പ്രതിരോധ ബജറ്റ് കുത്തനെ കൂട്ടി ചൈന

ബീജിംഗ്- ചൈനീസ് ഗവണ്‍മെന്റ് ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ് 17,900 കോടി ഡോളറായി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷം ഇത് 17760 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണിത്. അതേസമയം സമീപ വര്‍ഷങ്ങളില്‍ ചൈനയുടെ പ്രതിരോധ ബജറ്റിലെ ഏറ്റവും ചെറിയ വര്‍ധനയാണിത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ചൈനീസ് പ്രതിരോധ ബജറ്റിലെ വര്‍ധന ബില്യണ്‍ കണക്കില്‍ ഒറ്റ അക്കത്തില്‍ ചുരുങ്ങുന്നത്. കോവിഡ് പ്രതിസന്ധി ചൈനയുടെ സാമ്പത്തിക മേഖലയില്‍ പ്രതികൂലമായി ബാധിച്ചതാണ് ഇതിനുള്ള കാരണമെന്ന് ചൈനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം രാജ്യത്തെ പ്രതിരോധ ബജറ്റ് വളര്‍ച്ചാ നിരക്ക് 6.6 ശതമാനം കുറക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സഭയില്‍ സമര്‍പ്പിച്ച കരട് ബജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ 2.7 മടങ്ങ് കൂടുതലാണ് ചൈനയുടേത്. 66.9 ബില്യണ്‍ ഡോളറാണ് (4,71,378 കോടി രൂപ) ഈ വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായ അമേരിക്കയുടെ പ്രതിരോധ ചെലവിന്റെ നാലിലൊന്ന് മാത്രമാണ് ചൈനയുടെ മൊത്തം പ്രതിരോധ ചെലവെന്നും ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയുടെ പ്രതിരോധ ചെലവില്‍ സുതാര്യതയില്ലെന്ന വിമര്‍ശത്തിനെതിരേ കഴിഞ്ഞ ദിവസം എന്‍.പി.സി വക്താവ് സാങ് യെസ്യൂ രംഗത്തെത്തിയിരുന്നു. പ്രതിരോധ മേഖലയിലെ വികസനം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് രാജ്യത്തിന്റെ പ്രതിരോധ ചെലവെന്നും രഹസ്യമായ യാതൊരു സൈനിക ചെലവും ചൈനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News