Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

പുണ്യമാസം പടിയിറങ്ങുമ്പോൾ

വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളിലേക്ക് വിശുദ്ധിയുടെ കുളിർ കാറ്റുമായി വന്ന വിശുദ്ധ റമദാൻ ഏതാനും മണിക്കൂറുകൾ കൊണ്ട് പടിയിറങ്ങുകയാണ്. എത്ര വേഗമാണ് റമദാനിലെ പകലിരവുകൾ കടന്നുപോയത്. ജീവിത ചക്രം അങ്ങനെയാണ്. ഒന്നിനും കാത്തുനിൽക്കാതെ കറങ്ങുന്നു. ദിവസങ്ങൾ പറന്നുപോകുമ്പോൾ ഭൂമിയിലെ നമ്മുടെ കാലാവധിയിലെ വിലപ്പെട്ട ഏടുകളാണ് മറിച്ചുതീരുന്നത്.
സമയമാണ് ഏറ്റവും വലിയ നിധിയെന്നാണ് റമദാൻ നമ്മെ ബോധ്യപ്പെടുത്തിയ സുപ്രധാനമായൊരു കാര്യം. സമയ ബന്ധിതമായി വ്രതമാരംഭിച്ചും അവസാനിച്ചും അക്കാര്യമാണ് നാം അടയാളപ്പെടുത്തിയത്. ഐഹികവും പാരത്രികവുമായ വിജയത്തിന് സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാനാണ് പുണ്യമാസം വിട പറയുമ്പോൾ നമ്മെ ഓർമിപ്പിക്കുന്നത്.
മാനവരാശിയുടെ മാർഗരേഖയായും സത്യാസത്യ വിവേചകമായും പരിശുദ്ധ ഖുർആൻ ഇറങ്ങിയ മാസം എന്നതാണ് റമദാന്റെ ഏറ്റവും വലിയ സവിശേഷത. ഖുർആൻ തലമുറകളെ സംസ്‌കരിച്ച ദിവ്യ ഗ്രന്ഥമാണ്. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകി സാംസ്‌കാരിക രംഗത്തെ എല്ലാ വൃത്തികേടുകളുടെയും പര്യായമായിരുന്ന കാട്ടറബികളെ ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത ഉത്തമ പൗരന്മാരും ഭരണകർത്താക്കളുമാക്കിയത് പരിശുദ്ധ ഖുർആനായിരുന്നു.
മാനവ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കും ഉണർവിനും കാരണമായ ഖുർആൻ ലോകത്ത് ശാസ്ത്രീയ ബൗദ്ധിക വിപ്ലവങ്ങൾക്കാണ് വഴിമരുന്നൊരുക്കിയത്. ഇന്നും ലോകത്ത് ഏറ്റവും കൂടുതലാളുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പ്രാധാന്യമുള്ള ദിവ്യ ഗ്രന്ഥമാണ് ഖുർആൻ. ഖുർആനുമായി എന്ത് ബന്ധം സ്ഥാപിക്കുവാനാണ് റമദാൻ നാം പ്രയോജനപ്പെടുത്തിയത് എന്നതാണ് ഈ മാസം വിട പറയുമ്പോൾ ഏറ്റവും പ്രസക്തമായ ചോദ്യം.


