Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

ചോര കിനിയുന്ന ചുവടുകൾ

പോലീസിന്റെ ബാരിക്കേഡുകളും കനത്ത സൂര്യതാപവും കുറുകെയൊഴുകുന്ന നദികളും ഭേദിച്ച് സ്വന്തം ഗ്രാമങ്ങൾ തേടി ആയിരങ്ങൾ ചോരയൊലിക്കുന്ന പാദങ്ങളുമായി നടന്നു നീങ്ങുന്ന കാഴ്ച വലിയൊരു സാമൂഹിക ദുരന്തത്തിന്റെ നേർച്ചിത്രമാണ്. തീവണ്ടിപ്പാളങ്ങളിൽ ചിതറിയും തളർന്നു വീണ് മരിച്ചും ഹിന്ദി ഹൃദയഭൂമിയുടെ മക്കൾ നടത്തുന്ന ദീനവിലാപം അവർ അധികാരത്തിലേറ്റിയ ഒരു സർക്കാറിൽ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ലെന്നത് അതിവിചിത്രമാണ്. 


ലക്ഷങ്ങളും കോടികളും നാവിൽനിന്ന് തുരുതുരാ പറന്നുവീഴുന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശത്തോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ചോരയൊലിക്കുന്ന കാൽപാദങ്ങളുമായി ഒരു കൂട്ടമാളുകൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ചുവടുകൾ വെക്കുകയായിരുന്നു. നടത്തം ഒരു ശീലമായതുകൊണ്ടോ, സംസ്‌കാരമായതുകൊണ്ടോ അല്ല, തൊഴിലില്ലാതെ പട്ടിണിയിലായ അവരുടെ കീശകളിൽ കാശില്ലാത്തതുകൊണ്ടും നീണ്ടുകിടക്കുന്ന വഴികളിലൂടെ ഒരു വാഹനം അവരെത്തേടി വരാത്തതുകൊണ്ടുമായിരുന്നു അത്. മണിക്കൂറുകളും ദിവസങ്ങളും ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യൻ വെയിലിൽ, വിണ്ടുകീറിയ പാദങ്ങളുമായി വേദനിച്ച് അവർ നടക്കുമ്പോൾ മരണ സന്ദേശവുമായെത്തിയ മഹാമാരിയെ ചെറുക്കാനെന്ന പേരിൽ നാം പ്രഹസന നാടകങ്ങൾ കളിക്കുകയായിരുന്നു.


കൊറോണ വൈറസിന്റെ യഥാർഥ ഇരകൾ മുഖമില്ലാത്ത ഈ ജനങ്ങളല്ലാതെ മറ്റാരാണ്? മാധ്യമ പ്രവർത്തകനായ ശേഖർ ഗുപ്ത അവരെ കോളറില്ലാത്തവർ എന്ന് വിളിക്കുന്നു. അവർക്ക് വെള്ളക്കോളറോ നീലക്കോളറോ ഇല്ല. കാരണം അവർ ജോലി ചെയ്യുമ്പോൾ ഷർട്ട് ധരിക്കാറില്ല. നടന്നു ക്ഷീണിച്ച് മയങ്ങുന്ന ആ ദരിദ്ര തൊഴിലാളികൾ തീവണ്ടിപ്പാളങ്ങളിൽ ചിതറിത്തെറിച്ചും റോഡുവക്കിൽ കുഴഞ്ഞുവീണും വാഹനങ്ങൾ കയറി ചതഞ്ഞരഞ്ഞും മരിച്ചുതീരുന്നു. അവരുടെ കുഞ്ഞുങ്ങൾ, ദയാരഹിതമായ ലോകത്തെ ദൈന്യമൂറുന്ന കണ്ണുകളുമായി നോക്കുന്നു. കണ്ണീർത്തുള്ളികളല്ല, ദയനീയതയാണ് ആ കണ്ണുകളിൽ പൊടിച്ചുനിൽക്കുന്നത്. പൊടിപുരണ്ട മുഖവും അഴുക്കുപുരണ്ട വസ്ത്രങ്ങളും ഒട്ടിയ വയറുകളും. ഒരു മഹാപലായനത്തിന്റെ എല്ലാ അടയാളങ്ങളും പേറുന്ന സാമൂഹിക ദുരന്തം.


