റിയാദ് - കൊറോണ വ്യാപനം വ്യാപാര, സാമ്പത്തിക മേഖലകളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളുടെ ഫലമായി വിദേശ തൊഴിലാളികൾ കൊഴിഞ്ഞുപോകുന്നതു മൂലം ചില ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ പത്തു ശതമാനം വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചതിനാലും എണ്ണ വിലയിടിഞ്ഞതിനാലും ഗൾഫ് രാജ്യങ്ങൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് റിപ്പോർട്ട് പറഞ്ഞു. പ്രാദേശിക തൊഴിൽ വിപണികളിൽ 13 ശതമാനം വരെ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇത് ഇടയാക്കും.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിൽ പതിനേഴു ലക്ഷവും യു.എ.ഇയിൽ ഒമ്പതു ലക്ഷവും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ദുർബല മേഖലകളിലാണ് തൊഴിൽ നഷ്ട സാധ്യത കൂടുതൽ. അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിയന്ത്രങ്ങൾ ലഘൂകരിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ടവരും അല്ലാത്തവരുമായ വിദേശികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ കുറയാൻ ഇടയാക്കും. വിദേശികളുടെ കൊഴിഞ്ഞുപോക്കു മൂലം സൗദിയിലും ഒമാനിലും നാലു ശതമാനം വീതവും യു.എ.ഇയിലും ഖത്തറിലും പത്തു ശതമാനത്തോളവും ജനസംഖ്യ കുറയുമെന്നാണ് കരുതുന്നത്.
ഇതിനകം ജോലി നഷ്ടപ്പെട്ടവരും വരും കാലത്ത് തൊഴിൽ നഷ്ടപ്പെടുന്നവരുമായ വിദേശികൾ ഗൾഫ് രാജ്യങ്ങൾ വിടുന്നത് പല പ്രധാന മേഖലകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. തൊഴിലാളികളുടെ കുറവ്, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രത്യാഘാതങ്ങൾ, വിലകളിലെ സമ്മർദം പോലെയുള്ള പ്രശ്‌നങ്ങൾ ഗൾഫ് രാജ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ ഫലമായി സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് മുൻ വർഷങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെയാണ് കൊറോണ പ്രതിസന്ധി തൊഴിൽ വിപണിയിലുണ്ടാക്കുന്ന ഭീഷണി. കൊറോണ വ്യാപനം മൂലം ആഗോള തലത്തിൽ ആവശ്യം കുത്തനെ കുറഞ്ഞത് എണ്ണ വില കൂപ്പുകുത്താനും ഇടയാക്കിയിട്ടുണ്ട്. ഇത് സൗദി അറേബ്യ അടക്കം എണ്ണ വരുമാനത്തെ മുഖ്യമായും ആശ്രയിക്കുന്ന രാജ്യങ്ങളുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്. ചെലവു ചുരുക്കൽ നടപടികൾക്കു പുറമെ പൊതുവരുമാനം ഉയർത്തുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികൾക്കും സൗദി അറേബ്യ ഇതിനകം തുടക്കമിട്ടിട്ടുണ്ട്. 2017 മുതൽ കഴിഞ്ഞ വർഷം മൂന്നാം പാദം വരെയുള്ള കാലത്ത് സൗദിയിൽ സ്വകാര്യ മേഖലയിൽ 19.8 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.






