കൽപറ്റ-കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിൽ 1245 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3005 ആയി. രോഗം സ്ഥിരീകരിച്ച 16 ആളുകൾ ഉൾപ്പെടെ 26 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്നലെ 176 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ജില്ലയിൽനിന്നു ഇതുവരെ പരിശോധനക്ക് അയച്ച 1398 സ്രവ സാമ്പിളിൽ 1000 ഫലം ലഭിച്ചതിൽ 977 എണ്ണം നെഗറ്റീവാണ്. 391 ഫലം ലഭിക്കാനുണ്ട്. ഇന്നലെ 76 സാമ്പിൾ പരിശോധനക്കു വിട്ടു. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 41 പേരുടെയും നാലു പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിൾ ഉൾപ്പെടും.
മീനങ്ങാടി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 17 വാർഡുകൾ, തച്ചമ്പത്ത് കോളനി, അമ്പലവയൽ പഞ്ചായത്തിലെ മാങ്ങോട്ട് കോളനി എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്നു ഒഴിവാക്കി. മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകൾ, മീനങ്ങാടി പഞ്ചായത്തിലെ ഏഴ്, 10, 11, 13, 14, 15, 16, 18 വാർഡുകൾ, തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ്, നെന്മേനി പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14 വാർഡുകൾ, പനമരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ തുടരും.
വിവിധ സംസ്ഥാനങ്ങളിൽനിന്നു ഇന്നലെ മുത്തങ്ങ ചെക്പോസ്റ്റ് വഴി 239 പേർ ജില്ലയിൽ എത്തി. മുത്തങ്ങ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിൽ 105 ഉം കലൂർ ഫെസിലിറ്റേഷൻ സെന്ററിൽ 134 ഉം ആളുകളാണ് എത്തിയത്. മെയ് നാലിനു ശേഷം ഇന്നലെ വരെ 8706 പേരാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നു മുത്തങ്ങയിലൂടെ കേരളത്തിൽ പ്രവേശിച്ചത്. വിദേശത്തുനിന്നു 20 പേർ കൂടി ജില്ലയിലെത്തി. ഇതിൽ ഏഴ് പേരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലും 12 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഒരാൾ സമീപ ജില്ലയിലെ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്നലെ വരെ 94 പ്രവാസികളാണ് ജില്ലയിലെത്തിയത്. 52 പേർ വീടുകളിലും 42 പേർ ക്വാറന്റൈൻ കേന്ദ്രത്തിലുമാണ്.
അന്തർ ജില്ലാ യാത്രകൾക്ക് സർക്കാർ ഇളവ് അനുവദിച്ച സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലാ അതിർത്തികളിലെ ചെക്പോസ്റ്റുകളിൽ സേവനത്തിനു നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ചു. ജീവനക്കാർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതര സംസ്ഥാന അതിർത്തി ചെക്പോസ്റ്റുകളിൽ തൽസ്ഥിതി തുടരും. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാക്കി.