Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതൽ; യാത്രക്കാർ പാലിക്കേണ്ട നടപടി ക്രമങ്ങൾ ഇവയാണ്‌

കൊച്ചി വിമാനത്താവളത്തിൽ പുറപ്പെടൽ ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള തെർമൽ സ്‌കാനറും യാത്രാരേഖാ തിരിച്ചറിയൽ സംവിധാനവും.

ആഴ്ചയിൽ 113 സർവീസുകൾ

 

നെടുമ്പാശ്ശേരി- കോവിഡ്-19 ഭീതി മൂലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിൽ ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുടക്കത്തിൽ ആഴ്ചയിൽ 113 സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് എത്തുന്നവർക്കും ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും സുരക്ഷിത യാത്ര നടത്തുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്ര സ്വീകരിക്കുവാനും അവരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് ഒരുങ്ങിയത്. കോവിഡ്-19 ഭീതി പടരുന്നതിന് മുൻപ് ഉണ്ടായിരുന്ന സർവീസുകളിൽ മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രതിവാരം 113 സർവീസുകൾ ഉണ്ടാകും. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകൾ നടത്താൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തയാറായിട്ടുണ്ട്. 


 മെയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബംഗളൂരു, കോഴിക്കോട്, ചെന്നൈ, ദൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, പൂനെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും സർവീസുണ്ടാകും. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു വേണം യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടത്. എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ എയർലൈനുകളാണ് ഒരിടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന സമയത്ത് സർവീസുകൾ നടത്തുന്നത്. 


യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പുതന്നെ യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാം. രണ്ടു മണിക്കൂറിന് മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. ആഭ്യന്തര യാത്രക്കാർക്കു വേണ്ടിയുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് വിമാനക്കമ്പനികൾ ഓൺലൈനിൽ തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുന്നവർ അതത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിനു വേണ്ടി പാസ് ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കണം. കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റൈൻ, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കണം.

ആഭ്യന്തര യാത്രക്കായി എത്തുന്ന വിമാന യാത്രക്കാർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളത്തിൽ എത്തുന്നവർ താഴെ പറയുന്ന ക്രമം അനുസരിച്ച് പ്രവർത്തിക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ വെബ് ചെക് ഇൻ ചെയ്തിരിക്കണം. മാസ്‌ക് ധരിച്ചു വേണം ടെർമിനലിൽ എത്താൻ. ബോർഡിങ് ഗേറ്റിന് തൊട്ടു മുമ്പ് ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ പായ്ക്കറ്റുകൾ എന്നിവയടങ്ങിയ കിറ്റ് എയർലൈനുകൾ നൽകും. ഇവ, യാത്രയിൽ ഉപയോഗിക്കണം. ഒരു ഹാൻഡ് ബാഗേജ്, ചെക്ക് ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമേ അനുവദിച്ചിട്ടുള്ളൂ. വാഹനങ്ങളിൽ നിന്ന് ഇറങ്ങി ടെർമിനലിന്റെ പുറപ്പെടൽ ഭാഗത്ത് എത്തുന്നതു വരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. വരിയിൽ നിൽക്കുമ്പോൾ തറയിലെ അടയാളങ്ങളിൽ മാത്രം നിൽക്കേണ്ടതാണ്. ടെർമിനലിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ചുവരിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ കിറ്റിലുള്ള സാധനങ്ങൾ അണിഞ്ഞു വേണം വിമാനത്തിലിരിക്കാൻ.

വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച്, ട്രോളികൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ടെർമിനലിന് പുറേത്തക്ക് ഇറങ്ങുമ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്വാറന്റൈൻ/ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. യാത്രക്കാർക്കായി പ്രീ പെയ്ഡ് ടാക്‌സി സൗകര്യം ലഭ്യമാണ്. 

 

 

Latest News