റമദാൻ വിശ്വാസികൾക്കുള്ള സ്രഷ്ടാവിന്റെ പ്രത്യേക മാസമാണ്. വർഷത്തിലൊരു മാസം മനസ്സും ശരീരവും പൂർണമായും സംസ്‌കരിക്കുവാനും സംശുദ്ധമാക്കുവാനും പ്രത്യേകം തെരഞ്ഞെടുത്ത മാസം. മണ്ണും വിണ്ണും അനുഗ്രഹങ്ങളുടെ പറുദീസയാക്കുന്ന സവിശേഷമായ കാലം. ജീവിതം മുഴുവനും സ്രഷ്ടാവിന് സമർപ്പിക്കുവാൻ പ്രതിജ്ഞാബദ്ധനായ വിശ്വാസിയെ തന്റെ ഉത്തരവാദിത്തം നിർവഹിക്കുവാനും സമൂഹത്തിലെ മികച്ച പൗരനായി മാറ്റുവാനും ലക്ഷ്യം വെക്കുന്ന മാസം. ഈ ലക്ഷ്യത്തിലെത്തുവാൻ നമ്മുടെ നോമ്പുകൾ സഹായകമായിരുന്നോ എന്ന് ഓരോരുത്തരും വിലയിരുത്തുക.
നാം ജീവിക്കുന്ന ലോകത്ത് ഓരോ ജോലിക്കും പ്രത്യേക പരിശീലനങ്ങൾ നൽകാറുണ്ട്. പരിശീലനങ്ങൾക്ക് പ്രത്യേക രൂപരേഖയും ലക്ഷ്യവും നിർണയിക്കപ്പെടുന്നു. പരിശീലന പരിപാടികൾ പൂർത്തിയാക്കുന്നവർ ജോലിയിൽ പ്രകടനം മെച്ചപ്പെടുത്തുന്നതുകൊണ്ടാണ് ആധുനിക ലോകം പരിശീലനത്തിനു വമ്പിച്ച പ്രാധാന്യം കൽപിക്കുന്നത്.


റമദാൻ ആത്മീയവും ശാരീരികവും മാനസികവുമായ തീവ്രപരിശീലനമായിരുന്നു. ബാക്കിയുള്ള പതിനൊന്ന് മാസങ്ങളിൽ നമ്മുടെ ജീവിതത്തെ നേർവഴിയിൽ നയിക്കുകയും നന്മയുടെ സംസ്ഥാപനത്തിനായി സമൂഹത്തെ സജ്ജമാക്കലുമായിരുന്നു റമദാന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ റമദാനിൽ ആരാധനാകർമങ്ങളിലും മറ്റും കാണിച്ചിരുന്ന ശ്രദ്ധയും സൂക്ഷ്മതയും ബാക്കി സമയത്തും തുടരുവാൻ നമുക്ക് സാധിക്കണം. മാത്രമല്ല, ജീവിത യാത്രയിൽ റമദാന്റെ ആത്മീയ വിഭവങ്ങളുടെ സ്വാധീനവും ശക്തിയും എത്രത്തോളം നിലനിർത്തുവാനും സൂക്ഷിക്കുവാനും കഴിയുന്നു എന്നിടത്താണ് പരിശീലനത്തിന്റെ പ്രസക്തി തിരിച്ചറിയേണ്ടത്. കൂടുതൽ നല്ല മനുഷ്യരായി വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമൊക്കെ ഉപകാരപ്പെടുന്നവരായി മാറുമ്പോഴാണ് നാം റമദാന്റെ ശരിയായ ഗുണഭോക്താക്കളാകുന്നത്.
റമദാനിലെ നല്ല സ്വഭാവ ശീലങ്ങൾ തുടരുകയും സമസൃഷ്ടി ബോധവും ആർദ്രതയും നിലനിർത്തി മനുഷ്യർക്കായി ഉയർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമൂഹത്തിന്റെ ഭാഗമാവുകയെന്നതാകും റമദാൻ അടയാളപ്പെടുത്തുന്ന മറ്റൊരു സന്ദേശം.


നഭസ്സിന്റെ വിഹായസ്സിൽ ശവ്വാലിന്റെ പൊൻപിറ തെളിയുന്നതും കാത്തിരിക്കുകയാണ് ഭക്തജനങ്ങൾ. വ്രതശുദ്ധിയുടെ പരിശീലന ശിൽപശാലയിൽ ആത്മസമർപ്പണത്തിന്റെയും സമസൃഷ്ടി സ്‌നേഹത്തിന്റെയും ഉന്നത പാഠങ്ങൾ മനസ്സിലും ശരീരത്തിലും ആവാഹിച്ചാണ് വിശ്വാസി സമൂഹം പുണ്യമാസത്തോട് വിട ചൊല്ലുന്നത്. അപ്പോഴും അവരുടെ പ്രാർഥന, കർമങ്ങൾ സ്വീകരിക്കുകയും കൂടുതൽ സ്വീകാര്യങ്ങളായ കർമങ്ങളനുഷ്ഠിക്കുവാൻ അടുത്ത റമദാനെ എത്തിക്കണേ എന്നുമാണ്. 
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് വ്രതമനുഷ്ഠിച്ച വിശ്വാസികൾക്ക് കരുണാമയനായ രക്ഷിതാവിന്റെ സമ്മാനമാണ് ഈദുൽ ഫിത്വർ. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈദാഘോഷങ്ങൾക്ക് ഏറെ പരിമിതികളുണ്ടെങ്കിലും മനുഷ്യ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ഈദുൽ ഫിത്വറിന് ഏതവസരത്തിലും പ്രസക്തിയുണ്ട്. ബന്ധങ്ങളുടെ ആർദ്രതയും പാരസ്പര്യത്തിന്റെ പ്രസക്തിയും വർധിച്ചുവരുന്ന സമകാലിക ലോകത്ത് ഈദിന്റെ സന്ദേശം അടിവരയിടപ്പെടേണ്ടതാണ്.


