Sorry, you need to enable JavaScript to visit this website.

മഴക്കെടുതികൾ നേരിടാൻ ഒരുക്കം; കോവിഡ് കാലത്ത്  ദുരിതാശ്വാസ ക്യാമ്പുകളിലും ജാഗ്രത

തിരുവനന്തപുരം- മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകന യോഗം ചേർന്നത്. 
തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യ ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികൾ നേരിടുക. 


കാലവർഷം ഇക്കുറി സാധാരണ നിലയിൽ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികൾ കുറയ്ക്കാനുള്ള മുൻകരുതൽ കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാനതല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ജൂൺ ഒന്നു മുതൽ പ്രവർത്തനം തുടങ്ങും.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ്19 സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും തദ്ദേശ, റവന്യൂ, ആരോഗ്യ വകുപ്പുകൾ പ്രവർത്തിക്കുക. മുൻവർഷങ്ങളിലെ മഴക്കെടുതികളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനനുസൃതമായി ലഭ്യമായ വിശദ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാൻ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിൽ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതു ഉൾക്കൊണ്ടുള്ള മഴക്കാല പൂർവ മുന്നൊരുക്കങ്ങളാണ് വകുപ്പുകൾ നടത്തേണ്ടത്. ഇത്തരം ദുരന്ത നിവാരണ പദ്ധതികളിലൂടെ ഓരോ പ്രാദേശിക സർക്കാരിനും പ്രശ്‌ന സാധ്യതാ മേഖലകളും കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെയും അടയാളപ്പെടുത്താനും ആവശ്യമുള്ളപ്പോൾ തുടർ നടപടികൾ സ്വീകരിക്കാനും സൗകര്യമുണ്ട്. ദുരന്ത പ്രതികരണ സേ നകളും നിലവിലുണ്ട്.


കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുക്കുന്നത് പ്രത്യേകം ശ്രദ്ധിക്കും. ഇതിനായി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ കൂടി നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായമേറിയവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കും. ഇത്തരം സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കണ്ടെത്തും. സന്നദ്ധ സേനയ്ക്ക് വരുന്ന ആഴ്ചകളിൽ കൂടുതൽ ഓൺലൈൻ പരിശീലനം നൽകും. അഗ്‌നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് സേനയും ദുരന്ത നിവാരണത്തിന് സഹായിക്കും. ഓരോ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി ആപ്താ മിത്ര സംഘവും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി ഒഴിപ്പിക്കൽ മാർഗരേഖ, മാപ്പുകൾ എന്നിവ വകുപ്പുകൾ ഏ കോപിപ്പിച്ച് തയാറാക്കി വിവരങ്ങൾ പരസ്പരം ലഭ്യമാക്കും. വിവിധ സ്ഥല ങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താൻ ദുരന്ത നിവാരണ അതോറിറ്റി 150 ലേറെ ഹെലിലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ ശേഷിയും ഉപയോഗിച്ചുള്ള സഹകരണത്തിന് തയാറാണെന്ന് വിവിധ സേനാ വിഭാഗങ്ങൾ യോഗത്തിൽ ഉറപ്പു നൽകി.


യോഗത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ: കെ. സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. കെ.പി. സുധീർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ എൽ. കുര്യാക്കോസ്, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, വിവിധ കേന്ദ്ര സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

Latest News