ന്യൂദല്‍ഹി- കോവിഡിനെതിരായ മരുന്ന് കണ്ടെത്തിയാല്‍ അതിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തില്‍ ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു. ആഗോളതലത്തില്‍ 3,30,000 പേരുടെ ജീവനെടുക്കുകയും 50 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കെതിരായ മരുന്ന് കണ്ടെത്താന്‍ നിരവധി ഗവേഷകരാണ് കഠിനയത്‌നം നടത്തിവരുന്നത്.
വാക്‌സിനുകളുടേയും മരുന്നുകളുടേയും ഉല്‍പാദനവും അതിന്റെ തുല്യമായ വിതരണവും ഉറപ്പുവരുത്താന്‍ ഏകോപിത ശ്രമങ്ങള്‍ ആവശ്യമാണ്. മരുന്ന് ഉല്‍പാദനത്തില്‍ ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടാകും- വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു.
ആഗോളതലത്തില്‍ വാക്‌സനുകളും ജനറിക് മരുന്നുകളും നിര്‍മിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലാണ്. കൊറോണ വൈറസിനെതിരായ മരുന്ന് കണ്ടെത്താന്‍ ഇന്ത്യയിലും നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ശ്രമം നടത്തിവരികായാണ്. കോവിഡിനെതിരെ ചികിത്സ കണ്ടെത്തിയാല്‍ മരുന്നുകളുടെ തുല്യമായ വിതരണം ഉറപ്പാക്കണമെന്ന് 27 അംഗ യൂറോപ്യന്‍ യൂനിയനും മറ്റു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടതിനു പിന്നെലാണ് ഫ്രഞ്ച് അംബാസഡറുടെ പ്രതികരണം.
മരുന്ന് കണ്ടെത്തിയാല്‍ എല്ലാ രാജ്യങ്ങളിലും ഉടന്‍തന്നെ ലഭ്യമാക്കാന്‍ നടപടികള്‍ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.






