ഒരു മെക്‌സിക്കൻ മാസ്മരികത

കരകൗശലവസ്തുക്കളുടെ വർണപ്രപഞ്ചം
ചിചെൻ ഇറ്റ്‌സയിലെ പിരമിഡിനുമുമ്പിൽ ഹസൻ ചേളാരിയും  ലേഖകനും
'മായൻ' വിവാഹച്ചടങ്ങ്
'മൊഹർറ'  മെക്‌സിക്കൻ കരിമീൻ!

മെക്‌സിക്കോയിലേക്കുള്ള എന്റെ നാലാമത്തെ യാത്രയുടെ കാരണക്കാരൻ സൗദി അറേബ്യൻ പ്രവാസകാലം മുതലുള്ള ചിരകാലസുഹൃത്ത് ഹസൻ ചേളാരിയായിരുന്നു.  മൂന്നാഴ്ച നീണ്ട തന്റെ അമേരിക്കൻ പര്യടനത്തിനൊടുവിൽ മെക്‌സിക്കോ കൂടി സന്ദർശിക്കണമെന്നുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ അനുഗമിക്കാൻ ഞാൻ തയാറാവുകയായിരുന്നു.  എല്ലാ ആഡംബരങ്ങളും ഒഴിവാക്കി, വളരെക്കാലത്തിനുമുമ്പ് ഞാൻ യൂറോപ്പിലും ഇന്തോനേഷ്യയിലും മറ്റും നടത്തിയതുപോലുള്ള ഒരു 'ബാക്ക്പാക്ക്' യാത്രയായിരുന്നു ഞങ്ങളുടെ ലക്ഷ്യം, ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു സാഹസികയജ്ഞം!  അങ്ങനെ ഹസൻ മയാമിയിൽനിന്നും ഞാൻ ഫിലഡൽഫിയയിൽനിന്നു നേരിട്ടും മെക്‌സിക്കോയിലെ കാൺകൂൺ നഗരത്തിലെത്താൻ തീരുമാനിച്ചു.
മെക്‌സിക്കൻ ആതിഥ്യമര്യാദയുടെ സകല മാധുര്യവും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതായിരുന്നു കാൺകൂൺ വിമാനത്താവളത്തിൽവെച്ചുണ്ടായ അനുഭവം. എന്റെ ഫ്‌ളൈറ്റ് എത്തി മൂന്നുമണിക്കൂറോളം കഴിഞ്ഞായിരുന്നു ഹസന്റെ ഫ്‌ളൈറ്റ് എത്തുന്ന സമയം. പരസ്പരം ഫോണിൽ ബന്ധപ്പെടാൻ കഴിയുമോ എന്ന ആശങ്ക കാരണം, ഞാൻ അറൈവൽ ലൗഞ്ചിൽത്തന്നെ,  ടൂറിസം കൗണ്ടറിനടുത്ത് കാത്തിരിക്കാമെന്നായിരുന്നു ധാരണ.  
അറൈവൽ ലൗഞ്ച് അവസാനിക്കുന്നിടത്ത്,  അതായത് പുറത്തേക്കു കടക്കുന്നതിനു തൊട്ടുമുമ്പ്, ടൂറിസ്റ്റ് ഗൈഡുകൾക്കുവേണ്ടിയുള്ള ബൂത്തുകളാണുള്ളത്.  യാത്രക്കാർക്ക് കാത്തിരിക്കാൻ ഒരു കസേരപോലും അവിടെയെങ്ങും കണ്ടില്ല.  മൂന്നു മണിക്കൂറോളം സമയം കഴിയണം ഹസൻ എത്താൻ. പുറത്തിറങ്ങിയാൽ ആകെ പ്രശ്‌നമായാലോ?  സുസ്‌മേരവദനയായ ഒരു വനിതാടൂറിസ്റ്റ് ഗൈഡിനോട് ഞാൻ പ്രശ്‌നം അവതരിപ്പിച്ചു.  അവർ എനിക്കിരിക്കാൻ ഒരു കസേര ഏർപ്പാടാക്കിത്തന്നു. ആശ്ചര്യത്തോടെ എന്നെ നോക്കിയ അവരുടെ സഹപ്രവർത്തകരോട് അവർ കാര്യങ്ങൾ പറഞ്ഞു.
