ഇന്ത്യന്‍ ഭടന്മാരെ ചൈന പിടികൂടിയെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു

ന്യൂദല്‍ഹി- അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭടന്മാര്‍ തടവിലാക്കിയിരുന്നുവെന്ന വാര്‍ത്തകള്‍ കരസേന നിഷേധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ തടവിലാക്കിയ സംഭവം ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് ദേശതാല്‍പര്യത്തെ ഹനിക്കുന്നതാണെന്നും കരസേന വിശദീകരിച്ചു.
ഈയാഴ്ച ആദ്യം ലഡാക്കിനുസമീപം പാങോങ് തടാകത്തിനു സമീപം ഇന്ത്യന്‍ പട്രോളിംഗ് പാര്‍ട്ടിയെ ചൈനിസ് സൈന്യം തടവിലാക്കിയെന്നായിരുന്നു വാര്‍ത്തകള്‍ . ഇരു സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു ഇത്. സൈനികര്‍ക്കുപുറമെ ഇന്‍ഡോ-തിബത്തന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) അംഗങ്ങളും പട്രോളിംഗ് നടത്താനുണ്ടായിരുന്നു.  ഇരുഭാഗത്തേയും കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്നാണ്  നിയന്ത്രണരേഖയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ അയവു വരുത്തിയത്. സംഭവികാസങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഐ.ടി.ബി.പി ജവാന്മാര്‍ പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നോ, അവരുടെ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കരസേന മറുപടി നല്‍കിയിട്ടില്ല. ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നുമാണ് വാര്‍ത്താ ഏജന്‍സികളുടെ അന്വേഷണം സൈനിക ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.

 

Latest News