തായിഫ് - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന് വിദേശ ഡോക്ടറെ തായിഫ് ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന അറബ് വംശജനായ ഡോക്ടറുടെ കരാറാണ് അവസാനിപ്പിച്ചത്. കൊറോണ വൈറസ് ബാധിച്ച ഡോക്ടർ മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് മറ്റുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തിയതാണ് കാരണം.
കൊറോണ ബാധിതരുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതുമായും മറ്റുള്ളവരുമായുള്ള സമ്പർക്കം വിലക്കുന്നതുമായും ബന്ധപ്പെട്ട രാജകൽപനകളും ആരോഗ്യ മന്ത്രിയുടെ തീരുമാനങ്ങളും ഡോക്ടർ ലംഘിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് വക്താവ് അബ്ദുൽ ഹാദി അൽറബീഇ പറഞ്ഞു. പ്രതിരോധ, മുൻകരുതലുകൾ പാലിക്കുമെന്ന് ഡോക്ടർ നേരത്തേ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് ഡോക്ടർ ലംഘിച്ചു. തായിഫ് ആരോഗ്യ വകുപ്പ് മേധാവി സഈദ് അൽഖഹ്താനിയുടെ നിർദേശാനുസരണം അന്വേഷണം നടത്തിയ കമ്മിറ്റി ഡോക്ടർ വേറെയും നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി.
ഡോക്ടർ പ്രൊഫഷന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധ നടപടികളാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായത്. തുടർന്ന് ഡോക്ടറുമായി ഒപ്പുവെച്ച തൊഴിൽ കരാർ അവസാനിപ്പിക്കാനും നിയമ ലംഘനങ്ങളിൽ മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്യുകയായിരുന്നെന്ന് വക്താവ് പറഞ്ഞു.