Sorry, you need to enable JavaScript to visit this website.

പ്രവാസികളെ തോൽപിക്കാനാവില്ല; പെരുന്നാൾ ആഘോഷം നവ മാധ്യമങ്ങളിലൂടെ 

ദമാം- കോവിഡ് മഹാമാരി ലോകത്താകമാനം വ്യാപിച്ച് നിരവധി മനുഷ്യ ജീവനുകളെ അപഹരിക്കുമ്പോൾ പ്രവാസ ലോകത്ത് ആശങ്കയും അതിലേറെ ഭയവും സൃഷ്ടിക്കുമ്പോഴും ആഘോഷ പരിപാടികളിൽ വ്യത്യസ്ത രീതിയും മേഖലകളും പരീക്ഷിച്ചു മുന്നേറുകയാണ് പ്രവാസികൾ. 
ആത്മ സംസ്‌കരണത്തിന്റെയും വിശുദ്ധിയുടെയും പുണ്യമാസത്തിൽ തങ്ങളുടെ പ്രാർത്ഥനകൾ പൂർണമായും വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി നിർഹിച്ചെങ്കിലും ആഘോഷങ്ങൾക്ക് പുതിയ രീതി അവലംബിക്കുകയായിരുന്നു. പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും ദിനരാത്രങ്ങളിലൂടെ സ്ഫുടം ചെയ്ത മനസ്സുമായി ശരീരവും മനസ്സും ദൈവത്തിനു സമർപ്പിച്ചു ആഘോഷങ്ങളും വർണപ്പൊലിമയുമില്ലാതെ, ഈദ് ഗാഹുകളും തക്ബീർ ധ്വനികളുമില്ലാതെ ഈദ് ആഘോഷം ആശംസകളിൽ ഒതുങ്ങും എന്ന് വിചാരിച്ചവരെ അമ്പരപ്പിച്ചു കൊണ്ടാണ് ഈ ദിവസം കടന്നു പോയത്.

അകലം പാലിച്ചുകൊണ്ടും സുരക്ഷിതരായി വീട്ടിൽ കഴിയുക എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ടും മഹാമാരിക്കെതിരെ നിലകൊണ്ട പ്രവാസികൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ഓണ്‌ലൈൻ കൂടിച്ചേരലുകളായിരുന്നു. ഏറെ പരിചിതമായ സൂം ആപ്പാണ് ഇതിനായി കൂടുതൽ ഉപയോഗിച്ചത്. ചില കുടുംബ സുഹൃത്തുക്കൾ അടങ്ങിയ ഗ്രൂപ്പുകൾ സംഗീത പരിപാടികൾ, ക്വിസ് പ്രോഗ്രാം, അന്താക്ഷരി തുടങ്ങിയവയെല്ലാം ഇതിലൂടെ സംഘടിപ്പിച്ചു. 
ചില സാമൂഹിക, സാംസ്‌കാരിക സംഘടനകൾ ആവട്ടെ, അവരുടെ ഫേസ് ബുക്ക് പേജിൽ കൂടി പ്രമുഖ സംഗീതജ്ഞരെ അതിഥികളാക്കി മണിക്കൂറുകൾ നീണ്ടുനിന്ന ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു. 


പ്രവാസി രാഷ്ട്രീയ സംഘടനകൾ ആവട്ടെ, രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്തു. ചില കുടുംബ സദസ്സുകൾ പ്രമുഖ വനിതാ ഡോക്ടർമാരെയും വ്യക്തിത്വ വികസന പരിശീലകരെയും പങ്കെടുപ്പിച്ച് ക്ലാസുകൾ നടത്തി. ദമാമിലെ ഒരു പ്രമുഖ കുടുംബ വേദി മൈലാഞ്ചിയിടൽ മത്സരവും പാചക മത്സരവും സംഘടിപ്പിച്ചത് സൂം ഓൺലൈനിലൂടെയായിരുന്നു. കൂടുതൽ പണച്ചെലവില്ലാതെ അലങ്കാരങ്ങളും ആർഭാടങ്ങളുമില്ലാതെ വളരെ ചുരുക്കം ആളുകളുടെ സഹായം മാത്രം വരുന്ന ഈ നൂതന പരിപാടികൾ കൊണ്ട് സമയ ലാഭം, സാമ്പത്തിക ലാഭം അതിലേറെ മാനസിക സുഖവും ഉള്ളതായി വനിതാ സംഘടനകൾ പറയുന്നു.
 മുൻകാലങ്ങളിൽ ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കണമെങ്കിൽ ഒരുക്കങ്ങൾക്ക് വേണ്ടി മാത്രം ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നിരുന്നതായും അവർ പറഞ്ഞു. ഇരുന്നൂറോളം ആളുകൾക്ക് ഒരേ സമയം പങ്കെടുക്കാവുന്ന ആപ്പുകളും നിലവിലുണ്ട്. 


ഏതായാലും വരും ദിവസങ്ങളിൽ ഇത്തരം പരിപാടികൾക്ക്  പ്രസക്തി വർധിക്കുമെന്നും ഇതിലൂടെ സ്‌പോൺസർഷിപ്പ് എന്ന സംവിധാനം ഇല്ലാതാവുമെന്നും സാമ്പത്തിക ലാഭം ഉള്ളതുകൊണ്ട് തന്നെ മലയാളി സമൂഹത്തിൽ ഇതിന്റെ പ്രസക്തി വർധിക്കുമെന്നും പ്രവാസികളെ തോൽപിക്കാനവില്ലെന്ന പാഠമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം മുന്നേറ്റങ്ങൾ തെളിയിക്കുന്നതെന്നും വിവിധ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. 

 


 

Latest News