Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

കോവിഡ്: കമ്യൂണിസ്റ്റ് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ആഗോള പ്രശംസ

ആഗോള മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ദക്ഷിണേന്ത്യയിലെ കേരള സർക്കാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കഴിഞ്ഞ ആറു പതിറ്റാണ്ടുകളിൽ പലപ്പോഴായി  കേരളം ഭരിച്ചത് കമ്യൂണിസ്റ്റ് സർക്കാറാണ്. 
നിലവിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറാണ് ഇവിടെയുള്ളത്. അതിശക്തമായ ആരോഗ്യ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ക്വാറന്റൈൻ സംവിധാനം, അണുബാധ നേരത്തേ കണ്ടെത്താനുള്ള വ്യാപക ടെസ്റ്റുകൾ എന്നിവ വഴിയാണ് സർക്കാർ വിജയം കണ്ടത്. ഏപ്രിൽ മധ്യത്തിൽ രോഗബാധിതരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ നന്നേ കുറവായിരുന്നു. രോഗബാധിതരുടെ എണ്ണത്തേക്കാൾ അധികമാണ് രോഗമുക്തരുടെ എണ്ണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ തലത്തിൽ പ്രതിസന്ധിയുടെ ഗതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അവഗണിക്കാവതല്ലെങ്കിലും ഈ അനുകൂല ഘടകം പെരുപ്പിച്ച് കാണിക്കേണ്ടെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെയും നേതൃപാടവമാണ് ഈ വിജയത്തിന് പിന്നിൽ. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പേ ജനുവരി 18 ന്  കേരളം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും കോവിഡ് ജാഗ്രത തുടരുകയും യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു.


 ഫെബ്രുവരി ആദ്യത്തിൽ 24 വിദഗ്ധരുൾപ്പെട്ട പ്രത്യേക കോവിഡ് സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും തീവ്ര വലതുപക്ഷക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ കേന്ദ്ര സർക്കാർ അതിനോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. ഇതേ സമയത്ത് കേരള സർക്കാർ കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂളുകൾ അടക്കാനും ആളുകൾ കൂട്ടംകൂടാതിരിക്കാനും മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു മതവിഭാഗങ്ങളോട് പരസ്യമായ മതചടങ്ങുകളിൽ നിയന്ത്രണം കൊണ്ടുവരാനും ആവശ്യപ്പെട്ടു. ലോക്ഡൗൺ ആയതിനാൽ പ്രയാസത്തിലായ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും പാവപ്പെട്ട വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം ലഭ്യമാക്കുകയും ചെയ്തു.
കേരള സർക്കാറിന്റെ ഈ ജാഗ്രതാ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടി. മറ്റ് സംസ്ഥാനങ്ങളേക്കാൾ ഫലപ്രദവും വികസിതവുമായ ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തിനുള്ളതെന്നും അതാണ് കോവിഡിനെതിരെയുള്ള നടപടികൾ ഫലപ്രദമാകാൻ കാരണമാകുന്നതെന്നും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ യു.എ.ഇയിലെ ഗൾഫ് ന്യൂസിനോട് പറഞ്ഞിരുന്നു.

അമേരിക്കയിലെ കാലിഫോർണിയയിലേതു പോലെ 34 മില്യനിലധികം ജനങ്ങളാണ് കേരളത്തിലുള്ളത്. സർക്കാറും സാമൂഹിക സംഘടനകളും തമ്മിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വിജയം നേടാനായത്. അതോടൊപ്പം വ്യാപകമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അതിഥിത്തൊഴിലാളികളടക്കമുള്ളവർക്ക് സൗജന്യ ഭക്ഷണം, സർവീസിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ, വൈദ്യ സഹായങ്ങൾ, റേഷൻ കടകൾ വഴി സൗജന്യ ഭക്ഷണം തുടങ്ങി നിരവധി ജനോപകാര പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ശാരീരിക അകലം പാലിക്കുന്നതോടൊപ്പം സാമൂഹിക ഐക്യം ഉറപ്പാക്കുകയെന്ന മുദ്രാവാക്യമാണ് ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ ഉയർത്തിക്കാട്ടുന്നത്. 

 

 

Latest News