ഗോഹട്ടി- ബി ജെ പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒഴിവാക്കിയ അസാമിലെ മുസ്ലിം യുവ നേതാവ് ബേനസീര്‍ അര്‍ഫാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബിജെപിയുടെ നേതൃത്വത്തിലുള്ള മസ്ദൂര്‍ മോര്‍ച്ചയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്ന ബേനസീര്‍ റോഹിങ്ക്യ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. കഴിഞ്ഞയാഴ്ച നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ബേനസീറില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന് ബിജെപി ആസാം സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ പറഞ്ഞു.
പാര്‍ട്ടിയോട് ആലോചിക്കാതെ ഗോഹട്ടിയില്‍ റോഹിങ്യ മുസ്ലിംകള്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിച്ചുവെന്നാണ് ബേനസീറിനു മേല്‍ ആരോപിക്കപ്പെട്ട തെറ്റ്. ബിജെപിയുടെ സംസ്ഥാന അച്ചടക്ക സമിതിയുടേതാണ് തീരുമാനമെന്നും സൈകിയ വ്യക്തമാക്കി. റോഹിങ്ക്യകള്‍ക്കു വേണ്ടിയുള്ള റാലിക്കു പുറമെ സോഷ്യല്‍ മീഡിയയിലെ ബേനസീറിന്റെ പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും സമിതി പരിശോധിച്ചു.
എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാന്‍ തയാറായില്ലെന്നാണ് ബേനസീര്‍ പറയുന്നത്. ഏകപക്ഷീയമായി നടപടി എടുക്കുന്നതിനു പകരം അച്ചടക്കസമിതി തന്നെ വിളിച്ചു വരുത്തി വാദം കേള്‍ക്കാന്‍ തയാറാകണമായിരുന്നെന്നും അവര്‍ പറഞ്ഞു. സിവില്‍ എഞ്ചിനീയറായ ബേനസീര്‍ (31) 2015-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാനിയ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വെറും 6,055 വോട്ടുകളെ നേടാനായുള്ളൂ. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ അബ്ദുല്‍ ഖാലിഖ് 86,930 വോട്ടു നേടി വിജയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കിയതിനു തൊട്ടുപിറകെ ഭര്‍ത്താവ് ത്വലാക് ചൊല്ലി ബേനസീറിനെ വിവാഹ മോചനം ചെയ്തിരുന്നു. ബിജെപി കാരണമാണ് താന്‍ മുത്തലാഖിന്റെ ഇരയായതെന്നും ബിജെപി തന്നെ മത്സരിപ്പിച്ചതിനാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതെന്നും ബേനസീര്‍ പറയുന്നു.






