ന്യൂദൽഹി- കോവിഡ് വ്യാപനത്തിന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അമിതാഭ് കാന്ത്. ലോക് ഡൗൺ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചുവെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്തതിൽ പരാജയം സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കൂടി ചുമതലയായിരുന്നു. അവരുടെ പ്രശ്‌നം കുറച്ചുകൂടി മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടെ സഹായത്താൽ മികച്ച രീതിയിൽ ഇത് ചെയ്യാമായിരുന്നു'. അദ്ദേഹം കൂട്ടിച്ചേർത്തു.