മുംബൈ- തുടര്‍ച്ചയായ ലൈംഗികാതിക്രമം സഹിക്കവയ്യാതെ അമ്മ കൊട്ടേഷന്‍ സംഘത്തെ വിട്ട് മകനെ കൊലപ്പെടുത്തി. മുംബൈയിലെ ഭയാന്ദറില്‍ നടന്ന സംഭവത്തില്‍ 55-കാരിയായ അമ്മയേയും മറ്റൊരു മകനേയും സഹായികളേയും മുംബൈ പോലീസ് പിടികൂടി. രാമചന്ദ്രന്‍ ദ്വിവേദി എന്ന 22-കാരനാണ് കൊല്ലപ്പെട്ടത്. അമ്മ രജിനി ഉള്‍പ്പെടെ കുടുംബത്തിലെ പലസ്ത്രീകളോടും പതിവായി രാമചന്ദ്രന്‍ ലൈംഗികാതിക്രമം കാട്ടിയിരുന്നതായി പോലീസ് പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറു മാസത്തോളം തുടര്‍ന്ന പീഡനം സഹിക്കവയ്യാതെയാണ് രജിനി തന്റെ ആദ്യവിവാഹത്തിലെ മകന്‍ 25-കാരനായ സിതാറാമിനോട് അര്‍ധ സഹോദരന്‍ രാമചന്ദ്രനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ ഏര്‍പ്പെടാക്കാന്‍ ആവശ്യപ്പെട്ടത്. 50,000 രൂപ നല്‍കിയാണ് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് രജിനി പോലീസിനോട് വെളിപ്പെടുത്തി.
ഓഗസ്റ്റ് 21-ന് കോറിയില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹത്തെ കുറിച്ചുള്ള പോലീസ് അന്വേഷണമാണ് ഞെട്ടിക്കുന്ന ഈ സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. മൃതദേഹത്തില്‍ ആഴത്തില്‍ കുത്തേറ്റ മുറിവുകള്‍ കണ്ടതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. മൃതദേഹത്തില്‍ രാമചന്ദ്രന്‍, രജിനി എന്നീ പേരുകള്‍ ചാപ്പകുത്തിയത് അന്വേഷണത്തില്‍ തുമ്പുണ്ടാക്കി. അജ്ഞാത മൃതദേഹത്തെകുറിച്ച് പല്‍ഗര്‍ ജില്ല, താനെ, മുംബൈ, നവി മുബൈ എന്നിവിടങ്ങിളെ പോലീസ് സ്റ്റേഷന്‍ പരിധകളില്‍ പരസ്യം നല്‍കിയെങ്കിലും ആരും തിരിച്ചറിഞ്ഞില്ല.
ഭയാന്ദർ പോലീസ് സ്റ്റേഷനില്‍ വച്ച് സുനിത ശര്‍മ എന്ന അയല്‍ക്കാരിയാണ് കാണാതായ രാമചന്ദ്രന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ ഓഗസ്റ്റ് 19-ന് രാത്രി വീടു വിട്ടിറങ്ങിയ രാമചന്ദ്രനെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് അമ്മ രജിനി പോലീസിനോട് ആദ്യം പറഞ്ഞത്. രജിനി നേരത്തെ പോലീസ് സ്റ്റേഷനിലെത്തി മകന്റെ മൃതദേഹം തിരിച്ചറിയാതെ തിരിച്ചു പോയിരുന്നു.
മകനെ കാണാതായിട്ടും പോലീസില്‍ പരാതിപ്പെടാതിരുന്ന രജിനിയുടെ നീക്കത്തില്‍ സംശയം മണത്ത പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ രജിനി സത്യം വെളിപ്പെടുത്തുകയായിരുന്നു. വസായിയില്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നില്ല. ഇയാള്‍ കുടുംബത്തിലെ സ്ത്രീകളെ പലപ്പോഴും ലൈംഗിക പീഡനത്തിനിരയാക്കാറുണ്ടായിരുന്നെന്നും രജിനി പോലീസിനോട് പറഞ്ഞു.
ലൈംഗിക പീഡന വിവരം അചഛന്‍ രാമദാസിനോട് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് രാമചന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ രജിനി വെളിപ്പെടുത്തി. നേരത്തെ രണ്ടാനമ്മയെ മൂംബൈയില്‍ കൊണ്ടു വന്ന് രാമചന്ദ്രന്‍ പീഡിപ്പിച്ചിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയോടും ഇയാള്‍ അതിക്രമം കാട്ടിയിട്ടുണ്ടെന്നും രജിനി പോലീസിനോട് പറഞ്ഞു.
ഓഗസ്റ്റ് 20-നെ പുലര്‍ച്ചെ രണ്ടു മണിക്കാണ് വാഹനം പരിശോധിക്കാനെന്ന വ്യാജേന സീതാറാം അര്‍ധസഹോദരനായ രാമചന്ദ്രനെ വിളിച്ചു പുറത്തേക്കു കൂട്ടി കൊണ്ടു പോയത്. തുടര്‍ന്ന് നേരത്തെ വിളിച്ചേര്‍പ്പെടുത്തിയ സുഹൃത്തുക്കളുമായി ചേര്‍ന്ന് രാമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തി തൊട്ടടുത്ത ക്വോറിയില്‍ തള്ളുകയായിരുന്നു. പോലീസ് അന്വേഷണത്തിലൂടെ സംഭവം പുറത്ത വന്നപ്പോള്‍ മാത്രമാണ് അച്ഛന്‍ രാംദാസ് കാര്യമറിയുന്നത്.