Sorry, you need to enable JavaScript to visit this website.

നാലു വർഷത്തിനിടെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമേത്, മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം- നാലുവർഷത്തെ ഭരണത്തിനിടെ ഏറ്റവും സന്തോഷം നൽകിയത് ജനങ്ങൾ ആഹ്ലാദിക്കുന്ന ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ നാലാം വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ സോഷ്യൽ മീഡിയ വഴി വന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിട്ടാതിരുന്ന ക്ഷേമ പെൻഷൻ ഒന്നിച്ചു കിട്ടിയപ്പോൾ പല്ലില്ലാത്ത മോണ പുറത്തുകാട്ടി ഹൃദമായ ചിരി ഒരു പ്രായമുള്ള സ്ത്രീയിൽനിന്നുണ്ടായി. ഏറ്റവും വലിയ സന്തോഷം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. കേരളം മുഴുവൻ അതിൽ സന്തോഷിച്ചു. വീടില്ലാത്തവർക്ക് വീടു നൽകുന്നതിന് വേണ്ടി ലൈഫ് മിഷൻ രൂപീകരിച്ചു. രണ്ടു ലക്ഷം വീട് പൂർത്തിയാക്കിയപ്പോൾ അത് സമർപ്പിക്കുന്ന ചടങ്ങിൽ ഒഴുകിയെത്തിയ ജനം മനംകുളിർപ്പിച്ചു. മൊത്തത്തിൽ ജനങ്ങൾക്ക് സന്തോഷം പകർന്നു.

ചോദ്യം: കേരളത്തിൽ പി.ആർ വർക്കല്ലേ നടക്കുന്നത്
ഒരു സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ടത് പ്രധാനമാണ്. സർക്കാറിനെ ബോധപൂർവ്വം കരിവാരിത്തേക്കാൻ ശ്രമം നടക്കുമ്പോൾ പ്രത്യേകിച്ചും. ജനങ്ങളിലേക്കെത്താൻ പരസ്യങ്ങളിലൂടെ വസ്തുതകൾ വ്യക്തമാക്കേണ്ടി വരും. അതിന് വേണ്ടിയാണ് പരസ്യം നൽകുന്നത്. പരസ്യത്തിന്റെ റേറ്റ് കൂടുന്നതിനാൽ പരസ്യം കൊടുക്കാതിരിക്കാൻ കഴിയില്ല.
യുവജനങ്ങളോടുള്ള പരിഗണന

യുവജനങ്ങൾക്കാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നത്. യുവജനങ്ങളിലാണ് നാടിന്റെ ഭാവി. യുവാക്കൾക്ക് നിരാശ ബാധിച്ചാൽ അത് എങ്ങോട്ടും തിരിയാം. അവരുടെ ആത്മവിശ്വാസം കൂട്ടാൻ ചില പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ തൊഴിൽ നൽകാൻ കഴിഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമാക്കി മാറ്റി. അതിന്റെ ഭാഗമായി വരുന്ന മാറ്റം തീരെ ചെറുതല്ല. വിദേശത്ത് തൊഴിൽ ആഗ്രഹിച്ചിരുന്നവർ ഇപ്പോൾ കേരളത്തിൽ തന്നെ ജോലി ആഗ്രഹിക്കുന്നു.
സർക്കാർ അധികാരമേറ്റ ശേഷം രൂപീകരിച്ച നാലു മിഷനുകളുടെ പ്രവർത്തനം

ഹരിതകേരളം മിഷൻ വഴി കുറെ മാറ്റം വന്നു. നദികളും തോടുകളും മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന തോന്നൽ ആളുകളിൽനിന്ന് ഇല്ലാതായി. ജനങ്ങളെ ബോധവത്കരിക്കാനായി. ലൈഫ് മിഷൻ വഴി അഞ്ചുലക്ഷം പേർക്ക് വീടുകളുണ്ടാക്കാൻ ലക്ഷ്യമിട്ടു. രണ്ടു ലക്ഷത്തിലേറെ പേർക്ക് വീട് നൽകി. 35000 പേർക്ക് ഈ ഡിസംബറിന് മുന്നേ വീട് നൽകും. കുറേക്കൂടി വേഗതയിൽ നടക്കേണ്ടതായിരുന്നു. പ്രതിസന്ധി കാരണമാണ് അതിൽ താമസം നേരിട്ടത്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സർക്കാറിന് കഴിഞ്ഞു. സ്‌കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് ഇല്ലാതായി. ആരോഗ്യകേരളത്തിലെ ആർദ്രകേരളം വഴി വൻ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.

