Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം: വിശദാംശങ്ങള്‍

സംസ്ഥാനത്ത് ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി 73 വയസ്സുള്ള ഖദീജക്കുട്ടിയാണ് മരണമടഞ്ഞത്. അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

42 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 2 പേര്‍ക്ക് നെഗറ്റീവും. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നു വന്ന ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. കോഴിക്കോട് ഒരു ഹെല്‍ത്ത്വര്‍ക്കര്‍ക്കാണ് രോഗബാധ.

ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51,310 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 49,535 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 7072 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6630 നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതമാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.

ഇതുവരെ 91,344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയത്. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുടെ എണ്ണം 82,299. 43 വിമാനങ്ങളിലായി 9367 ആളുകളാണ് വന്നത്. അവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്‍റൈനിലാണ്.

ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമുള്ള മുന്നറിയിപ്പാണ്. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശവുമാണത്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനി വരും. ഒരു കേരളീയനു മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ് എന്നതുകൊണ്ട് പരിഭ്രമിച്ച് നിസ്സഹായ അവസ്ഥ പ്രകടിപ്പിക്കാനും നാം തയ്യാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും.
 
ഇങ്ങോട്ടുവരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമുണ്ടാകാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ തയ്യാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപെടലിനാണ് മുന്‍തൂക്കം നല്‍കുക.

അതേസമയം നാം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഈ ഇളവുകള്‍ നല്‍കുന്നത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. റിവേഴ്സ് ക്വാറന്‍റൈന്‍ നിര്‍ദേശിക്കുന്നത് വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതര രോഗങ്ങളുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ്. അത് മനസ്സിലാക്കി അവരെ സുരക്ഷിതരായി വീടുകളില്‍ ഇരുത്തേണ്ടവര്‍ തന്നെ എല്ലാം മറന്നുപോകുന്ന സ്ഥിതിയുണ്ടാകരുത്. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കേണ്ട കാര്യങ്ങളല്ല. സ്വയം ബോധ്യപ്പെട്ട് ചെയ്യേണ്ടതാണ്. അത് മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതും ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കേണ്ടിവരുന്നതും.

എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ററി പരീക്ഷ

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

1. കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കി.

2. പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍,പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കല്‍, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പരീക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും നല്‍കി.

3. കണ്ടെയിന്‍മെന്‍റ് സോണ്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്നിവയിലും ധാരണയായിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും. ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സംവിധാനവും സ്കൂളുകളിലുണ്ടാകും.

അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാണ്. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ അണുവിമുക്തമാക്കും.

തെര്‍മല്‍ സ്ക്രീനിംഗിനായി പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് അയ്യായിരം ഐആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. ആവശ്യമായ  സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാദ്ധ്യാപകര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.  

4. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും, മാസ്ക്കും, കുട്ടികള്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്ക്കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.

5. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഫയര്‍ഫോഴ്സ്, പൊലീസ്, ഗതാഗത വകുപ്പ് എന്നിവരുടെ പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും.

6. പരീക്ഷാ കേന്ദ്രമാറ്റത്തിനായി എസ്എസ്എല്‍സി (1866), എച്ച്എസ്ഇ (8835), വിഎച്ച്എസ്ഇ (219) വിഭാഗങ്ങളിലായി 10920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍  ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അനുവദിക്കപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും.
7. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിനാ വശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ സ്കൂളുകളില്‍ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.

8. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിന് സൗകര്യപ്പെടു ത്താനുമുള്ള അവസരം ഒരുക്കും. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരം ഒരുക്കുന്നതാണ്.  

9. പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും 23.05.2020 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

കോളേജുകള്‍

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ 1ന് തന്നെ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം.

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ക്കുള്ള ക്രമീകരണത്തിനായി  പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. സര്‍വ്വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഓണ്‍ലൈന്‍ പഠനരീതി  ആവശ്യമായ കൂടതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനല്‍ പോലെ ടിവി, ഡിടിഎച്ച്, റേഡിയോ  തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

പൊലീസ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് രാപകല്‍ ജോലി ചെയ്യുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ നിലയ്ക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് പൊലീസിന്‍റെ പ്രവര്‍ത്തനക്രമത്തില്‍ വരുത്തിയ മാറ്റം. അതിന്‍റെ ഭാഗമെന്ന നിലയില്‍ ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്സ് ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്സ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ട്.

സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ പൊലീസ് ആവിഷ്കരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മൂടുന്ന മഴക്കോട്ടും ബന്ധപ്പെട്ട മറ്റ് ആവരണങ്ങളുമൊക്കെ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാന്‍ സഹായപ്രദവുമാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റസലൂഷ്യന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. എല്ലാ ജില്ലകളിലേയും ഇത്തരം കേന്ദ്രങ്ങളില്‍ ഇതുവരെ 340 പരാതികളാണ്  ലഭിച്ചത്. ഇതില്‍ 254 എണ്ണത്തില്‍ കൗണ്‍സിലിങ്ങിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ കൗണ്‍സലിങ് നല്‍കാന്‍ ഈ സെന്‍റര്‍ മുഖേന കഴിയും.

