ന്യൂദൽഹി- കാൽമുട്ടിന് പരിക്കേറ്റ അച്ഛനെയുമായി 1,200 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്ത് സ്വന്തം വീട്ടിലെത്തിയ പതിനഞ്ചുകാരിക്ക് പരിശീലനം നൽകാമെന്ന സൈക്ലിംഗ് ഫെഡറേഷന്റെ വാഗ്ദാനം തൽക്കാലം സ്വീകരിക്കുന്നില്ലെന്ന് പെൺകുട്ടി. പഠനം പൂർത്തിയാക്കാനാണ് താൽപര്യമെന്ന് ജ്യോതികുമാരി പറഞ്ഞു. നേരത്തെ പഠിക്കാനുള്ള സഹചര്യമില്ലാത്തതിനെ തുടർന്ന് വീട്ടുജോലിക്ക് പോകുകയായിരുന്നു ജ്യോതികുമാരി. ഇപ്പോൾ പത്താം ക്ലാസ് പൂർത്തിയാക്കാനാണ് ആഗ്രഹമെന്നും ജ്യോതികുമാരി പറഞ്ഞു. ഇത്രയും നീണ്ട ദൂരം കഠിനമായി യാത്ര ചെയ്തുവന്നതിന്റെ ക്ഷീണം തനിക്കുണ്ടെന്നും ജ്യോതി കുമാരി പറയുന്നു.
മികച്ച സൈക്ലിങ് താരമായി മാറാനുള്ള ശേഷി ജ്യോതികുമാരിക്കുണ്ടെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ഓംകാർ സിങ് പറഞ്ഞിരുന്നു.. ജ്യോതികുമാരിക്ക് താൽപ്പര്യമുണ്ടെങ്കിൽ ലോക്ഡൗൺ കഴിഞ്ഞശേഷം സൗകര്യപ്രദമായ സ്ഥലത്ത് പരിശീലനം നൽകാമെന്നുമായിരുന്നു വാഗ്ദാനം.
ജ്യോതികുമാരിയുടെ അച്ഛനും ഓട്ടോ ഡ്രൈവറുമായ മോഹൻ പാസ്വാന് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊ്ട്ടുമുമ്പാണ് അപകടം പറ്റിയത്.
ബിഹാറിലെ ദർഭംഗ സ്വദേശിയായ മോഹൻ ഹരിയാനയിലെ ഗുരുഗ്രാമിൽ ഇ- ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പോറ്റിയത്. ജനുവരി 26നുണ്ടായ വാഹനാപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റു. അച്ഛനെ പരിചരിക്കാൻ അമ്മയ്ക്കും മൂത്തസഹോദരിക്കും ഒപ്പം ജ്യോതികുമാരി ഗുരുഗ്രാമിൽ എത്തി. കുറച്ചുദിവസത്തിനുശേഷം അമ്മ ഫൂലോ ദേവിയും സഹോദരിയും മടങ്ങി. ഗുരുഗ്രാം സിക്കന്ദർപുരിൽ വാടകവീട്ടിൽ മോഹനും ജ്യോതികുമാരിയും തനിച്ചായി. ജോലി ചെയ്യാനാകാതെ മൂന്ന് മാസത്തോളം
കഴിയേണ്ടിവന്നതോടെ സമ്പാദ്യം തീർന്നു. വാടക നൽകാൻ പണമില്ലാതായി. മുറി ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടു. ജ്യോതികുമാരി തന്റെ കൈവശം ഉണ്ടായിരുന്ന 2000 രൂപ കൊടുത്ത് പഴയ സൈക്കിൾ വാങ്ങി. ഒരു കുപ്പി വെള്ളവുമായി ഇരുവരും മെയ് ഏഴിനാണ് യാത്ര തിരിച്ചത്. രാത്രി പെട്രോൾ പമ്പുകൾക്ക് സമീപത്ത് കഴിച്ചുകൂട്ടി. ഒൻപത് ദിവസത്തിന് ശേഷമാണ് നാട്ടിലെത്തിയത്. നാട്ടിൽ ഇപ്പോൾ ക്വാറന്റൈൻ കേന്ദ്രത്തിലാണ് മോഹൻ. ജ്യോതികുമാരി വീട്ടിലും. മകൾ ധൈര്യം പകർന്നതുകൊണ്ട് മാത്രമാണ് യാത്രയ്ക്ക് തയ്യാറായതെന്ന് മോഹൻ. ഭക്ഷണവും പണവും തീർന്നപ്പോൾ എങ്ങനെയും വീട്ടിലെത്തണമെന്ന് മാത്രമാണ് ചിന്തിച്ചതെന്ന് ജ്യോതികുമാരി പറഞ്ഞു.വഴിമധ്യേ പരിചയപ്പെട്ട ഒരാൾ ഇവരുടെ യാത്രാചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ഇവരുടെ കാര്യം ലോകമറിഞ്ഞത്.






