർ വിപ്ലവം തോക്കിൻകുഴലിലൂടെ വരുത്തുമെന്നോ ഇന്ന് കാര്യമായാരും വിശ്വസിക്കുന്നില്ല. തോക്കിൻ കുഴലിലൂടെ ലഭിക്കുന്ന അധികാരം നിലനിർത്താൻ തോക്കിൻ കുഴൽ തന്നെ വേണ്ടിവരുമെന്നതാണ് ലോക ചരിത്രം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം ജനങ്ങൾ പോരാടിയത് ജനാധിപത്യത്തിനു വേണ്ടിയായിരുന്നു. 
ഒരുപാട് ജീർണതകളുണ്ടെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിലും ജനാധിപത്യത്തിന്റെ  പാതയിലൂടെയേ ഇനിയും ലോകത്തൊരു മാറ്റം പ്രതീക്ഷിക്കാനാവൂ. അത്തരമൊരു ജനാധിപത്യത്തിൽ മാവോയിസ്റ്റുകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടും. ഭരണകൂടം അതംഗീകരിക്കാൻ വൈകുമായിരിക്കാം. എന്നാൽ ജനമത് അംഗീകരിക്കുമെന്നതിനു തെളിവാണ്  കേരളത്തിൽ നടന്ന  മാവോയിസ്റ്റ് വേട്ടകൾക്കെതിരെ പൊതു സമൂഹത്തിൽ നിന്നും ഭരണപക്ഷ സംഘടനകളിൽ നിന്നു പോലും ഉയർന്ന എതിർപ്പ്.  മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊന്ന പോലീസിന് വീരോചിത സ്വീകരണമല്ല ലഭിച്ചത്. മറിച്ച് സർക്കാർ പ്രതിക്കൂട്ടിലാവുകയായിരുന്നു. ഈ യാഥാർഥ്യം തിരിച്ചരിയാനാണ് ഈ വേളയിൽ ഇനിയും സായുധ സമരം കിനാവു കാണുന്നവർ തയാറാകേണ്ടത്. തങ്ങളുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ജനാധിപത്യ സംവിധാനത്തിലിടപെടാനാണ് അവർ തയാറാകേണ്ടത്. അത് ജനാധിപത്യത്തിന്റെ തന്നെ മേന്മ വർധിപ്പിക്കും. 
അങ്ങനെ ജനാധിപത്യത്തിന്റെ വസന്തത്തിൽ ഇടിമുഴക്കമുണ്ടാക്കാനാണ് ഇനിയുള്ള കാലം നക്‌സലൈറ്റ് - മാവോയിസ്റ്റുകൾ ശ്രമിക്കേണ്ടത്. അതിനുള്ള ആർജവം അവർ കാണിക്കുന്നില്ലെങ്കിൽ ഇപ്പോഴത്തെ ഭരണകൂട ഭീകരത തുടരുകയും ജനാധിപത്യം കൂടുതൽ പ്രതിസന്ധിയിലാകുകയുമാണുണ്ടാവുക. 

Latest News