എന്നെ ആരും വശീകരിച്ചതല്ല; ശിഫയായി മാറിയ സാല്‍ഡോണ്‍ മനസ്സു തുറക്കുന്നു

തന്റെ വിശ്വസത്തേയും വിവാഹത്തേയും ദുരുപയോഗം ചെയ്ത് വിദ്വേഷവും ഭീതിയും വളര്‍ത്തുന്നതില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ശിഫയായി മാറിയ സാല്‍ഡോണ്‍.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഐ ആം സാല്‍ഡണ്‍ ഐ ആം ശിഫ എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് സമൂഹത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്. ഭര്‍ത്താവ് സയ്യിദ് മുര്‍തസ ആഗ തന്നെ വശീകരിച്ച് മതം മാറ്റിയതാണെന്ന ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ (എല്‍.ബി.എ) വാദം അസംബന്ധമാണെന്ന് ശിഫ കുറിപ്പില്‍ പറയുന്നു.
ഒരു മുസ്്‌ലിം പുരുഷനെ വിവാഹം ചെയ്യാനുളള തന്റെ വ്യക്തിപരമായ തീരുമാനത്തെ ലഡാക്കില്‍ മുഴുവന്‍ വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ഉപയോഗിച്ചുവെന്ന് ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ സ്റ്റാന്‍സിന്‍ സാല്‍ഡോണ്‍ പറയുന്നു.

എന്നെ തിരിച്ചു നല്‍കിയില്ലെങ്കില്‍ മേഖല വിടേണ്ടി വരുമെന്ന് ലഡാക്കിലെ മുസ് ലിം സമുദായത്തിനു മുഴുവന്‍ എല്‍ബിഎ അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം ഏഴിന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തിക്കാണ് എല്‍ബിഎ ഈ ഭീഷണിക്കത്തെഴുതിയത്. ആരും എന്റെ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചില്ല. എന്റെ അഭിപ്രായം പരിഗണിക്കാതെയാണ് മാധ്യമങ്ങള്‍ വിഷയത്തെ മനഃപൂര്‍വം ഉയര്‍ത്തിക്കാണിച്ചത്.

എന്റെ തീരുമാനത്തെ ഞാന്‍ നിയമനുസൃതം വിവാഹം ചെയ്ത ഭര്‍ത്താവിനെതിരേയും മുഴുവന്‍ മുസ്്‌ലിം സമുദായത്തിനെതിരേയും ദുരുപയോഗിക്കുകയാണ് ചെയ്തത്. എഴുന്നേറ്റുനിന്ന് എനിക്ക് വേണ്ടി സംസാരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. എല്‍ബിഎ പ്രസ്താവന അസംബന്ധം മാത്രമല്ല, സ്വന്തം മനസാക്ഷിയെ പിന്തുടരാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നത് കൂടിയാണ്. ഉടന്‍ തന്നെ 30 വയസ്സ് തികയുന്ന വിദ്യസമ്പന്നയും സ്വതന്ത്രയുമായ ഞാന്‍ എന്റെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം കൈക്കൊണ്ടതാണ്. ഓരോ പൗരനും ഈ രാജ്യത്തെ ഭരണഘടന നല്‍കിയ അവകാശമണത്. ഞാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സയ്യിദ് മുര്‍തസ ആഗയെ ഞാന്‍ വിവാഹം ചെയ്തത്. വേറൊരു കാരണവും ഇതിലില്ല.

അഞ്ച് വര്‍ഷം മുമ്പാണ് ഇസ്്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇത് ജനിച്ചുവളര്‍ന്ന മതം ഇഷ്ടപ്പെടാത്തതു കൊണ്ടല്ല. വിവിത മതതത്വങ്ങളും ആദര്‍ശങ്ങളും പഠിക്കാന്‍ നടത്തിയ ശ്രമമാണ് കാരണം. മുര്‍തസയെ കണ്ട് ഇഷ്ടപ്പെടുന്നതിനുമുമ്പ് തന്നെ സംഭവിച്ചതാണിത്. 2016 ഏപ്രില്‍ 22 ന് അന്ന് ഞാന്‍ താമസിച്ചിരുന്ന കര്‍ണാടകയിലെ കോടതിയില്‍ മുസ്്‌ലിമാവുകയാണെന്ന സത്യവാങ്മൂലം നല്‍കിയിരുന്നു. സ്‌നേഹവും ഒരുമിച്ചുളള ജീവിതവും മാത്രമാണ് ഞാനും മുര്‍തസയും തമ്മിലുള്ള വൈവാഹിക കരാറിലുള്ളത്. ആത്മീയ തെരഞ്ഞെടുപ്പ് എന്റെ സ്വന്തം കാര്യമാണ് അതിനെ വിവാഹവുമായി കൂട്ടിക്കുഴക്കരുത്. എന്റെ അനുവാദമില്ലാതെയാണ് എന്റെ വ്യക്തിപരമായ വിവരങ്ങളും രേഖകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
എന്റെ തീരുമാനത്തെ ലഡാക്കിന്റെ സ്വയംപ്രഖ്യാപിത പരിപാലകരായി ചമയുന്നവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കണം. എന്നെ തിരികെ നല്‍കണമെന്ന ആവശ്യം പരിഹാസ്യമാണ്. കാരണം എന്നെ ആരും മോഷ്ടിക്കുകയോ എടുത്തുകൊണ്ടുപോകുകയോ ചെയ്തിട്ടില്ല. ഞാന്‍ ഇവിടെ തന്നെയുണ്ട്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തത്.
വിഭാഗീയത വളര്‍ത്തുന്നവരുടെ നീക്കം പരാജയപ്പെടുത്തണമെന്നും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തണമെന്നും സ്വദേശമായ ലേയിലേയും കാര്‍ഗിലിലേയും ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടാണ് ശിഫയെന്ന സാല്‍ഡോണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest News