Sorry, you need to enable JavaScript to visit this website.

വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കണം 

കോവിഡ് എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്തിന് ഇനിയും അറുതിയായില്ല. മനുഷ്യ ജീവനുകൾ അനുദിനം പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ, രാഷ്ട്രങ്ങളുടെ സുരക്ഷാ അതിർവരമ്പുകൾ മായിച്ച്, സാമ്പത്തിക ശക്തികളെ പോലും നിഷ്പ്രഭമാക്കി ലോകത്തെ മൂന്നേകാൽ ലക്ഷത്തിലേറെ പേരുടെ ജീവൻ കൊറോണ വൈറസ് എന്ന സൂക്ഷ്മാണു കവർന്നു കഴിഞ്ഞു. 
52 ലക്ഷത്തിലധികം ജനങ്ങൾ സൂക്ഷ്മാണുവിന്റെ ആക്രമണത്തിനിരായി ചികിത്സയിലാണ്. ഏതാണ്ട് രണ്ടു മാസത്തോളം ലോകത്തിന്റെ ഒട്ടു മിക്ക പ്രദേശങ്ങളും അടച്ചിട്ടിട്ടും വ്യാപനത്തിനു കുറവുണ്ടായിട്ടില്ല. എന്നേക്ക് ആശ്വാസം കണ്ടെത്താനാവുമെന്ന പ്രതീക്ഷയും പുലർന്നിട്ടില്ല. ഒരു സൂപ്പർസോണിക് ആയുധത്തിനും ഈ സൂക്ഷ്മാണുവിനെ തുരത്താനായിട്ടുമില്ല. അതുകൊണ്ടു തന്നെ കോവിഡുമായി പൊരുതി ജീവിതക്രമത്തെ മാറ്റി, നിലനിൽപിനായുള്ള പോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് ലോക ജനത.


ഇതിനിടെ കൊഴിഞ്ഞുപോയ മനുഷ്യർക്കൊക്കെയും അവർ ജീവിതത്തിൽ ഒരിക്കൽ പോലും നിനച്ചിട്ടുണ്ടാവാത്ത അന്ത്യയാത്രയാണ് ലഭിച്ചത്. ഉറ്റവരുടെയും ഉടയവരുടെയും അസാന്നിധ്യത്തിൽ യാന്ത്രികമായ കരങ്ങളാലാണ് അവരിൽ പലരും ആറടി മണ്ണിലേക്ക് യാത്രയായത്. സ്വന്തം ഭവനങ്ങളിൽനിന്ന് അന്ത്യ ചുംബനം ഏറ്റുവാങ്ങി പ്രിയപ്പെട്ടവർ നോക്കി നിൽക്കേ യാത്രയാവാൻ ഈ ഹതഭാഗ്യവാന്മാർക്കാർക്കും കഴിഞ്ഞിട്ടില്ല. ആശുപത്രികളുടെ വെന്റിലേറ്റർ കേന്ദ്രങ്ങളിൽനിന്ന്, അതല്ലെങ്കിൽ മോർച്ചറികളിൽനിന്ന് അതുമല്ലെങ്കിൽ ആശുപത്രി വരാന്തകളിൽനിന്ന് കൂട്ടമായും അല്ലാതെയും കുഴിമാടങ്ങളിൽ അവർ ചെന്നെത്തുകയായിരുന്നു. 
ഇവരിൽ പലർക്കും ജന്മനാട്ടിൽ പോലും എത്തിപ്പെടാനാവാതെ യാത്ര പറയേണ്ടി വന്നിട്ടുണ്ട്. അവരുടെ ഉറ്റവർക്ക് കാണാമറയത്തിരുന്ന് കണ്ണീർ വാർത്ത് മനമുരുകി പ്രാർഥിക്കാൻ മാത്രമാണ് കഴിഞ്ഞത്. അവരിൽ പലരും കുടുംബത്തെ പോറ്റാൻ അന്നം തേടി പോയവരാണ്. അവരുടെ മടങ്ങി വരവിനായി കാത്തിരുന്നവർക്ക് ഒരിക്കലും വിശ്വസിക്കാനാവാത്ത സന്ദേശം മാത്രമാണ് ലഭിച്ചത്. ഇങ്ങനെ കടന്നു  പോയവരുടെ കുടുംബങ്ങളുടെ കണ്ണീരിന് ഒരാൾക്കും വില കൽപിക്കാനാവില്ല. അതിനു എന്തൊക്കെ തന്നെ നഷ്ടപരിഹാരം നൽകിയാലും മതിയാവില്ല. ആ നഷ്ടങ്ങളെ ഒരാൾക്കും അളക്കാനുമാവില്ല. എങ്കിലും കുടുംബത്തിന്റെ വിളക്ക് അണഞ്ഞപ്പോൾ കൂരിരുട്ടിൽ അകപ്പെട്ട അത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകരേണ്ടത് ഭരണ കർത്താക്കളുടെയും സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ കുലത്തിന്റെയും കടമയാണ്.


