ദമാം- അൽ കോബാറിൽ മരിച്ച കാസർക്കോട് കുമ്പള ആരിക്കാട് സ്വദേശി പുജൂർ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ (59) മരണകാരണം കോവിഡാണന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം അൽ കോബാർ ദോസ്സരി ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം അൽ കോബാറിൽ ഒരു റെസ്‌റ്റോറന്റിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ച മുമ്പ് പനിയും ചുമയും പിടിപെട്ടതിനെ തുടർന്ന് കോബാറിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്റെറിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീണ്ടും അസുഖം ശക്തമായതിനെ തുടർന്ന് അടുത്തുള്ള ദോസാരി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിനു കോവിഡ് ലക്ഷണമുള്ളതിനാൽ പരിശോധന പൂർത്തിയാക്കിയ ശേഷം കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദോസ്സരി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് കാസർക്കോട് ജില്ലാ സോഷ്യൽ ഫോറം കോർഡിനേറ്റർ അൻവർ ഖാൻ അറിയിച്ചു. മൃതദേഹം സംസ്‌ക്കരിക്കുന്നതുമായുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധുക്കളായ മുനാഫിർ, ഇബ്രാഹിം ആരിക്കാടൻ എന്നിവർ അറിയിച്ചു.