Sorry, you need to enable JavaScript to visit this website.

നിരാശ വേണ്ട, വരുന്നു പ്രതീക്ഷയുടെ പുലരികൾ - സല്‍മാന്‍ രാജാവ്

റിയാദ് - പ്രതിസന്ധിയുടെ ഈ കാലത്തിന് ശേഷം വരാനിരിക്കുന്നത് പ്രത്യാശ നിറഞ്ഞ നാളുകളാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. ഈദുൽ ഫിത്തർ ആശംസ നേർന്നുള്ള ട്വീറ്റിലാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. വരും നാളുകളിൽ പ്രത്യാശ കാണുന്നു. എല്ലാ പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെയും  നമുക്ക് നേരിടാനാവും. റമദാനിലെ നോമ്പും നിസ്‌കാരങ്ങൾക്കും ശേഷം ഈദുൽ ഫിത്തർ നൽകി അല്ലാഹു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. നല്ല നാളെക്ക് വേണ്ടി അല്ലാഹുവിനോട് നമുക്ക് ചോദിക്കാം. നാം നല്ലവരും ഏറ്റവും മികച്ചവരാണെന്നും രാജാവ് പറഞ്ഞു.

മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ആരോഗ്യ, സാമ്പത്തിക മഹാമാരിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും കോവിഡിനെ നേരിടുന്നതിന് രാജ്യത്തിന് അടിയന്തിര പോംവഴികൾ സ്വീകരിക്കേണ്ടിവന്നുവെന്നും ഈദിന് തലേന്ന് നൽകിയ പെരുന്നാൾ സന്ദേശത്തിൽ രാജാവ് പറഞ്ഞിരുന്നു.
ഈദിന്റെ തലേന്നുള്ള രാജാവിന്റെ സന്ദേശം
കൊറോണ വ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികളുമായി ആത്മാർഥതയോടെയും വിശ്വസ്തതയോടെയും സഹകരിച്ച സൗദി പൗരന്മാർക്കും വിദേശികൾക്കും താൻ നന്ദി പറയുകയാണ്. മനുഷ്യന്റെ ജീവനും ആരോഗ്യ സുരക്ഷക്കുമാണ് സൗദി അറേബ്യ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള അവബോധം പ്രകടിപ്പിച്ചും സാമൂഹിക അകലം പാലിച്ചും, കൂടിക്കാഴ്ചകൾക്കും പെരുന്നാൾ ആശംസകൾ നേരിട്ട് കൈമാറുന്നതിനും പകരം ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പെരുന്നാൾ ആശംസകൾ കൈമാറിയും വീടുകളിൽ വെച്ച് നിങ്ങൾ പെരുന്നാൾ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുന്നു.എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ആരോഗ്യത്തിലാണ് ആനന്ദമുള്ളത്. അപകടത്തിലേക്ക് നയിക്കുന്ന എല്ലാ ആഹ്ലാദങ്ങളുടെയും അന്ത്യം ഖേദകരമായിരിക്കും.
കൊറോണ മഹാമാരിയെ ശക്തമായി ചെറുക്കുന്ന ആരോഗ്യ പ്രവർത്തകരെയും ഫീൽഡിൽ സേവനമനുഷ്ഠിക്കുന്നവരെയും ഓർത്ത് രാജ്യം അതിയായി അഭിമാനിക്കുന്നു. സുരക്ഷാ മേഖലകളിലും മറ്റു മേഖലകളിലും പ്രവർത്തിക്കുന്നവർ കൊറോണ ചെറുക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നു. ഇവർക്കെല്ലാവർക്കും താൻ നന്ദിയും കൃതജ്ഞതയും അറിയിക്കുകയാണ്.
എല്ലാവരും നടത്തിയ തീവ്രപരിശ്രമങ്ങളാണ് കൊറോണ നേരിടുന്നതിൽ പ്രത്യാശയും ശുഭാപ്തിവിശ്വാസവും നൽകുന്ന ഫലത്തിലെത്തിച്ചേരാൻ സഹായിച്ചത്. സൗദി പൗരന്മാരെയും വിദേശികളെയും രാജ്യം ചികിത്സിക്കുകയും ക്വാറന്റൈനുകൾ ലഭ്യമാക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ചില മുൻകരുതൽ നടപടികൾ വേദനാജനകമാകും. എന്നാൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് ഇവ അനിവാര്യമാണ്.
കൊറോണയെ ചെറുക്കുന്നതിനും ഇതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് മുഴുവൻ ശ്രമങ്ങളും സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്കും കൊറോണക്ക് പ്രതിരോധ മരുന്നുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾക്കും സൗദി അറേബ്യ നിർലോഭ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.

 

Latest News