എന്റെ യാത്ര തുടങ്ങിയിട്ടു മണിക്കൂറുകളായിരുന്നു, വിമാനത്തിൽ വാങ്ങാൻ കിട്ടുന്ന ഭക്ഷണത്തിൽ താൽപര്യമില്ലാത്തതിനാൽ ഒന്നും കഴിച്ചിരുന്നുമില്ല. ആഹാരം വാങ്ങണമെങ്കിൽ പുറത്തേക്കു പോകേണ്ടിവരുമെന്നും പിന്നെ അകത്തേക്കു തിരികെ വരാൻ പറ്റില്ലെന്നും ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു. എന്നിട്ട് എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവർ തുടർന്നു, 'ഈ ഫ്‌ളൈറ്റിന്റെ തിരക്കൊന്നു കഴിയട്ടെ, ഞാൻ നിങ്ങൾക്കു ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു തരാം.'
കുറേസമയത്തിനുശേഷം, എന്നെ അതിശയിപ്പിച്ചുകൊണ്ട് അവർ പുറത്തു കിട്ടാവുന്ന ഭക്ഷണവിഭവങ്ങളുടെ ഒരു വാങ്മയ ലിസ്റ്റുമായി വന്നു. എന്നിട്ട് ഞാൻ ആവശ്യപ്പെട്ട ലഘുഭക്ഷണവും പാനീയവും വാങ്ങിക്കൊണ്ടുവന്നു തരികയും ചെയ്തു. 
നീണ്ട കാത്തിരിപ്പിനിടെ അവരും മറ്റു സഹപ്രവർത്തകരും എന്നോടു കുശലപ്രശ്‌നങ്ങൾ നടത്താനും മറന്നില്ല.
തിരക്കിനിടയിലും എന്നെ സഹായിക്കാൻ സമയം കണ്ടെത്തിയ ആ ടൂറിസ്റ്റ് ഗൈഡിന്റെയും അവരുടെ സഹപ്രവർത്തകരുടെയും ആതിഥ്യമര്യാദയിൽ മുങ്ങിക്കുളിച്ച ആ അനുഭവം അവിസ്മരണീയമായിരുന്നു.
യഥാസമയം ഹസൻ എത്തിയപ്പോൾ അവരെല്ലാംചേർന്ന് കരഘോഷത്തോടെയാണ് വരവേറ്റത്! അങ്ങനെ അദ്ദേഹത്തിനും അതൊരു പുതിയ അനുഭവമായി.
വിമാനത്താവളത്തിൽനിന്ന് ഏതാണ്ട് ഒരു മണിക്കൂറോളം ബസ് യാത്ര ചെയ്ത് നഗരമധ്യത്തിലുള്ള ഒരു ഇടത്തരം ഹോട്ടലിൽ ഞങ്ങൾ ചെക്ക് ഇൻ ചെയ്തു.  
നഗരത്തിലെ 'രാപ്പകൽ' ദൃശ്യാനുഭവങ്ങളിൽ അഭിരമിക്കലും പിന്നെ അടുത്ത റിസോർട്ട് പട്ടണമായ 'പഌയാ ഡെൽ കാർമെ'നിലേക്കൊരു യാത്രയുമായിരുന്നു ഞങ്ങളുടെ കാൺകൂൺ പരിപാടിയിലുണ്ടായിരുന്നത്.  
അന്നു വൈകുന്നേരം ബീച്ചിലൂടെ നടക്കുമ്പോൾ, തികച്ചും അപ്രതീക്ഷിതമായി, മണ്മറഞ്ഞുപോയ 'മായൻ' സംസ്‌കാരരീതികളെ അനുകരിച്ചുകൊണ്ടുള്ള ഒരു വിവാഹച്ചടങ്ങ് നേരിട്ടുകാണാൻ അവസരമുണ്ടായി.
യൂക്കാട്ടൻ പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന കാൺകൂൺ പട്ടണത്തിന്, ഒരു സാധാരണ വികസ്വരലോക പട്ടണത്തിലെ പതിവുകാഴ്ചകൾക്കു പുറമേ, ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പരിവേഷവുമുണ്ട്.  എന്നാൽ, അമേരിക്കൻ ടൂറിസ്റ്റുകൾ ഇത്രയധികം വരുന്ന നാടായിട്ടും കച്ചവടക്കാർക്കടക്കം ഇംഗഌഷ് ഭാഷാജ്ഞാനം പരിമിതമാണ്.  അൽപസ്വൽപം സ്പാനിഷ് അറിയാൻ വയ്യെങ്കിൽ കുഴഞ്ഞതുതന്നെ!  
