കൊല്ലം- അഞ്ചല്‍ ഏറത്ത് ഉത്ര(25) എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മാര്‍ച്ച് മാസം രണ്ടിന് അടൂര്‍ പറക്കോട് ഭര്‍ത്താവിന്റെ വീട്ടില്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന്മാതാപിതാക്കളുടെ ഏറം വിഷു (വെള്ളാശേരില്‍) വീട്ടില്‍ഭര്‍ത്താവിന്റെയൊപ്പം ഒരേ മുറിയില്‍ കഴിയവെ ഉത്ര മരിച്ചു കിടക്കുകയായിരുന്നു. രാവിലെ മാതാവ് ചായയുമായി എത്തി വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുന്നത് കണ്ട ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയധികൃതര്‍ മരണകാരണം പാമ്പ് കടിയേറ്റതാണെന്ന് അറിയിച്ചു. ഇത്ആദ്യം ബന്ധുക്കള്‍ക്ക് വിശ്വസിക്കാനായില്ല. ഉടനെ ബന്ധുക്കള്‍ ഏറത്തെ വീട്ടില്‍ ഉത്രയും ഭര്‍ത്താവുംകിടന്ന മുറി പരിശോധിച്ചപ്പോള്‍അവിടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ച് കൊല്ലുകയും ചെയ്തു. രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ല. ആദ്യ തവണ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത് അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ് ജീവന്‍ തിരിച്ചു കിട്ടിയത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാലില്‍ പാമ്പ് കടിയേറ്റ മുറിവില്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ നടത്തേണ്ടി വന്നു. ഇതിന്റെ മുറിപ്പാടുകള്‍ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. അടച്ചിട്ട എ.സി റൂമില്‍ വച്ചാണ് പാമ്പ് കടിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് അടൂര്‍ പറക്കോട് ശ്രീ സൂര്യയില്‍ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാരും ഭര്‍ത്താവും മാതാപിതാക്കളില്‍നിന്നു പണം വാങ്ങി കൊടുക്കുന്നതിനായി ഉത്രയെ ശല്യം ചെയ്തിരുന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകള്‍ക്ക്ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതായി പറയുന്നത്. അതിന് മുന്‍പ് ഭര്‍ത്താവ് വീടിന്റെ മുകളിലെ നിലയില്‍ ഇരിക്കുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഉത്രയെ പറഞ്ഞ് വിട്ടു. പടി കയറുമ്പോള്‍ അവിടെ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോള്‍ ഭര്‍ത്താവ് സൂരജ് ചെന്ന്ആ പാമ്പിനെ വടി കൊണ്ട് നീക്കി ഒരു ചാക്കിലാക്കിയതായി മകള്‍ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നു. ആദ്യം പാമ്പ് കടിച്ചു എന്നു പറയുന്ന ദിവസം ഭര്‍ത്താവിനോട് മകള്‍ എന്തോ കാലില്‍ വേദന തോന്നുന്നുവെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പെയിന്‍ കില്ലര്‍ കൊടുത്ത് കിടന്നുറങ്ങാന്‍ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോള്‍ മാത്രമാണ്ആശുപത്രിയില്‍ കൊണ്ട് പോയതെന്നും ആശുപത്രിയിലും മാതാപിതാക്കള്‍ പരിചരിക്കാന്‍ നില്ക്കുന്നത് ഭര്‍ത്താവ് സൂരജ് വിലക്കിയിരുന്നതായും അവര്‍ പറഞ്ഞു. മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വരുമ്പോള്‍ചികിത്സയിലായതിനാല്‍ ഭര്‍ത്താവ്രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നുംമകള്‍ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകള്‍ കിടന്ന മുറിയില്‍ തന്നെബോധപൂര്‍വ്വം കിടന്നതാണെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. മകളെ ആ മുറിയില്‍ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കില്‍ ഭര്‍ത്താവ് എന്തുകൊണ്ട് അറിഞ്ഞില്ല എന്നിങ്ങനെയുളള സംശങ്ങള്‍ അടങ്ങിയ പരാതി മാതാവ് മണിമേഖല, പിതാവ്വിജയസേനന്‍ എന്നിവര്‍ അഞ്ചല്‍സി.ഐ സി.എല്‍ സുധീര്‍, കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ മകളെ ഭര്‍ത്താവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കള്‍ അഞ്ചലില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.