ഗൾഫ് രാജ്യങ്ങളിൽ മാത്രം ഇതെഴുതുന്ന നിമിഷം വരെ കോവിഡ് മൂലം മരിച്ചത് 736 പേരാണ്. ഇതിൽ മലയാളികൾ മാത്രം 80 ഓളം പേർ വരും. അതിൽ സൗദിയിൽ മാത്രം മരിച്ച മലയാളികൾ 15 പേരുണ്ട്. മറ്റു രാഷ്ട്രങ്ങളിലും ഒട്ടേറെ മലയാളികൾ കൊറോണ വൈറസ് ബാധമൂലം മരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലോക്ഡൗണിലകപ്പെട്ട് മാനസികമായും ശാരീരികമായും വൈഷമ്യങ്ങളേറ്റുവാങ്ങി മരണത്തിനു കീഴടങ്ങിയവർ ഇതിലുമേറെയാണ്. കോവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം ഗൾഫ് രാജ്യങ്ങളിൽ ഹൃദയാഘാതം മൂലം മരിച്ചവർ നിരവധിയാണ്. 
ഗൾഫിൽ ഹൃദയാഘാതം മൂലം മരിക്കുന്ന വിദേശകളുടെ എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച് സാധാരണ കൂടുതലാണ്. കോവിഡ് കാലത്തോടെ അതു ഒന്നൂകൂടി വർധിച്ചു. രോഗികളായി കഴിഞ്ഞിരുന്ന ഒട്ടേറെ പേർക്കും മതിയായ തുടർ ചികിത്സ ലഭിക്കാതെയും ഈ ലോകത്തോട് വിടപറയേണ്ടി വന്നിട്ടുണ്ട്. ഇതിനു പുറമെ പ്രതിസന്ധിയുടെ കയത്തിലകപ്പെട്ട് പലവിധ മാനസിക സംഘർഷങ്ങളാൽ സ്വയം ജീവൻ വെടിഞ്ഞവർ വേറെയുമുണ്ട്. പക്ഷേ, ഇങ്ങനെ മരിച്ചവരാരും തന്നെ നമ്മുടെ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ കണക്കുകളിൽ ഇടം പിടിച്ചിട്ടില്ല. കേരളം ഇന്നും കോവിഡ് മരണ നിരക്കു പറയുമ്പോൾ മൂന്നിൽ മാത്രം നിൽക്കുകയാണ്. 


നാലാമതൊരാൾ കൂടി കേരളത്തിൽ മരിച്ചിട്ടുണ്ടെങ്കിലും അതു പുതുച്ചേരി സംസ്ഥാനക്കാരനാണെന്നതിനാൽ തർക്കം നിലനിൽക്കുകയുമാണ്. കോവിഡ് വ്യാപനം തടയുന്നതിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും ജാഗ്രത പുലർത്തുന്നതിലും മരണ നിരക്ക് കുറക്കുന്നതിലുമെല്ലാം ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ് കേരളം. അതിൽ മലയാളികൾ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ പോകുന്നവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ച മലയാളികൾ.
കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളിൽ അധികപേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അവരുടെയെല്ലാം കുടുംബങ്ങളുടെ അടുപ്പുകൾ പുകഞ്ഞിരുന്നത് ഇവിടെനിന്നും ചെന്നിരുന്ന തുട്ടുകളുടെ ഊർജത്തിലായിരുന്നു.
 അതാണിപ്പോൾ നിലച്ചിരിക്കുന്നത്. ഈ കുടുംബങ്ങളുടെയെല്ലാം അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു പോലും കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഈ കുടുംബങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് വിദേശത്തു മരിച്ച, പ്രത്യേകിച്ച ഗൾഫ് രാജ്യങ്ങളിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് എല്ലാ തലത്തിലും ആലോചകൾ ഉണ്ടാവണം. ഗൾഫിൽ മരിച്ചിട്ടുള്ളവരിൽ അധികപേരും താഴെ തട്ടിലുള്ള ജോലികളിൽ  ഏർപ്പെട്ടിരുന്നവരും നിത്യേന ജോലി ചെയ്തു ഉപജീവനം കണ്ടെത്തിയിരുന്നവരുമാണ്. 


ലേബർ ക്യാമ്പുകളിലും മറ്റും കൂട്ടം കൂടി ജീവിക്കുന്നവർക്കിടയിലാണ് മരണവും രോഗ വ്യാപനവും കൂടുതലായുണ്ടായിട്ടുള്ളത്. സാമാന്യം കൊള്ളാവുന്ന ജോലിയുള്ളവരെല്ലാം കുടുംബങ്ങളോടൊപ്പം അവരുടെ ഫഌറ്റുകളിൽ കഴിയുന്നതിനാൽ രോഗ വ്യാപനത്തിന്റെ  ആഘാതം വലിയ തോതിൽ അവരെ ബാധിച്ചിട്ടില്ല. അതേ സമയം ജോലി നഷ്ടപ്പെട്ടും മറ്റുമുള്ള പ്രതിസന്ധികൾ അവരും നേരിടുന്നുണ്ട്. സർവതും നഷ്ടപ്പെട്ട് വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. നയതന്ത്രാലയങ്ങളുടെ കൈവശമുള്ള വെൽഫെയർ ഫണ്ടിൽനിന്നോ, എമിഗ്രേഷൻ ഇനത്തിൽ കേന്ദ്ര സർക്കാർ സ്വരൂപിച്ചുവെച്ചിട്ടുള്ള ഭീമമായ തുകയിൽനിന്നോ, സംസ്ഥാന സർക്കാറുകൾ അവരുടെ പൊതു ഖജനാവിൽനിന്നോ ഈ കുടുംബങ്ങളിൽ ആശ്വാസം പകരാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. അതല്ലെങ്കിൽ ഈ കുടുംബങ്ങളിൽ ഇനിയുണ്ടാവുക ആത്മഹത്യകളാവും. 
അതുപോലെ സാമൂഹിക സംഘടനകളും ഈ കുടുംബങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും കഴിയുന്നത്ര സഹായങ്ങൾ എത്തിക്കുകയും വേണം. അങ്ങനെ മാനവികതയുടെ മൂല്യം നാം ഉയർത്തിപ്പിടിക്കണം.  

Latest News