ജിദ്ദ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലോക്ഡൗണും കാരണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇക്കുറി ഈദുല്‍ ഫിത്വര്‍ ആഘോഷം വീടുകളില്‍ ഒതുങ്ങുകയാണ്.
സൗദി അറേബ്യയില്‍ ഈദ് അവധി ദിനങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഈദ് ദിനത്തില്‍ കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണവും പിഴകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡിനെതിരായ മുന്‍കരുതല്‍ നടപടികളും സാമൂഹിക അകലം പാലിക്കാനുള്ള ചട്ടങ്ങളും ഈദിന്റെ പൊലിമ കുറയ്ക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം സങ്കടകരമാണ്. മുസ്ലിംകള്‍ക്ക് അനുവദനീയമായ രണ്ട് ആഘോഷങ്ങളിലൊന്നാണ് സമാഗതമാകുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം വരുന്ന പെരുന്നാള്‍ നോമ്പിലൂടെ കൈവരിച്ച ആത്മീയോല്‍ക്കര്‍ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിശ്വാസികള്‍ അവിസ്മരണീയമാക്കാറുള്ളതാണ്.
പരിമിതികള്‍ക്കിടയിലും ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ പ്രവാസികളും അവരുടെ കൂട്ടായ്മകളും തയാറെടുത്തിട്ടുണ്ട്. ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ച് ആശംസ കൈമാറുകയെന്നത് പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ കാലങ്ങളായി തുടരുന്ന രീതിയാണ്.
ഈദ് ഗാഹുകളില്‍ ഒത്തുചേര്‍ന്ന് പരസ്പരം ആശ്ലേഷിച്ചും ഈദ് മുബാറക്കും ഈദ് സഈദും നേര്‍ന്നുകൊണ്ടുള്ള വലിയ സന്തോഷമാണ് ഇത്തവണ നഷ്ടമാകുന്നത്. അതേസമയം, കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സ് ആപ്പുകളിലൂടെ ഒരു പരിധിവരെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ആംശസകള്‍ കൈമാറാന്‍ സാധിക്കും. വെര്‍ച്വല്‍ ആപ്ലിക്കേഷന്‍ പരമാവധി ഉപയോഗിച്ചാല്‍ ബന്ധുമിത്രാദികളോടോപ്പം ഈദ് ദിനം സന്തോഷ പ്രദമാക്കാം.
കുട്ടികള്‍ക്ക് പെരുന്നാള്‍ പൈസ നല്‍കുന്ന പതിവുള്ളവര്‍ അത് തെറ്റിക്കണമെന്നില്ല. കുട്ടികളെ ചേര്‍ത്ത് പിടിച്ച് മുത്തം നല്‍കുന്നത് മാത്രമേ നഷ്ടമായിട്ടുള്ളൂ. അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാം.
കുടുംബവുമായി താമസിക്കുന്നവര്‍ക്ക് വീടുകളിലും ബാച്ചിലര്‍ ലൈഫ് നയിക്കുന്നവര്‍ക്ക് ഫഌറ്റുകളിലും സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് തന്നെ പെരുന്നാള്‍ ആഘോഷിക്കാം. പെരുന്നാള്‍ ദിനത്തില്‍ ഒരുമിച്ചുള്ള പ്രാതലും പിന്നെ സമൃദ്ധമായ ഭക്ഷണവും ഒരുക്കി കോവിഡ് രോഗം പരത്തിയിരിക്കുന്ന മനഃസംഘര്‍ഷത്തില്‍നിന്ന് മുക്തിനേടാം.
ഗള്‍ഫില്‍ അറിയുന്നവരും അറിയാത്തവരുമായി പലരേയും കോവിഡ് ബാധിച്ചിരിക്കെ എല്ലാവരും
ആശങ്കയിലും പ്രാര്‍ഥനയിലുമാണ് കഴിയുന്നത്. രോഗം ബാധിച്ച് മരിച്ചവരേയും അവരുടെ കുടുംബങ്ങളേയും കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ പ്രവാസിയുടേയും സങ്കടം ഇരട്ടിയാക്കുന്നുണ്ട്.
ഈ കാലവും അകന്നു പോകുമെന്ന ശുഭപ്രതീക്ഷയിലേക്കാണ് വിശുദ്ധ റമദാനില്‍ ആര്‍ജിച്ചെടുത്ത ആത്മീയതയും ഭക്തിയും നയിക്കേണ്ടത്. എല്ലാം സ്രഷ്ടാവിന്റെ നിശ്ചയപ്രകാരം നടക്കുന്നുവെന്നത് വിശ്വാസത്തിന്റെ അടിത്തറയാണ്.
പ്രവാസികള്‍ക്ക് ആത്മവിശ്വസം പകരേണ്ട കൂട്ടായ്മകള്‍ പരിമതികള്‍ മറികടന്നുകൊണ്ട് വെര്‍ച്വല്‍ ഈദാശംസകള്‍ നേരാനും സന്തോഷം പങ്കിടാനും സൗകര്യമൊരുക്കണം. ഇപ്പോള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന
സൂം ആപ്പില്‍ വെര്‍ച്വല്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തക്ബീര്‍ മുഴക്കാം. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന തക്ബീര്‍ പെരുന്നാളിന്റെ അവിഭാജ്യ ഭാഗമാണ്. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതുവരെ വെര്‍ച്വല്‍ കൂട്ടായ്മയില്‍ ഇരുന്നു തക്ബീര്‍ ചൊല്ലാം. നമസ്‌കാരത്തിനു ശേഷം ഒരുമിച്ച് കേള്‍ക്കാവുന്ന ഉദ്‌ബോധനങ്ങള്‍ വിവിധ സംഘടനകളിലെ നേതാക്കളും ഇമാമുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. നമസ്‌കാരത്തിനുശേഷം അവ കേള്‍ക്കാം.
പ്രവാസികളിലെ കലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും സൂം മീറ്റിംഗിലൂടെയും അതുപോലുള്ള ആപ്ലിക്കേഷനുകളിലൂടെയും പാട്ടുകളും മറ്റു കലാപരിപാടികളുമൊക്കെ സംഘടിപ്പിക്കാം.
അങ്ങനെ കോവിഡ് ലോക്ഡൗണിനിടയിലും സവിശേഷമായൊരു ഈദാഘോഷം ഇത്തവണ ഒരുക്കാം.