Sorry, you need to enable JavaScript to visit this website.

കോവിഡ് മാറിയവരിലെ വൈറസ് മറ്റുള്ളവരിലേക്ക് പകരില്ല: കൊറിയന്‍ ഗവേഷകര്‍

സോള്‍- കോവിഡ് ഭേദമായതിന് ശേഷവും വൈറസ് പോസിറ്റീവായി തുടരുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്ന് പഠനവുമായി കൊറിയന്‍ ഗവേഷകര്‍. കൊറിയന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകരാണ് ഈ വിവരം അറിയിച്ചത്. 285 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതായിട്ടും ഇവരില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ വൈറസ് ഉണ്ടായിരുന്നുവെങ്കിലും അവ നിര്‍ജീവവും മറ്റുള്ളവരില്‍ രോഗമുണ്ടാക്കാന്‍ ശേഷിയില്ലാത്തവയുമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല കോവിഡ് ഭേദമായവര്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പുതിയ വിവരങ്ങള്‍ വന്നതോടെ കോവിഡ് ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയ ആളുകളെ തുടര്‍ന്നും ഐസൊലേഷനില്‍ പാര്‍പ്പിക്കേണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതരുടെ നിലപാട്.
നിലവില്‍ ഉപയോഗിക്കുന്ന പിസിആര്‍ ടെസ്റ്റില്‍ നിര്‍ജീവമായതും അല്ലാത്തതുമായ വൈറസുകളെ തിരിച്ചറിയാന്‍ സാധിക്കില്ല അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിര്‍ജീവമായ വൈറസ് ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.
 

Latest News