റിയാദ്- ഒമ്പതു വിഭാഗം ആളുകളില്‍ കൊറോണബാധ കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. 65 ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍, പ്രമേഹവും രക്തസമ്മര്‍ദവും പോലെ വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ചവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശ രോഗികള്‍, അമിത വണ്ണമുള്ളവര്‍, പുകവലിക്കാര്‍ എന്നിവര്‍ക്കെല്ലാം കൊറോണബാധ കൂടുതല്‍ അപകടകരമായിരിക്കും.
വൃക്ക രോഗികള്‍, ട്യൂമറുകള്‍ ബാധിച്ചവര്‍, കീമോതെറാപ്പി ചികിത്സയിലുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്ബലമായര്, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും കൊറോണ കൂടുതല്‍ ഭീഷണി സൃഷ്ടിക്കും. മുലയൂട്ടല്‍ കാലത്ത് മാതാക്കള്‍ പ്രത്യേക ജാഗ്രതകള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പുതുതായി രോഗബാധ സ്ഥിരീകരിച്ച 2532 പേരില്‍ 39 ശതമാനം പേര് സൗദികളും 61 ശതമാനം പേര് വിദേശികളുമാണ്. സൗദിയില്‍ ഇതുവരെ 351 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളില്‍ 27 ശതമാനം പേര് വനിതകളും 73 ശതമാനം പേര് പുരുഷന്മാരും പത്തു ശതമാനം പേര് കുട്ടികളും മൂന്നു ശതമാനം പേര് 65 ല്‍ കൂടുതല്‍ പ്രായമുള്ളവരും 87 ശതമാനം പേര് മുതിര്‍ന്നവരുമാണ്.






