Sorry, you need to enable JavaScript to visit this website.

കേരളം ഇടപെട്ടു, താനെയിൽ നിന്നുള്ള ട്രെയിൻ യാത്ര മാറ്റിവെച്ചു 


തിരുവനന്തപുരം- മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവെച്ചു. യാത്രക്കാരുടെ വിവരം നേരത്തേ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാറിന്റെ അഭ്യർഥന മാനിച്ചാണ് യാത്ര മാറ്റിവെച്ചത്. എല്ലാ യാത്രക്കാരും കോവിഡ്19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിൻ യാത്ര അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.


വളരെ കുറച്ചുപേർ മാത്രമേ കോവിഡ്19 ജാഗ്രതാ പോർട്ടലിൽ തങ്ങളുടെ വിശദാംശം രജിസ്റ്റർ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാണ് കേരള സർക്കാർ യാത്ര മാറ്റിവെക്കാൻ അഭ്യർഥിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങൾ സർക്കാറിന് മുൻകൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണ്.
കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഹോം ക്വാറന്റൈൻ ആണ് നിർബന്ധം. എന്നാൽ ഹോം ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കാനും ഇല്ലാത്തവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനു മുൻകൂർ വിവരം ലഭിക്കണം. എങ്കിൽ മാത്രമേ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് യാത്രക്കാരെ പരിശോധിക്കുന്നതിന് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നീ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാനും കഴിയുകയുള്ളൂ. സംസ്ഥാന സർക്കാറിന് മുൻകൂർ വിവരമില്ലാതെ ട്രെയിനുകൾ എത്തിച്ചേർന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ലാതായിത്തീരും. കേരളത്തിലേക്ക് വരുന്ന മലയാളികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് അതുകൊണ്ടു തന്നെ അനിവാര്യമാണ്. മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്ച പുറപ്പെടുന്ന വിവരം സംസ്ഥാന സർക്കാറിന് ലഭ്യമാക്കിയിട്ടില്ലായിരുന്നു. അത് കണക്കിലെടുത്താണ് ഇപ്പോൾ ട്രെയിൻ യാത്ര മാറ്റിവെക്കുവാൻ തീരുമാനമെടുത്തത്.


കോവിഡ്19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകൾ സർവീസ് നടത്താനുള്ള സംസ്ഥാന സർക്കാറിന്റെ അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കും. എല്ലാ മലയാളികൾക്കും കേരളത്തിലേക്ക് മടങ്ങി വരുവാനുള്ള അവകാശമുണ്ട്. എന്നാൽ സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിച്ചു നിർത്താനുള്ള ഒരു സംവിധാനമായി മാത്രം കണ്ട് കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും കോവിഡ്19 ജാഗ്രതാ പോർട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. പൊതുനൻമ മുന്നിൽ കണ്ടു ക്രമമായി ആളുകളെ കൊണ്ടുവരാൻ സർക്കാർ ഒരുക്കിയ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

Latest News