Sorry, you need to enable JavaScript to visit this website.

കൊറോണ വിമുക്തിക്കുവേണ്ടിയും ശൈഖ് സുദൈസ് മനമുരുകി തേടി; കണ്ണീരണിയിച്ച് ഖതമുല്‍ ഖുര്‍ആന്‍

മക്ക- വിശുദ്ധ റമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നടത്തിയ ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ കൊറോണ വിമുക്തിക്കുവേണ്ടിയും മനമുരുകി തേടി.

ഇത്തവണ വിശുദ്ധ ഹറമില്‍ ഖതമുല്‍ ഖുര്‍ആന്‍ പ്രത്യേക പ്രാര്‍ഥന നിര്‍വഹിച്ചത് തഹജ്ജുദ് നമസ്‌കാരത്തിലാണ്. നാലു ദശകങ്ങള്‍ക്കിടെ ആദ്യമായാണ് ഹറമില്‍ ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന തഹജ്ജുദ് നമസ്‌കാരത്തില്‍ നിര്‍വഹിച്ചത്.

വിശ്വാസികളുടെ മനസ്സുകളില്‍ നൊമ്പരം തീര്‍ത്താണ് ഇത്തവണത്തെ പുണ്യമാസം വിട പറയുന്നത്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ബാധകമാക്കിയതിനാല്‍ ഇത്തവണ റമദാനില്‍ ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും വിശ്വാസികള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ഹറം ജീവനക്കാര്‍ മാത്രമാണ് സുരക്ഷിത അകലം പാലിച്ച് ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ പങ്കെടുത്തത്.


വിശുദ്ധ റമദാനിലെ അവസാന പത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് വിശുദ്ധ ഹറമില്‍ അനുഭവപ്പെടാറുള്ളത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടക ലക്ഷങ്ങള്‍ക്കു പുറമെ, സൗദി അറേബ്യയുടെ മുക്കുമൂലകളില്‍ നിന്നുള്ളവരും അവസാന പത്തിന്റെ പുണ്യം തേടി ഹറമിലേക്ക് ഒഴുകുന്നത് പതിവാണ്. അവസാന പത്തില്‍ തന്നെ ഏറ്റുമധികം തിരക്ക് അനുഭവപ്പെടാറ് ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവിലും ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നടക്കുന്ന ദിവസവുമാണ്.


ഇന്നലെ രാത്രി തഹജ്ജുദ് നമസ്‌കാരത്തില്‍ വിശുദ്ധ ഖുര്‍ആനിലെ അവസാന ഭാഗം ശൈഖ് ഡോ. സൗദ് അല്‍ശുറൈമും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും പാരായണം ചെയ്ത് പൂര്‍ത്തിയാക്കി. പതിവു പോലെ ഖതമുല്‍ഖുര്‍ആന്‍ പ്രാര്‍ഥനക്ക് ഇത്തവണയും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. ഇത്തവണ ഹറമില്‍ തറാവീഹ് നമസ്‌കാരത്തിലെ റകഅത്തുകള്‍ പകുതായി കുറച്ചിരുന്നു. ഇരുപതു റകഅത്തിനു പകരം പത്തു റകഅത്തും മൂന്നു റകഅത് വിത്‌റും വീതമാണ് നമസ്‌കരിക്കുന്നത്.

 

 

Latest News