നഗരപാതകളിലൂടെ നടക്കുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു പ്രധാന സംഗതി വഴിയോരങ്ങളിൽ വാങ്ങാൻകിട്ടുന്ന ആഹാരസാധനങ്ങളുടെ വൈവിധ്യമാണ്. ഇവയിൽ മലയാളികളെ വിസ്മയിപ്പിക്കാൻ പോരുന്ന ഒന്നാണ് തമാളീസ്,  മാവിൽ കുഴച്ച് വാഴയിലയിൽ പരത്തി പുഴുങ്ങിയെടുക്കുന്ന ഈ സാധനം കാഴ്ചയിൽ നമ്മുടെ ഇലയട അഥവാ ഇലയപ്പത്തെ ഓർമ്മിപ്പിക്കും.  അകത്ത് ശർക്കരയും തേങ്ങയും ചേർന്ന മിശ്രിതത്തിനു പകരം ഇറച്ചിയായിരിക്കും ഉണ്ടാവുക എന്നതാണു വ്യത്യാസം. കൂടാതെ ചീസും പച്ചക്കറികളും പഴവർഗ്ഗങ്ങളും അടങ്ങിയ തമാളീസും ലഭ്യമാണ്.
നമ്മുടെ സമോസപോലെ അകത്ത് 'ഫില്ലിങ്ങ്' വെച്ച് വറുത്തെടുക്കുന്ന ഒരു വിഭവമാണ് 'എമ്പനാഡ'. പക്ഷേ, ഇവയ്ക്ക് അർധവൃത്താകൃതിയാണ്.  ഇവയിലെ ഫില്ലിങ്ങിനും ഇറച്ചിയും മീനും ഒക്കെയാണുപയോഗിക്കുന്നത്.  പിന്നെ വറുത്തതും പൊരിച്ചതുമായ വേറെ പലതരം വിഭവങ്ങളും ലഭ്യമാണ്.  അവയുടെ രുചി ആസ്വദിച്ച്, കർണാനന്ദകരമായ സ്പാനിഷ് ഭാഷയിലുള്ള വർത്തമാനവും കേട്ട്, പ്രത്യേകിച്ച് ഒരു ധൃതിയുമില്ലാതെ അങ്ങനെ നടക്കുന്നതുതന്നെ ഒരനുഭവമാണ്.
മീൻ മാത്രം കഴിക്കുന്ന സസ്യഭുക്ക് ('പെസ്‌ക്കറ്റേറിയൻ' അഥവാ 'പെസ്‌കോവെജിറ്റേറിയൻ') ആയ ഹസനോട് എനിക്കൽപം സഹതാപം തോന്നാതിരുന്നില്ല!
പിറ്റേന്നു പ്രാതലിനുശേഷം ഞങ്ങൾ കുറേനേരം നഗരത്തിലെ പ്രഭാതകാഴ്ചകൾ കണ്ടുനടന്നു.  അതിനുശേഷം പഌയാ ഡെൽ കാർമെനിലേക്കു മിനിബസിൽ യാത്രയായി. 70 കിലോമീറ്റർ ദൂരത്തിൽ ഇരു വശങ്ങളിലും  വമ്പൻ റിസോർട്ടുകളാണ്.  കൂടാതെ പലവിധ സൗകര്യങ്ങളുള്ള തീം പാർക്കുകളുടെ പരസ്യങ്ങളും.
പഌയാ ഡെൽ കാർമെൻ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ ഒരു സമുദ്രതീര പട്ടണമാണ്. ചുട്ടുപൊരിയുന്ന വെയിൽ കാരണം ബീച്ചിൽ നടക്കുക എന്ന ആശയം ഉപേക്ഷിച്ചു. പിന്നെ ഉള്ളിലേക്കു കയറിയാൽ, കിലോമീറ്ററുകൾ നീണ്ട കടകളുടെ നിരകൾ.  അവയിൽ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ള വിൽപനസാധനങ്ങൾ!  കൂടാതെ മസാജ് പാർലറുകൾ, ആഡംബര ബ്രാന്റുകളുടെ ഷോറൂമുകൾ! 
ഉച്ചഭക്ഷണത്തിനായി ഒരു ചെറുകിട ഭക്ഷണശാലയിൽ കയറി.  നമ്മുടെ കരിമീനിനെ അനുസ്മരിപ്പിക്കുന്ന 'മൊഹർറ' എന്ന മത്സ്യം വറുത്തതും ചോറും വെജിറ്റബിൾ ഒഴിച്ചുകറിയും അടക്കം സ്വാദിഷ്ടമായ ലഞ്ചു കഴിച്ചു.  തിരികെ കാൺകൂണിലെത്തി പിറ്റേന്നത്തേക്ക് 'ചിചെൻ ഇറ്റ്‌സ' എന്ന ടൂറിസ്റ്റ് ആകർഷണീയതിയിലേക്കുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്തു.   
(തുടരും) 

 

 

Latest News