കൊല്ലം- പട്ടിയെ വിട്ട് കടിപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, പാമ്പിനെ വിട്ട് കടിപ്പിക്കുന്ന അപൂര്‍വ സംഭവമാണ് കൊല്ലം ഏറത്ത് അരങ്ങേറിയതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ ക്രിമിനല്‍ ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായിരിക്കും അത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുന്ന സംഭവം.
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഉത്രയുടെ വീട്ടിലെ എ.സി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണു സംശയം. ഇക്കാര്യം മൊഴിയെടുക്കാനെത്തിയ ക്രൈംബ്രാഞ്ചിനോട് ബന്ധുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.
അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പാമ്പ് കടിയേറ്റതും ആസൂത്രിതമായിരുന്നുവെന്നും സംശയിക്കുന്നു.






