Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ മറവിൽ ഇസ്‌ലാമോഫോബിയ പടർത്തുന്നു - സൗദി അറേബ്യ

റിയാദ് - ലോകത്ത് ചില രാജ്യങ്ങളിൽ ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിദ്വേഷവും വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. ന്യൂയോർക്കിൽ ഓർഗനൈസേഷൻ ഫോർ ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അംബാസഡർമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ  സംസാരിച്ച യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമിയാണ് കൊറോണ വ്യാപനത്തിന്റെയും മറ്റും പേരിൽ നടക്കുന്ന മുസ്‌ലിം വേട്ടകളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധി അംബാസഡർ ലാനാ സക്കി നസീബയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കൊറോണ വൈറസ് വ്യാപനം മൂലം ലോകം കടന്നുപോകുന്ന നിലവിലെ സാഹചര്യത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. മുസ്‌ലിംകൾക്കെതിരായ വിവേചനവും വംശീയതയും അവർക്കെതിരായ പീഡനങ്ങളും ചെറുക്കപ്പെടണം. യുക്തിരഹിതവും അസ്വീകാര്യവുമായ കാരണങ്ങളുടെ പേരിലാണ് മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നത്.
ചരിത്രപരമായ മക്ക ഉച്ചകോടി അംഗീകരിച്ച ചാർട്ടർ വ്യത്യസ്ത മത, സംസ്‌കാരങ്ങൾക്കിടയിൽ സംവാദം ശക്തമാക്കാൻ ആവശ്യപ്പെടുകയും ഇസ്‌ലാമിന്റെ സഹിഷ്ണുത എടുത്തുകാട്ടുകയും ചെയ്യുന്നു. ലോകത്ത് മുസ്‌ലിംകളുടെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശാനും ഇസ്‌ലാമോഫോബിയ പ്രവണത വർധിച്ചുവരുന്നതിനെ ചെറുക്കാനും പീഡനങ്ങൾക്കിരയാകകുന്നവരുടെ ദുരിതങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുമായി മുസ്‌ലിം രാജ്യങ്ങൾ മുന്നോട്ടുപോകണമെന്ന് ചാർട്ടർ ആവശ്യപ്പെടുന്നു. വ്യത്യസ്ത മതങ്ങളുടെ അനുയായികൾക്കിടയിൽ സംവാദ സംസ്‌കാരം ശക്തമാക്കുകയും എല്ലാവിധത്തിലുള്ള അക്രമങ്ങളും നിരാകരിക്കുകയും ചെയ്യണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. ചില രാജ്യങ്ങളിൽ മുസ്‌ലിംകൾക്കെതിരെ അരങ്ങേറുന്ന വിവേചനങ്ങളും വംശീയതയും നിരാകരിക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ നിലപാടിനെയും ഈ ലക്ഷ്യത്തോടെ ഒ.ഐ.സി ചട്ടക്കൂടിൽ നടത്തുന്ന ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നു. വിവേചനങ്ങൾക്കും വംശീയതക്കും ഇരകളാകുന്ന മുസ്‌ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുസ്‌ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.

 

Latest News