മുംബൈ മഹാനഗരത്തിൽനിന്ന് ഉത്തർപ്രദേശിലെ സന്ത്കബീർ നഗറിലെ സ്വന്തം വീട്ടിലേക്കുള്ള 1600 കി.മീ നടന്നും ട്രക്കിലുമായി പിന്നിട്ട് 68 കാരനായ റാംകൃപാൽ വീട്ടിന് ഒരു വിളിപ്പാടകലെ മരിച്ചുവീണ സംഭവം ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ അയാൾക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തി. നമ്മുടെ ദേശീയ പാതകളിലെ ദീർഘ പാതകളിൽ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബിഹാറിലും രാജസ്ഥാനിലുമൊക്കെയുള്ള സ്വന്തം ജന്മഗ്രാമങ്ങളിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ആശ്വാസത്തണലിലേക്ക് പലായനം ചെയ്യുന്ന ആയിരങ്ങളുടെ പ്രതിനിധി മാത്രമാണ് രാം കൃപാൽ. അവിടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ കാത്തിരിക്കുന്നതുകൊണ്ടല്ല, സ്വന്തം ഗ്രാമത്തിൽ കിടന്നു മരിക്കാമല്ലോ എന്നോർത്താണ് തങ്ങൾ പോകുന്നതെന്ന് അവരെ പിന്തുടർന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ബർക്കാദത്തിനോട് ഒരു തൊഴിലാളി പറയുന്നു. തങ്ങളുടെ ജീവിതം നരകസമാനമാക്കിയ ഈ നഗരത്തിലേക്ക് ഇനി വരില്ലെന്നും അവർ ആണയിടുന്നു. പക്ഷേ എവിടെപ്പോകാൻ? നഗരം ചലിച്ചുതുടങ്ങുമ്പോൾ, ജീവിതം വീണ്ടും ഓടിത്തുടങ്ങുമ്പോൾ, ട്രക്കുകളുടെ പിന്നിൽ തൂങ്ങി അല്ലെങ്കിൽ തീവണ്ടികളിൽ ഇടിച്ചുകയറി അവർ ഇവിടേക്ക് തന്നെ തിരിച്ചെത്തും, തങ്ങളുടെ വിധിയുമായി വീണ്ടും കൂടിക്കാണാൻ. 


ഈ നടത്തം അവരുടെ ശീലം കൊണ്ടാണെന്നും അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹൃദയശൂന്യമായി ചിലർ പറയുന്നു. ഈ നടത്തം കണ്ടിട്ട്, മോഡിയെയും കേന്ദ്ര സർക്കാരിനെയും കുറ്റം പറയുന്നവരെയാണ് അവർ ബോധവൽക്കരിക്കുന്നത്. വാഹനങ്ങൾ ഉണ്ടായാലും അവർ നടക്കുകയേ ഉള്ളുവെന്നും അതവരുടെ ശീലമാണെന്നുമാണ് ഇത്തരക്കാർ തട്ടിവിടുന്നത്. ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധി നടന്നത് വണ്ടി കിട്ടാഞ്ഞിട്ടാണോ എന്ന് കൂടി അവർ ചോദിക്കുമ്പോൾ വൃത്തം പൂർണമാകുന്നു. രാജ്യം സാക്ഷിയാകുന്ന വലിയൊരു ദുരന്തത്തെപ്പോലും എത്ര ജുഗുപ്‌സാവഹമായാണ് ലളിതവൽക്കരിക്കുന്നതെന്ന് നോക്കൂ. ഇവരാണ് നമ്മെ ഭരിക്കുന്നവർക്ക് ആശയാടിത്തറ ഒരുക്കുന്നവർ. ഇവരാണ് സർക്കാറിന്റെ വഴികാട്ടികൾ. എത്ര ദാരുണമായിരിക്കും ആ ഭരണത്തിൻ കീഴിൽ ജനങ്ങളുടെ അവസ്ഥ.
ഉപയോഗശൂന്യമായ സൈക്കിൾ ചക്രങ്ങളും കമ്പിക്കഷ്ണങ്ങളും തടിപ്പെട്ടിയും കൊണ്ട് സ്വന്തമായുണ്ടാക്കിയ റോൾസ് റോയ്‌സുകളിൽ സാധനങ്ങൾ അടുക്കിവെച്ച്, കുഞ്ഞുങ്ങളെ ഇരുത്തി വലിച്ചുകൊണ്ടാണ് അവരിൽ പലരും നടക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിൽ, നേതാക്കന്മാരുടെ മൂക്കിന് താഴെയാണിത് സംഭവിക്കുന്നതെന്നോർക്കണം. ഒന്നെത്തിനോക്കിയാൽ അവർക്ക് അത് കാണാം. പക്ഷേ കണ്ണുകൾ തുറന്നിരുന്നിട്ടും അവർ ഒന്നും കാണുന്നില്ല, രാജ്യത്തെ മാധ്യമങ്ങൾ വിളിച്ചുപറയുന്നതൊന്നും കേൾക്കുകയും ചെയ്യുന്നില്ല. പ്രധാനമന്ത്രി നടത്തിയ മൂന്നു പ്രസംഗങ്ങളിലും ഈ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരക്ഷരം പരാമർശിച്ചില്ല. വലിയ വലിയ കണക്കുകളാണ് എപ്പോഴും അദ്ദേഹം പറയുന്നത്. വലിയ പ്രതിസന്ധിയെ നേരിടാൻ നാം ത്യാഗം സഹിക്കണമെന്ന് ഓർമിപ്പിക്കുന്നു. ത്യാഗം ഒരു വർഗത്തിന് മാത്രം സംവരണം ചെയ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.