മുൻ സർക്കാറിന്റെ നേട്ടം ഈ സർക്കാറിന്റെ നേട്ടമായി അവതരിപ്പിക്കുകയല്ലേ.
ചിലത് അങ്ങിനെയുണ്ടാകും. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന് മോഡി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈനിനെ പറ്റിയാണ് മോഡി പറഞ്ഞത്. അടുത്ത തവണ കാണുമ്പോൾ ഈ അഭിപ്രായം മാറുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് യു.ഡി.എഫ് തുടങ്ങിയതാണ് എന്ന് പറയാൻ പറ്റില്ല. 96-ൽ ഞാൻ വൈദ്യുതി മന്ത്രിയായ സമയത്ത് തന്നെ ഈ പദ്ധതി ആലോചിച്ചിരുന്നു. യു.ഡി.എഫിന്റെ കാലത്തായിരുന്നു ഗെയിൽ പ്രാവർത്തികമാക്കേണ്ടിയിരുന്നത്. അതുപോലെ ദേശീയപാതയുടെ വികസനം. അതിലും യു.ഡി.എഫ് ഒന്നും ചെയ്തില്ല. നാഷണൽ ഹൈവേക്ക് വേണ്ടി സ്ഥലം എടുക്കാൻ പറ്റില്ല എന്ന് വാദം. സർവകക്ഷിയോഗം വിളിക്കാൻ ആവശ്യം വന്നു. നമ്മുടെ സംസ്ഥാനത്ത ഇത്തരം കാര്യം വരുന്നതിന് സാധാരണ നിലയിൽ ജനം തടസമല്ല. ദേശീയ പാത വികസനത്തിന് എല്ലാ പാർട്ടികളും പിന്തുണയുണ്ടായിരുന്നു. എന്നാൽ ചില ഭാഗത്ത് തടസമുണ്ടായി. ആ തടസത്തിനൊപ്പം യു.ഡി.എഫ് നിന്നതോടെ വികസനം മുടങ്ങി. എന്നാൽ എൽ.ഡി.എഫ് വന്നതോടെ വികസനം വേണമെന്ന നിലപാട് സ്വീകരിച്ചു. ഇപ്പോഴത് പണി തുടങ്ങാൻ പോകുകയാണ്.
കൂടംകുളം പവർ ലൈനിൽ ഒരു പ്രദേശത്തുകൂടെ ലൈൻ പോകുന്നതിന് തടസമായി. എൽ.ഡി.എഫ് വന്നതോടെ ബാക്കി പൂർത്തിയാക്കൽ തുടങ്ങി. തടസക്കാർ അങ്ങിനെ തന്നെ നിന്നു. തടസം നിന്നാൽ ഗവൺമെന്റ് മെഷിനറി നീങ്ങി. ഇപ്പോൾ ആ പവർ വന്നുകൊണ്ടിരിക്കുന്നു. ദേശീയ ജലപാത പദ്ധതിയിലും തടസങ്ങളുണ്ടായി. അടുത്ത വർഷവം അത് പൂർത്തിയാകും. ഗവൺമെന്റ് നാടിന് വേണ്ടിയാണ്. അത് പൂർത്തിയാക്കും. തീരദേശ, ഹൈവേ, മലയോര ഹൈവേയും ഇതുപോലെ മുന്നോട്ടുപോകുകയാണ്.

പ്രോഗ്രസ് റിപ്പോർട്ട് എന്ന് പുറത്തിറക്കും

പ്രോഗ്രസ് റിപ്പോർട്ട് നടപ്പാക്കാൻ ധൈര്യമുള്ള സംസ്ഥാനമാണ് കേരളം. മറ്റൊരു സംസ്ഥാനവും ഇത് ചെയ്യുന്നില്ല. ഇത് അധികം വൈകാതെ പുറത്തിറക്കും.

പോലീസിന്റെ പ്രവർത്തനത്തെ എങ്ങിനെ വിലയിരുത്തുന്നു

പോലീസിന്റെ പ്രവർത്തനം സർക്കാറിന് വിഷമം സൃഷ്ടിച്ചിട്ടില്ല. ആ സേനയിലെ ചിലർ ശരാശരി കാര്യങ്ങളിൽനിന്ന് പിറകോട്ട് പോയിട്ടുണ്ട്. കുറ്റാന്വേഷണത്തിൽ മികച്ച പ്രവർത്തനമാണ് പോലീസ് നടത്തുന്നത്. ഏതെങ്കിലും അപഭ്രംശമുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

Latest News