കര്‍ഫ്യൂ- ബഖാലയില്‍ പോകാനും തവക്കല്‍നാ ആപ് വഴി പെര്‍മിറ്റെടുക്കണം

റിയാദ് - ഇന്ന് മുതല്‍ ബുധനാഴ്ച വരെയുള്ള കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വേണമെന്ന് പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഇന്ന് മുതല്‍ പുതിയ പാസുകളാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യമേഖലക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചതിനാല്‍ സൂപര്‍മാര്‍ക്കറ്റുകളുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ തുറക്കുകയുള്ളൂ.
ഇപ്പോള്‍ കൈവശമുള്ള പാസുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോയി അപ്‌ഡേറ്റ് ചെയ്യണമെന്ന് നഗരഗ്രാമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പാസുകള്‍ ലഭിക്കുന്നത് വരെ പഴയത് ഉപയോഗിക്കുകയുമാവാം. സൗദി ഡാറ്റ അതോറിറ്റി പുറത്തിറക്കിയ തവക്കല്‍നാ ആപ് വഴി ലിങ്ക് ചെയ്യുന്നതിനാണിത്. നേരത്തെ ജോലി ചെയ്യുന്ന സ്ഥാപനത്തിലില്ലാത്തവര്‍ക്കും പാസ് ലഭിക്കുന്ന രീതിയിലായിരുന്നു മന്ത്രാലയത്തിന്റെ 'ബലദീ' പോര്‍ട്ടല്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ പുതിയ നവീകരണത്തില്‍ അതിന് നിയന്ത്രണം വരുത്തിയിട്ടുണ്ട്. പുതിയ രീതിയില്‍ പാസുകള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഓരോ സ്ഥാപനത്തിന്റെയും ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങളും അപ് ലോഡ് ചെയ്യണം. എന്നാല്‍ മാത്രമേ പുതിയ പാസ് ലഭിക്കുകയുള്ളൂ.

വാർത്തകൾ തൽസമയം  വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

താമസിക്കുന്ന ഏരിയയിലെ ബഖാലയിലും സൂപര്‍മാര്‍ക്കറ്റിലും ആശുപത്രിയിലും പോകുന്നതിനും ഇതേ ആപ് തന്നെയാണ് ഉപയോഗിക്കേണ്ടത്. ഒരാള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂറും ആഴ്ചയില്‍ നാലു മണിക്കൂറും പുറത്തിറങ്ങാനുള്ള അനുമതി ഈ ആപ് വഴി ലഭിക്കും. ബഖാലയിലേക്കും മറ്റും പോകുന്നതിന് മുമ്പ് ആപ് തുറന്ന് സപ്ലൈസ് എന്ന ഐകന്‍ ക്ലിക്ക് ചെയ്താണ് പെര്‍മിറ്റെടുക്കേണ്ടത്. ഡ്രൈവിംഗ് വിസയിലുള്ളവര്‍ക്ക് താത്കാലിക ഡ്രൈവിംഗിനുള്ള അനുമതി ലഭിക്കും. വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ലെങ്കിലും അതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പാസ് വേണം.
പ്ലേ സ്റ്റോറില്‍ നിന്ന് തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ ലൊക്കേഷന്‍ അതില്‍ രജിസ്റ്റര്‍ ചെയ്യണം. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സന്ദര്‍ശക വിസക്കാര്‍ക്ക് ഈ ആപ്പില്‍ പ്രവേശിക്കാനാകില്ല. വഴിയില്‍ പോലീസ് തടഞ്ഞാല്‍ ഈ ആപ് തുറന്ന് പാസും ലൊക്കേഷനും കാണിച്ചുകൊടുക്കാം. പോലീസിന്റെ മൊബൈലിലുള്ള മൈദാന്‍ ആപ് വഴി ഇത് റീഡ് ചെയ്യാന്‍ സാധിക്കും. ഇല്ലെങ്കില്‍ പതിനായിരം റിയാല്‍ മുതല്‍ പിഴ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത താമസ ഏരിയയിലെ ബഖാലകളിലേക്കും ഫാര്‍മസികളിലും ആശുപത്രികളിലേക്കും മാത്രമേ ഇതുവഴി പാസ് ലഭിക്കുകയുള്ളൂ. എന്നാല്‍ മറ്റു ഏരിയകളിലേക്കോ പ്രവിശ്യകളിലേക്കോ പോകുന്നതിന് പൊതുസുരക്ഷ വകുപ്പിന്റെ തനാഖുല്‍ വഴിയും ദൂരത്തുള്ള ആശുപത്രികളിലേക്ക് പോകുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അസ്ഇഫ്‌നീ ആപ് വഴിയും പെര്‍മിറ്റ് എടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Latest News