ഒടുവില്‍ സൂചി മൗനം വെടിഞ്ഞു; റാഖൈനില്‍ ദുരിതമനുഭവിക്കുന്ന 'എല്ലാവരെ' കുറിച്ചോര്‍ത്തും ദുഃഖമുണ്ടെന്ന്

നയ്പിഡോ (മ്യാന്‍മര്‍)- നാല് ലക്ഷത്തിലേറെ റോഹിങ്ക്യ മുസ്ലിംകളെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അടിച്ചോടിച്ച റാഖൈനിലെ മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടി ലോകത്തൊട്ടാകെ പ്രതിഷേധമുണ്ടാക്കുന്നതിനിടെ ഖേദ പ്രകടനവുമായി മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി രംഗത്തെത്തി.

റാഖൈനില്‍ രൂക്ഷമായ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളെ കുറിച്ചോര്‍ത്തും അതിയായ ദുഃഖമുണ്ടെന്ന് ലൈവ് ടിവി പ്രസംഗത്തില്‍ സൂചി പറഞ്ഞു. രണ്ടു മാസത്തോളമായി റോഹിങ്ക്യന്‍ മേഖലയില്‍ തുടരുന്ന രൂക്ഷമായ അതിക്രമങ്ങളെ തുടര്‍ന്ന് 4,10,000 മുസ്ലിംകളാണ് റാഖൈന്‍ വിട്ട് അഭയം തേടി അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്. ഈ സംഭവത്തിനു ശേഷം ആദ്യമായാണ് സൂചിയുടെ പ്രതികരണം പുറത്തു വരുന്നത്. 

 

വീടുകള്‍ തീയിട്ടു നശിപ്പിക്കപ്പെടുകയും ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും നാലു ലക്ഷത്തിലേറെ പേര്‍ അഭയംതേടി പാലായനം ചെയ്തിട്ടും സമാധാന നൊബേല്‍ ജേതാവ് സൂചി പ്രതികരിക്കാത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അവർ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിക്രമങ്ങള്‍ മൂലം വീടുപേക്ഷിക്കേണ്ടി വന്ന മുസ്ലിംകളെ സൂചി പരാമര്‍ശിക്കുകയും ചെയ്തു. 

 

'നിരവധി മുസ്ലിംകള്‍ക്ക് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യേണ്ടി വന്നത് ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഏതു തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തേയും ശക്തമായി അപലപിക്കുന്നു,' എന്നും അവർ വ്യക്തമാക്കി. 

 

അഭയാര്‍ത്ഥികളായി രാജ്യം വിട്ടുപോയ 4,10,000 റോഹിങ്ക്യ മുസ്ലിംകളുടെ രേഖകള്‍ പരിശോധിച്ച് യോഗ്യരായവരെ പുനരധിവസിപ്പിക്കാന്‍ മ്യാന്‍മർ എപ്പോഴും തയാറാണമെന്നും സൂചി പറഞ്ഞു. യോഗ്യതയുള്ളവരുടെ മടങ്ങിവരവിനും പുനരധിവാസത്തിനും സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 'പരിശോധനാ നടപടികള്‍ എപ്പോള്‍ തുടങ്ങാനും ഞങ്ങള്‍ തയാറാണ്' എന്ന് സൂചി പറഞ്ഞെങ്കിലും എല്ലാ അഭയാര്‍ത്ഥികളേയും തിരിച്ചു സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല.

 

Latest News