കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങൾക്കും മുൻഗണന നൽകണമെന്ന സമസ്തയുടെ ആവശ്യത്തെ ചില കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സമസ്ത വാർത്താ കുറിപ്പിൽ അറിയിച്ചു. സർക്കാറിന്റെ മുന്നിൽ ആവശ്യങ്ങൾ പറയുമ്പോൾ തന്നെ രോഗവ്യാപന ഭീഷണിയുടെ ഗൗരവം അംഗീകരിച്ചതുകൊണ്ടാണ് നിലവിലെ സാഹചര്യം തുടരാനാണ് സമസ്ത എല്ലാവർക്കും നിർദ്ദേശം നൽകിയത്. എന്നാൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് അതിനെ ചില മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. അത്തരം വാർത്തകളിൽ വിശ്വാസികൾ വഞ്ചിതരാകരുതെന്നും സമസ്ത ഓഫീസിൽ നിന്നും അറിയിച്ചു.