മുംബൈ- പുതുതായി 2345 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 41,642 ആയി ഉയർന്നു. ഇതിൽ 25000 പേരും മുംബൈയിലാണ്. 41 ദിവസമായി നിർബാധം തുടരുന്ന മഹാമാരിയിൽ ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ മരിച്ചത് 64 പേരാണ്. ഇതിൽ 41 ഉം മുംബൈയിൽ. ഇത് തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് കോവിഡ് രോഗികൾ രണ്ടായിരം കടക്കുന്നത്. അഞ്ചു ദിവസത്തിനിടെ പതിനായിരം രോഗികൾ പുതുതായുണ്ടായി. മെയ് 17ന് 2347 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 25500 കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിൽ 882 പേർ മരിച്ചു. മുംബൈ കൂടി ഉൾപ്പെടുന്ന താനെ ഡിവിഷനിൽ 31,852 കേസുകളും 993 മരണങ്ങളുമുണ്ടായി.