ശേഖർ ഗുപ്ത പറയുന്നു: പലായനം ചെയ്യുന്ന ലക്ഷങ്ങൾ യാചകരല്ല. ഇന്നത്തെ സാഹചര്യത്തിൽ സ്വയംബോധത്തിനും ആത്മാഭിമാനത്തിനും ക്രൂരമായി ക്ഷതമേൽപിക്കപ്പെട്ട പുതുതലമുറ ഇന്ത്യയിലെ തീവ്രമായ ഉൽക്കർഷേഛയുള്ള തൊഴിലാളി വർഗമാണവർ, അവരാണ് കുതിച്ചുചാടുന്ന നമ്മുടെ സമ്പദ്ഘടന നിർമിക്കുന്നത്. അവരാണ് മിച്ചമൂല്യങ്ങൾ ഉൽപാദിപ്പിക്കുന്നത്. ഏതൊരു രാജ്യത്തിലെയും സമൂഹത്തിലെയും ജനങ്ങളുടെ സ്വപ്‌നം, എന്റെ മക്കൾക്ക് എന്നേക്കാൾ മികച്ച ജീവിതം ഉണ്ടാകണം എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിനാണ് അവർ ശ്രമിക്കുന്നത്. അത് നാം എപ്പോഴാണ് തിരിച്ചറിയുന്നത്?


നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ രണ്ടു തവണ അധികാരത്തിലെത്തിച്ച, ഹിന്ദി ഹൃദയഭൂമിയുടെ മക്കളാണവർ. എന്നിട്ടും എന്തുകൊണ്ടാണ് അധികാര കേന്ദ്രങ്ങൾക്ക് വേദനയുണ്ടാകാത്തത് എന്നത് നടുക്കുന്ന ചോദ്യമായി നിലകൊള്ളുന്നു. കള്ളങ്ങൾ മാത്രമാണോ ഇവർ പറയുന്നത്. അധികാരത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ഇവരുടെ കാഴ്ചപ്പാട് എന്താണ്. ഇന്ദ്രപ്രസ്ഥത്തിലെ നിരത്തുകളിൽ ഇറ്റുവീഴുന്ന ചോരത്തുള്ളികൾ അവരുടെ മനസ്സുകളിൽ ചെറിയൊരു ചലനം പോലും സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണ്? യാഥാർഥ്യങ്ങൾ തിരിച്ചറിയാനുളള സമയമാണിത്.


പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ ഇപ്പോഴും ഒരിടിവും ഉണ്ടായിട്ടില്ലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇത്രയും ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ മറ്റേതൊരു രാഷ്ട്രീയ നേതാവും ഒന്നു പതറിപ്പോകും. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വേവലാതിപ്പെടും. എന്നാൽ മോഡി അങ്ങനെയൊന്നും ചിന്തിക്കുന്നേയില്ല. എന്താണ് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യുകയാണ്. എന്തുകൊണ്ടാണ് ഈ ദാരുണാവസ്ഥക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ വിലയും പ്രധാനമന്ത്രിക്ക് ഒടുക്കേണ്ടിവരാത്തത്. ആത്മനിർഭർ ഭാരതിനെക്കുറിച്ച തന്റെ നീണ്ട പ്രസംഗത്തിൽ ഒരിടത്തുപോലും ഈ കുടിയേറ്റ തൊഴിലാളിയെ അദ്ദേഹം ഓർക്കാതിരുന്നത് എന്തുകൊണ്ടാണ്. എന്നിട്ടും ആ തൊഴിലാളികളുടെ മനസ്സിൽ അദ്ദേഹത്തോട് ദേഷ്യം ഇല്ലാത്തതിന് കാരണമെന്ത്? ഇന്ത്യൻ രാഷ്ട്രീയം എത്തിച്ചേർന്നിരിക്കുന്ന ഈ നവീനാവസ്ഥ, അതിവിചിത്രമായ സാമൂഹിക പഠനങ്ങൾക്ക് അടിസ്ഥാനമിടും. 


ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ, മോഡി രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ, മിശിഹ എന്ന പദവിയിലേക്ക് ഉയർന്നിരിക്കുന്നു എന്നതാണ് ഈ നിസ്സംഗതക്ക് കാരണം. അദ്ദേഹം ഒരു സാധാരണ രാഷ്ട്രീയക്കാരനായിരുന്നെങ്കിൽ, ഈയവസ്ഥയിൽ വിമർശന ശരങ്ങളേൽക്കേണ്ടിവന്നേനേ. എന്നാൽ രാഷ്ട്രീയത്തിനപ്പുറത്ത് ഒരു ആത്മീയ നായകനായി, രക്ഷകനായി, സന്ന്യാസിയായി, കൾട്ടായി തന്നെ പ്രതിഷ്ഠിക്കുന്നതിൽ മോഡി ഏറെക്കുറെ വിജയിച്ചുവെന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നതെന്ന് അവർ പറയുന്നു. 
അദ്ദേഹം പ്രസംഗിക്കുമ്പോൾ രാഷ്ട്രീയ പദാവലികളേക്കാൾ ആത്മീയ പദാവലികളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയെ രാഷ്ട്രീയമായി മാത്രമല്ല, ആത്മീയമായും ധാർമികമായും സാമൂഹികമായും നയിക്കാൻ ജനിച്ച കർമയോഗിയായി അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. അതിനാൽ തന്നെ നിത്യജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ കാണുകയോ അതിന് പരിഹാരം കാണുകയോ ചെയ്യാനുള്ള ചുമതല തന്നിൽ നിക്ഷിപ്തമല്ല എന്നൊരു തോന്നൽ വിദ്യാരഹിതരായ ഉത്തരേന്ത്യൻ ഗ്രാമീണരിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ടത്രേ. ഭരണപരമായ പരാജയത്തിന്റെ ഭാണ്ഡം ചുമക്കാൻ അദ്ദേഹം പലരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർമല സീതാരാമൻ മുതൽ തുടങ്ങുന്നു ആ പട്ടിക. ലക്ഷക്കണക്കിന് കോടികളുടെ സാമ്പത്തിക പാക്കേജ് പോലും നിർമലയുടെ ചുമലിലാണ് അദ്ദേഹം വെച്ചിട്ടുള്ളത്. സർക്കാറിന്റെ എല്ലാ വീഴ്ചകളിൽനിന്നും ഇതിലൂടെ അദ്ദേഹം പ്രതിരോധം നേടുന്നു.


23 ദിവസം കൊണ്ട് 240 മൈൽ നടന്ന ദണ്ഡിയാത്ര അവസാനിക്കുമ്പോൾ ഗാന്ധി പറഞ്ഞു, ഈ ജനകീയ പ്രതിരോധത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതെ തുടരുമെന്ന് വിശ്വസിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന്. അങ്ങനെ രാജ്യം മുഴുവൻ തെരുവുകളിൽ ഇളകി മറിഞ്ഞു. എൺപതിനായിരം പേർ അറസ്റ്റിലായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അതേൽപിച്ച അസ്വാസ്ഥ്യം വളരെ വലുതായിരുന്നു. ചൈനയിലും നാം ജനകീയ നടത്തത്തിന്റെ ശക്തി കണ്ടു. ദുർഘട പാതകളിലൂടെയുള്ള 9000 കിലോമീറ്റർ താണ്ടി, അധികാരത്തിലേക്ക് മാവോസേ തുങ്ങ് നടന്നെത്തിയ ലോങ്മാർച്ച് ചരിത്രത്താളുകളിലുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി രണ്ട് വർഷത്തിന് ശേഷം ടിയാനൻമെൻ ചത്വരത്തിൽ മാവോ ചൈനീസ് റിപ്പബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചു. 


പോലീസിന്റെ ബാരിക്കേഡുകളും കനത്ത സൂര്യതാപവും കുറുകെയൊഴുകുന്ന നദികളും ഭേദിച്ച് സ്വന്തം ഗ്രാമങ്ങൾ തേടി ആയിരങ്ങൾ നടത്തുന്ന ഈ മാർച്ച് പുതിയൊരു ചരിത്രം തീർക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. അവരുടെ നടത്തം മഹത്തായ ലക്ഷ്യങ്ങളൊന്നും മുൻനിർത്തിയല്ല. നഗരപ്പകിട്ടിൽ, ചതിപ്രയോഗങ്ങളിൽ കുടുങ്ങിപ്പോയ പാവം തൊഴിലാളിയുടെ അതിജീവനം മാത്രമായിരുന്നു അത്. എന്നാൽ ഒട്ടിയ വയറ്റിൽ കാളുന്നത് വിശപ്പ് മാത്രമല്ല, ആത്മാഭിമാനത്തിന്റെ അഗ്നി കൂടിയാണെന്നു ചക്രവർത്തിമാർ തിരിച്ചറിയുന്ന കാലം വരിക തന്നെ ചെയ്യും.

Latest News