ജനങ്ങള്‍  റെയില്‍പ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രത്യേക യാത്രാ തീവണ്ടികളും ചരക്കു തീവണ്ടികളും ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഉണ്ടായതു പോലെ ഉള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍ പാളങ്ങളിലൂടെയുള്ള കാല്‍നട യാത്ര തടയാന്‍ പൊലീസ് ശ്രദ്ധിക്കും.

ആറ്റിങ്ങല്‍ ആലംകോട് പലഹാര നിര്‍മാണയൂണിറ്റില്‍ നിന്നും നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിലും നിര്‍മാണത്തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളത് എന്ന റിപ്പോര്‍ട്ട് കണ്ടു. മെയ് 20ന് പിടികൂടിയ പലഹാരങ്ങളില്‍ നിര്‍മാണത്തീയതിയായി രേഖപ്പെടുത്തിയിരുന്നത് മെയ് 26 ആയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പലരും പാക്കറ്റിലാക്കിയ ഭക്ഷണത്തെ ആശ്രയിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഇത്തരത്തില്‍ കൃത്രിമം നടത്തുന്നത് അപകടകരമാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കും.

ബസുകളിലും ഓട്ടോകളിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന്‍റെ ഇടപെടലുണ്ടാകും. കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും.

മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 100 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുണ്ട്. കെഎസ്ഇബിക്ക് വലിയ ബില്‍ ഒരുമിച്ച് അടക്കേണ്ട അവസ്ഥയിലാണ് അത്തരക്കാര്‍. അവര്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ച എംഎസ്എംഇകള്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കേരളത്തിലെ എംഎസ്എംഇകള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹായം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വ്യവസായികളെ അറിയിക്കുന്നതിനും പ്രത്യേക പോര്‍ട്ടല്‍ തുടങ്ങാനും ആലോചനയുണ്ട്.

കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധി തീരുമ്പോള്‍ നമുക്ക് പുതിയ അവസരങ്ങള്‍ ധാരാളമായി കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വ്യവസായത്തിലും കൃഷിയിലും വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പരിശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനപൂര്‍ണവുമായ പ്രദേശം എന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിന് കൈവന്നിട്ടുണ്ട്.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) പൂര്‍ണ പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്. ഫിക്കി സംഘടിപ്പിച്ച ഒരു വെബിനാറില്‍ ഇന്നലെ പങ്കെടുക്കുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ കേരളത്തിന്‍റെ വ്യവസായ വികസനത്തിന് ചില നല്ല നിര്‍ദേശങ്ങള്‍ ഫിക്കി മുന്നോട്ടുവെച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിഗണിക്കും. ഫിക്കിയുടെ പിന്തുണക്ക് നന്ദി പറയുന്നു.

ലൈഫ് മിഷന്‍

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ലൈഫ്' എന്ന പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ പുരോഗതി ലൈഫ് മിഷന്‍ യോഗം വിലയിരുത്തി. കോവിഡ് 19നെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഈ പദ്ധതിയെയും ബാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.

ഒന്നും രണ്ടും ഘട്ടങ്ങളിലായി 2,19,154 വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്. ഇതില്‍ 52,084 വീടുകള്‍ പൂര്‍ത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അര്‍ഹരെയാണ് കണ്ടെത്തിയത്. ഇതില്‍ 96.15 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 1266 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതില്‍ 77,424 വീടുകള്‍ പൂര്‍ത്തിയായി- 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളില്‍ പുതുതായി എഗ്രിമെന്‍റ് വെച്ച 2065 വീടുകള്‍ ഒഴികെ ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളില്‍ നിര്‍മാണ പുരോഗതിയിലാണ്. ഇതു കൂടാതെ മറ്റു വിഭാഗങ്ങളില്‍ പൂര്‍ത്തിയായ വീടുകള്‍:

പിഎംഎവൈ (അര്‍ബന്‍)- 48,446, പിഎംഎവൈ (റൂറല്‍)- 16,703, പട്ടികജാതി വിഭാഗം- 19,018, പട്ടികവര്‍ഗ വിഭാഗം- 1745, മത്സ്യത്തൊഴിലാളി വിഭാഗം- 3734. രണ്ടാംഘട്ടത്തില്‍ 3332 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഈ വിഭാഗത്തില്‍ അര്‍ഹരായ 1,06,792 പേരെയാണ് കണ്ടെത്തിയത്. ഗുണഭോക്താക്കളുടെ പഞ്ചായത്ത് തലത്തിലെ ലിസ്റ്റ് നോക്കിയപ്പോള്‍ പല പഞ്ചായത്തുകളിലും അര്‍ഹരായവര്‍ കുറവാണ്. ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആയ പഞ്ചായത്തുകളില്‍, പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി പ്രത്യേകം വീട് നിര്‍മിച്ചുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. 627 പഞ്ചായത്തുകളില്‍ ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആണെന്നാണ് കണ്ടെത്തിയത്.

ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ ജില്ലകളിലായി മുന്നൂറോളം സര്‍ക്കാര്‍ സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഉടനെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഏഴ് സമുച്ചയങ്ങളുടെ നിര്‍മാണം ഇതിനകം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയങ്ങളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ഇതുകൂടാതെ 15 സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതടക്കം നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

പ്രതിസന്ധിക്കിടയിലും 2.19 ലക്ഷം പേര്‍ക്ക് ഇതിനകം പാര്‍പ്പിടമൊരുക്കി എന്നത് ഈ രംഗത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്‍റെ വിജയമാണ് സൂചിപ്പിക്കുന്നത്. ലൈഫിന്‍റെ പുരോഗതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്ലാഘനീയമായ പങ്കുവഹിക്കുന്നുണ്ട്.

റംസാന്‍

ഒരുമാസത്തെ റംസാന്‍ വ്രതത്തിനുശേഷം ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. മാസപ്പിറവി കാണുന്നതിനനുസരിച്ച് നാളെയോ മറ്റെന്നാളോ ചെറിയ പെരുന്നാളാകും. ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു.

കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. 'സഹനമാണ് ജീവിതം'  എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിനു തടസ്സമാകും. ഇത് കണക്കിലെടുത്ത് ഇന്നും മാസപ്പിറവി ഇന്നു കാണുന്നില്ലെങ്കില്‍ നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു മണി വരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കും.

പ്രവാസി ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ അംഗത്വം പുതുക്കുന്നതിന് ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ആറുമാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി. കുടിശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.


സഹായം

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എഞ്ചിനിയറിങ്ങ് തൊടുപുഴ കാമ്പസിലെ എസ്എഫ്ഐ യൂണിറ്റും മുന്‍കാല പ്രവര്‍ത്തകരും ചേര്‍ന്ന് 1111 പിപിഇ കിറ്റുകള്‍. നേരത്തെ 2,10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കും കൈമാറിയിരുന്നു.

ശ്രീ സത്യസായി സേവ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഒരു ഐസിയു വെന്‍റിലേറ്ററും സായി വേദവാഹിനി പരിഷത്ത്, ഒരു അള്‍ട്രാസൗണ്ട് സ്കാനറും നല്‍കി.

ദുരിതാശ്വാസം

ടൂറിസം മേഖലയിലെ സംഘനകള്‍ (കെടിഎം സൊസൈറ്റി, എസ്കെഎച്ച്എഫ്, എസ്ഐഎച്ച്ആര്‍എ, എടിടിഒഐ) 53 ലക്ഷം രൂപ

നെടുമങ്ങാട് നഗരസഭ 50 ലക്ഷം രൂപ

ക്രഷര്‍ക്വാറി ഓര്‍ണേഴ്സ് അസോസിയേഷന്‍, ആര്‍എംസിയു ഇടുക്കി ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ

കേരള സംസ്ഥാന പെന്‍ഷനേഴ്സ് യുണിയന്‍, കൊല്ലം ജില്ല 21.75 ലക്ഷം രൂപ

വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി 21,62,751 രൂപ (62 ലക്ഷം രൂപയുടെ സാധനങ്ങള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്)
ഇത്തിത്താനം ജനത സര്‍വീസ് സഹകരണ ബാങ്ക് രണ്ട് ഗഡുക്കളായി 15,54,358 രൂപ

അക്ഷയ് ഗ്രാനൈറ്റ്സ് 10 ലക്ഷം രൂപ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്  10 ലക്ഷം രൂപ

വിളപ്പില്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

അയിരൂര്‍പാറ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ 9,59,172 രൂപ

നെയ്യാറ്റിന്‍കര നഗരസഭ 8 ലക്ഷം രൂപ

പട്ടികജാതി ക്ഷേമനിധി സംസ്ഥാന കമ്മിറ്റി 5,55,555 രൂപ

മലപ്പുറം ന്യൂ പന്നിപ്പാറ ബ്രിക്സ് ആന്‍ഡ് മെറ്റല്‍സും സഹോദര സ്ഥാപനമായ കോഴിക്കോട് അലിഫ് ബില്‍ഡേഴ്സും ചേര്‍ന്ന് 5 ലക്ഷം രൂപ

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി ഡി രാജന്‍ ഒരു മാസത്തെ ശമ്പളം 2,12,000 രൂപ

മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം സി മായിന്‍ ഹാജി തന്‍റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഗ്രാനൈറ്റ് വഴി 3 ലക്ഷം രൂപ

Latest News