റായ്പുർ- കാവി അണിയുന്ന ബി.ജെ.പി പ്രവർത്തകർ ദുർബലരാണെന്ന് കരുതരെന്നും മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കാന്‍ അറിയാമെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി. ക്വാറന്റൈന് കേന്ദ്രത്തിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സഹമന്ത്രി രേണുക സിങ നടത്തിയ ആക്രോശമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
നിരീക്ഷണ കേന്ദ്രത്തിലെ അസൗകര്യങ്ങളെക്കുറിച്ചുള്ള വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആദിവാസിക്ഷേമ മന്ത്രാലയം സഹമന്ത്രി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. ഞങ്ങളുടെ സർക്കാർ അധികാരത്തിലില്ലെന്ന് ആരും കരുതരുത്. 15 വർഷം ഞങ്ങൾ ഭരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരിന്റെ പക്കൽ ആവശ്യത്തിന് പണമുണ്ട്. ജനങ്ങൾക്ക് ആവശ്യത്തിന് പണം ലഭിക്കണം. കാവി ധരിച്ച ബിജെപി പ്രവർത്തകർ ദുർബലരാണെന്ന് വിചാരിക്കരുത്. നിങ്ങളെ മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം-മന്ത്രി പറഞ്ഞു.
റായ്പുരിലെ ബൽറാംപുരിലെ കേന്ദ്രത്തിലെ അസൗകര്യങ്ങളെക്കുറിച്ച് ദിലീപ് ഗുപ്ത എന്നയാളാണ് സമൂഹ മാധ്യമത്തില്ർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ദൃശ്യങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ തഹസിൽദാരും ഉദ്യോഗസ്ഥരും ചേർന്ന് തന്നെ മർദിച്ചുവെന്നും ദിലീപ് വെളിപ്പെടുത്തി. ദൽഹിയിൽനിന്നുതിരിച്ചെത്തിയ ശേഷം ഇവിടെ ക്വാറന്റൈനില്‍ കഴിയുകയാണ് ദിലീപ് ഗുപ്ത.






