Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

നവമാധ്യമങ്ങൾ സചേതനമാക്കിയ റമദാൻ കാലം 

കോവിഡ്19 നൊപ്പം കൊഴിഞ്ഞു തീരുന്ന റമദാൻ വിശ്വാസികൾക്ക് നൽകിയ പാഠങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ആരാധനാലയങ്ങൾ അടഞ്ഞു കിടന്ന റമദാൻ  അവർക്ക് ഉള്ളുരുക്കുന്ന വേദനയായിരുന്നു. റമദാൻ അവസാന പത്തിലേക്കടുക്കുമ്പോൾ പള്ളികളിലെ പ്രഭാഷണങ്ങളിൽ റമദാന് വിട ചൊല്ലുന്ന ഇമാമുമാർക്കൊപ്പം കണ്ണീരണിയാത്ത വിശ്വാസികളില്ല. ഇനിയിങ്ങനെ ഒരു നോമ്പുതുറയും ഒത്തുചേരലും വന്നെത്താൻ പതിനൊന്ന് മാസം തികയണമല്ലോ എന്ന് അവർ ഒറ്റക്കും കൂട്ടായും എത്രയോ റമദാനിൽ വേദനിച്ചു. 
പള്ളികളുമായി വിശ്വാസി സമൂഹത്തിന്റെ ബന്ധം അത്ര കണ്ട് ആഴത്തിലുള്ളതാണ്. പള്ളിയുമായി ചേർന്നു നിന്ന് സാമൂഹ്യ ജീവിതം നയിക്കുന്നവരാണ് ഇസ്‌ലാമിക സമൂഹം. റമദാൻ ഓർമകൾ പല മനുഷ്യരുടെയും മനസ്സിൽ പലവിധമായിരിക്കും. അവയധികവും പള്ളിയും പരിസരങ്ങളുമായി ബന്ധപ്പെട്ടതുമാവും. അതാണ് നിനച്ചിരിക്കാതെ ഇല്ലാതായിപ്പോയത്. ഹൃദയം നുറുങ്ങുന്ന ഈ അവസ്ഥയിലും ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക സമൂഹത്തിനൊപ്പം മലയാളികളും കാലത്തിന് ചേരും വിധം നവമാർഗത്തിൽ റമദാന് ജീവൻ നൽകി. 


ചെറിയ പള്ളികളിൽ മതപഠന ക്ലാസുകളിലെ വിദ്യാർഥികൾ നടത്തിയ ഉറുദി (മത പ്രസംഗം) കേട്ട് ബാല്യവും കൗമാരവും പിന്നിട്ടവരാണ് കേരളത്തിന്റെ പഴയ തലമുറ. അവിടെനിന്നൊക്കെ മുന്നോട്ട് നടന്ന സമൂഹം മെല്ലെ, മെല്ലെ നവ മാധ്യമങ്ങളും പ്രബോധന പ്രഭാഷണങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയിട്ടിപ്പോൾ വർഷങ്ങളെത്രയോ ആയി. നാട്ടിലെ ശ്രദ്ധേയരായ മത പ്രഭാഷകർ, വിവിധ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. റമദാൻ പ്രഭാഷണങ്ങൾ പള്ളിയകങ്ങളിൽ നിന്നും പൊതുവേദികളിൽനിന്നുമല്ലാതെ വ്യാപകമായി നിർവഹിക്കപ്പെട്ടു എന്നതായിരുന്നു വിട പറയാനൊരുങ്ങുന്ന റമദാന്റെ സവിശേഷത. എല്ലാ വിഭാഗങ്ങളിലുംപെട്ട പ്രഭാഷകരും നേതാക്കളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റമദാൻ കാലത്ത് അവരുടെതായ രീതികളിൽ ഇസ്‌ലാമിക ആദർശം പറഞ്ഞുകൊണ്ടേയിരുന്നു. നാലും അഞ്ചും പതിറ്റാണ്ടായി വെള്ളിയാഴ്ച പ്രസംഗങ്ങൾ നടത്തിയ ഇമാമുമാരും പ്രസംഗകരും ഉള്ളുരുകുന്ന മനസ്സുമായാണ് റമദാനിലെ വെള്ളിയാഴ്ചകൾ ചെലവഴിച്ചത്.
കോവിഡ്19 എന്താണെന്നും കോവിഡാനന്തര ലോകം എങ്ങനെയാകുമെന്നുമെല്ലാം നവമാധ്യമ ഇടങ്ങളിൽ പലരും കാര്യവിചാരം നടത്തി. കോവിഡ് ദൈവിക പരീക്ഷണമാണോ, അതോ പുതിയൊരു ലോകം മാറ്റിപ്പണിയാനുള്ള റീസ്റ്റാർട്ട് ബട്ടൺ അമർത്തിയതാണോ? കാര്യബോധവും, അറിവുമുള്ള പ്രഭാഷകർ ഒന്നും ഉറപ്പിച്ചു പറഞ്ഞില്ല. ഒരു കാര്യം എല്ലാവരും പറഞ്ഞു.

കോവിഡാനന്തര ലോകം പഴയതു പോലെയാകില്ല. ന്യൂ നോർമൽ കാലം എന്നാണ് അറിവും ബോധ്യവുമുള്ള ഒരു പ്രഭാഷകൻ ഇനി നാമൊക്കെ ജീവിക്കാൻ പോകുന്ന കാലത്തെ വിശേഷിപ്പിച്ചത്. ഇസ്‌ലാം വിശ്വാസി സമൂഹത്തിന്റെ കാര്യം ആർക്കും പ്രവചിക്കാനാവില്ലെന്ന് അവരുടെ ജീവിതം പറഞ്ഞു തരുന്നുണ്ട്. കോവിഡ്19 ന്റെ തുടക്കത്തിൽ വിശുദ്ധ ഹറമുകൾ അടച്ചിട്ടുകൊണ്ട് മഹാമാരിക്കാലത്തെ മതജീവിതം എങ്ങനെയെന്ന് സൗദി അറേബ്യ വിശ്വാസ പ്രൗഢിയോടെ  വഴികാണിച്ച് മുന്നിലുണ്ടായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങൾ ആഴത്തിൽ പഠിച്ച പണ്ഡിത സമൂഹത്തിന്റെ തീരുമാനങ്ങൾ പിന്നീട് ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരുന്നു. അതെല്ലാം മനുഷ്യ സമൂഹത്തിന്റെ ആരോഗ്യ പൂർണമായ നിലനിൽപിന് ചേരും വിധം മഹത്തരമായി. 
മതജീവിതവും വൈദ്യശാസ്ത്രവും തമ്മിൽ ഒരു തരത്തിലുള്ള ഏറ്റുമുട്ടലും ഒരിടത്തു നിന്നുമുണ്ടായില്ല. നമസ്‌കാരത്തിനായി ബാങ്ക് വിളിക്കുമ്പോൾ ഹയ്യ അല സ്വലാത് (നമസ്‌കാരത്തിന് വരിക) എന്നതിന് തൊട്ടു പിറകെ സല്ലൂ ഫി  റിഹാലുകും (നിങ്ങളുള്ള സ്ഥലങ്ങളിൽ തന്നെ നമസ്‌കരിക്കുക) എന്ന വാക്യം ബാങ്കുകൾക്കൊപ്പം (നമസ്‌കാരത്തിനുള്ള വിളി) ആദ്യമായി മുഴങ്ങിക്കേട്ടത് കുവൈത്തിലെ പള്ളികളിൽനിന്നായിരുന്നു. എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷമായിരുന്നു അങ്ങനെയൊരനുഭവം. പിന്നെയത് മറ്റു നാടുകളിലെയും രീതിയായി. റമദാൻ കാലത്ത്  ഒറ്റപ്പെട്ട നാടുകളൊഴികെ ലോകമെങ്ങുമുള്ള മുസ്‌ലിംകൾ വീടുകളിലിരുന്ന് തന്നെ എല്ലാ ആരാധനകളും നിർവഹിച്ചു. ആരാധനകൾ കൊണ്ട് പവിത്രമായ വീടുകളിലേക്കാണ് ആവേശമായി ഇഷ്ട പണ്ഡിതന്മാരുടെ റമദാൻ പരിപാടികളും പ്രഭാഷണങ്ങളും സമഗ്രതയോടെ എത്തിയത്. യുട്യൂബ് / വാട്‌സ് ആപ്/ ഫെയ്‌സ്ബുക്ക് ലൈവുകളിൽ അവരെത്തി. അതിനപ്പുറമുള്ള സംവിധാനങ്ങളുപയോഗിച്ചവരുമുണ്ട്.  മനുഷ്യരുടെ നിശ്ചയങ്ങൾക്കപ്പുറം മാറിപ്പോയ കാലത്ത് വന്നണഞ്ഞ റമദാനെയും ജനങ്ങൾ മാറിയ രീതിയിൽ തന്നെ ജീവിതത്തിനൊപ്പം ചേർത്തു.  പള്ളികൾക്ക് പകരം വീടകങ്ങൾ പ്രാർഥനകൾ കൊണ്ട് നിറഞ്ഞ കാലം. സമൂഹ നോമ്പുതുറകളില്ലാത്ത, നേരിട്ടുള്ള സൗഹാർദ കൂട്ടായ്മകളില്ലാതെ പോയ അപൂർവ കാലം. വേദനകൾക്കെല്ലാം അപ്പുറവും മതത്തിന്റെ ആത്മാവ് ലോകം അറിഞ്ഞ നാളുകൾ. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്താൻ കേരളത്തിലെ മതപണ്ഡിതർ വീഡിയോ കോൺഫറൻസിൽ സങ്കോച ലേശമില്ലാതെ കൈക്കൊണ്ട തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പതിവ് പത്രസമ്മേളനത്തിൽ ശരിയാം വണ്ണം വിവരിച്ചത് ഇങ്ങനെയാണ്.


'പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് പള്ളികളിലും ഈദുഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്‌കാരം. പെരുന്നാൾ ദിനത്തിലെ കൂട്ടായ പ്രാർഥന ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദന ഉണ്ടാക്കുന്നതാണ്. സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളികളിലെയും ഈദുഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത പണ്ഡിതന്മാരെ അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നു'. അതേസമയം നൊബേൽ സമ്മാന ജേതാവായ തുർക്കി എഴുത്തുകാരൻ ഒർഹാൻ പമുക്ക് മുസ്‌ലിം സമൂഹം കോവിഡ് കാലത്തെ ഈ മട്ടിൽ സ്വീകരിച്ചത് അവരിൽ വളർന്ന മതബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സമ്മതിക്കാൻ തയാറാകാത്തവരുടെ പ്രതിനിധിയായി. പള്ളികൾ അടച്ചിടാനും ആരാധനകൾ വീടുകളിൽ കേന്ദ്രീകരിക്കാനും തുർക്കി ഭരണകൂടം സന്ദേഹലേശമില്ലാതെ കൈക്കൊണ്ട  തീരുമാനത്തിൽ ഇസ്‌ലാം മതത്തിന്റെ  മൗലികതയിലൂന്നിയ അധ്യാപനമാണ് സ്വാധീനം ചെലുത്തിയതെന്ന് കാണാൻ പമുക്കിന് സാധിച്ചിട്ടില്ലെന്ന് ഏപ്രിൽ 23 ന് വാഷിംഗട്ൺ പോസ്റ്റിനനുവദിച്ച അഭിമുഖം തെളിയിക്കുന്നു. ഇതുപോലുള്ള ചിന്താധാരയിൽ കുടുങ്ങിക്കിടക്കുന്നവരെയും അപ്രസക്തരാക്കിയാണ് ലോകമെങ്ങുമുള്ള ഇസ്‌ലാമിക സമൂഹം  മഹാമാരിയുടെ കാലത്തും അവരുടെ പ്രത്യയശാസ്ത്രത്തെ വായിച്ചത്. 


പ്രതിസന്ധികളെ അവസരമാക്കുക എന്നതായിരിക്കും ജീവിക്കാൻ അർഹതയുള്ള ഏതൊരു സമൂഹത്തിന്റെയും രീതി. മനുഷ്യ ജീവനാണ് ഏറ്റവും വിലപ്പെട്ടത് എന്ന വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ലോകമെങ്ങുമുള്ള ഇസ്‌ലാമിക സമൂഹം കോവിഡ് കാലത്തും അവരുടെ വിശുദ്ധ റമദാൻകാല ജീവിതവും പൂർത്തിയാക്കുകയാണ്.  ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുടെയൊന്നും ഓർമയുടെ പരിസരത്തു പോലുമില്ലാത്ത റമദാൻ കാലമാണ് പരിസമാപ്തിയിലെത്തിയിരിക്കുന്നത്.

Latest News