കൊച്ചി- നടിയെ ആക്രമിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ട പ്രതി ദിലീപ് അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സോപാധിക ജാമ്യം അനുവദിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വ്യക്തമാക്കി ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേന ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രതിക്കെതിരെ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. രണ്ടും തവണ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ജൂലൈ 10-നാണ് കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 90 ദിവസം പിന്നിട്ടാല്‍ സ്വാഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ട്.
അതേസമയം അന്വേഷണം അവസാന ഘട്ടത്തിലെത്തിയ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നറിയുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് ജയിലില്‍ തന്നെ തുടരേണ്ടി വന്നേക്കാം. ഒക്ടോബര്‍ 10-നാണ് അന്വേഷണം 90 ദിവസം പൂര്‍ത്തിയാകുക. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്.
ഗൂഢാലോചനയും ആസൂത്രണവുമാണിപ്പോള്‍ പോലീസ് അന്വേഷിച്ചു വരുന്നത്. മുഖ്യസൂത്രധാരനായ ദിലീപിനെ സഹായിച്ച മറ്റുള്ളവരെ ചുറ്റിപറ്റിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് ദിലീപിനോട് ഏറ്റവും അടുപ്പമുള്ള സുഹൃത്ത് നടന്‍ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ നാദിര്‍ഷ പലതും മറച്ചുവയ്ക്കുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സാക്ഷി മൊഴികളില്‍ നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നത്. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നാദിര്‍ഷയില്‍ നിന്നും 25000 രൂപ കൈപ്പറ്റിയതായി കേസില്‍ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ വെളിപ്പെടുത്തലിനെ പറ്റിയും അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നത്.
ദിലീപിനെ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് പോലീസ് നടത്തിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട ദിവസം നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെ്ട്ട നടിയെ വിളിക്കുമെന്ന് ആക്രമണ സമയത്ത് പ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ഇരയാക്കപ്പെട്ട നടിയോട് പറഞ്ഞിരുന്നു. ഈ നടിയുടെ അടുത്ത സുഹൃത്തായ രമ്യ നമ്പീശന്റെ വീട്ടിലേക്കു വന്ന ദിലീപിന്റെ ഫോണ്‍ വിളി അസ്വാഭാവികമാണെന്നാണ് പൊലീസ് നിഗമനം.






