റിയാദ് - അധിനിവിഷ്ട ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനും അവിടെ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കാനുമുള്ള പദ്ധതിയും നടപടികളും സൗദി അറേബ്യ നിരാകരിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു.
ഏകപക്ഷീയമായ ഏതു നടപടികളെയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെയും, മേഖലയില്‍ സുരക്ഷയും സ്ഥിരതയും സാക്ഷാല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിന് തുരങ്കം വെക്കുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു.
ഫലസ്തീനികള്‍ക്കൊപ്പം സൗദി അറേബ്യ എക്കാലവും ഉറച്ചുനില്‍ക്കുകയും അവരുടെ തീരുമാനങ്ങളെയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്താപിക്കുന്നതിനെയും പിന്തുണക്കുകയു ചെയ്യും. ഫലസ്തീനികളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന നിലയില്‍ പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും സമഗ്രവുമായ പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഏതു ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.