ആരോഗ്യപരമായ കാരണങ്ങളാൽ ശാരീരിക അകലം പാലിക്കുക. കൂട്ടം ചേരുന്നതും ഒഴിവാക്കാം. മനസ്സുകളുടെ ഐക്യവും സ്‌നേഹവും വാക്കുകളിലൂടെ പ്രകടിപ്പിക്കലാണ് അഭികാമ്യം.
ഭക്തിനിർഭരമായ രാപ്പലുകളുടെ തുടർച്ചയായ ആഘോഷം സമൂഹ മനഃസാക്ഷിയെ കൂടുതൽ ഊർജസ്വലരും ക്രിയാത്മകരുമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മാനവ സമൂഹത്തിന്റെ ക്ഷേമൈശ്വര്യ പൂർണമായ നിലനിൽപും ധാർമികമായ ഉന്നതിയും സാക്ഷാൽക്കരിക്കുവാൻ വ്രതാനുഷ്ഠാനവും ഈദാഘോഷവും സഹായകമാവട്ടെ എന്ന് പ്രാർഥിക്കാം.
ഏതവസരത്തിലും ദൈവ സ്മരണ കൈവിടാതിരിക്കുക. ലക്ഷ്യബോധവും ജീവിത വീക്ഷണം കൃത്യമായി മനസ്സിലാക്കി മുന്നേറുക. ലോകസമാധാനവും ശാന്തിയും ഉദ്‌ഘോഷിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ തണലിൽ നന്മയുടെ വക്താക്കളും പ്രയോക്താക്കളുമാവാനുള്ള പ്രതിജ്ഞ പുതുക്കുതിനുള്ള അവസരമാവട്ടെ ഓരോ ഈദ് സുദിനങ്ങളും.


പുണ്യമാസം വിട പറയുമ്പോൾ വിശ്വാസികൾക്ക് നിർബന്ധമാകുന്ന ഫിത്വർ സക്കാത്തിനെക്കുറിച്ചും ഓർമപ്പെടുത്തട്ടെ. ശരീരത്തിന്റെ സക്കാത്താണിത്. പെരുന്നാൾ ദിവസത്തെ ചെലവ് കഴിച്ച് മിച്ചമുള്ള എല്ലാവർക്കും ഇത് നിർബന്ധമാണ്. നോമ്പിൽ സംഭവിച്ചേക്കാവുന്ന വീഴ്ചകൾക്കുളള പ്രായശ്ചിത്തമായും പാവപ്പെട്ടവർക്ക് ആഹാരത്തിനുള്ള വകയായും പ്രവാചകൻ നിർദേശിച്ച സക്കാത്തുൽ ഫിത്വർ കൂടി കൊടുത്തുവീട്ടുവാൻ റമദാന്റെ ഈ അവസാന മണിക്കൂറുകളിൽ നാം ശ്രദ്ധിക്കുക. 
പെരുന്നാൾ നമസ്‌കാരത്തിന് മുമ്പാണ് ഇത് നിർവഹിക്കേണ്ടത്. ഈദുഗാഹുകളും സംഘടിത പെരുന്നാൾ നമസ്‌കാരവുമൊന്നുമില്ലാത്ത ഈ വർഷം എത്രയും വേഗം ഈ ബാധ്യത നിർവഹിക്കുവാൻ ജാഗ്രത കാണിക്കുക.

Latest News