Sorry, you need to enable JavaScript to visit this website.

തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വന്തം കെട്ടിടം കോവിഡ് കെയർ സെന്ററാക്കാൻ അവസരം

മലപ്പുറം- ജില്ലയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ കോവിഡ് കെയർ സെന്ററാക്കി മാറ്റാൻ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. 

താൽപര്യമുള്ളവർ തിരിച്ചെത്തുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും covid19ciap.kerala.gov.in/iqp  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എഡി.എം എൻ.എം. മെഹറലി അറിയിച്ചു. ആൾത്താമസമില്ലാത്ത വീടുകളും ഇത്തരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കോവിഡ് കെയർ സെന്ററാക്കി മാറ്റാം. കെട്ടിടങ്ങളിൽ ബാത്ത് അറ്റാച്ഡ് മുറികൾ ഉണ്ടായിരിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരല്ലാതെ മറ്റാർക്കും ഇവിടെ പ്രവേശനമുണ്ടായിരിക്കില്ല. ഇത് പൂർണമായും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കും. 

ശുചീകരണ നടപടികൾ പൂർത്തിയാക്കിയത് ആരോഗ്യ വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം അനുമതിയോടെ മാത്രമേ കെട്ടിടത്തിനകത്ത് മറ്റുള്ളവർ പ്രവേശിക്കാവൂ.
വരുന്ന ആഴ്ചകളിൽ നിരവധി പ്രവാസികൾ നാട്ടിലെത്താനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് കെയർ സെന്ററുകൾ കണ്ടെത്തുക എന്നത് ശ്രമകരമാണെന്ന കാരണത്താലാണ് മുൻകൂട്ടി ഇത്തരമൊരു സൗകര്യമൊരുക്കാൻ തീരുമാനിച്ചതെന്ന് എ.ഡി.എം അറിയിച്ചു. വിമാനത്താവളത്തിലെത്തുന്ന പ്രവാസികളുടെ യാത്രാ വിവരങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ  - 7736201213.

 

Latest News