Sorry, you need to enable JavaScript to visit this website.

അത്യുന്നതം, അത്യുദാരം 'സകാത്തി' ന്റെ സന്ദേശം

അടിസ്ഥാനപരമായ ചില വിശ്വാസങ്ങൾ പ്രമാണബദ്ധമായി ഉൾക്കൊള്ളുന്നതോടൊപ്പം തദടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളുടെയും സ്വഭാവങ്ങളുടെയും സമുച്ചയമാണ് ഇസ്‌ലാം. യഥാർഥ വിശ്വാസം നിലനിർത്തിക്കൊണ്ട് നിർബന്ധമായും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ കഴിവനുസരിച്ച് ചെയ്താലേ ഒരാൾ മുസ്‌ലിമാവുകയുള്ളൂ. വിശ്വാസ (ഈമാൻ) കാര്യങ്ങൾ അനുഷ്ഠാന (ഇസ്‌ലാം ) കാര്യങ്ങൾ എന്നിങ്ങനെ രണ്ടു വിഷയങ്ങൾ അടിസ്ഥാനപരമായി ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കണം. ഈ അനുഷ്ഠാന കാര്യങ്ങളിലൊന്നാണ് സകാത്ത്. ധനികൻ തന്റെ സമ്പത്തിൽ നിന്ന് മതം നിശ്ചയിച്ച പരിധിയിലെത്തിയാൽ സകാത്ത് കൊടുക്കണം എന്നത് മുസ്‌ലിമാവാനുള്ള ഉപാധിയിൽ ഒന്നാണ്. മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ച അവിശ്വാസികൾ ശത്രുത ഉപേക്ഷിച്ച് ഖേദിച്ചു മടങ്ങി എന്ന് ബോധ്യമാവണമെങ്കിൽ അവർ നമസ്‌കരിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നതായി കാണണം എന്ന് അല്ലാഹു പറയുന്നത് നോക്കുക. 
''ഇനി അവർ (യുദ്ധം അവസാനിപ്പിച്ച്) പശ്ചാത്തപിക്കുകയും നമസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക (വി.ഖു: 9:5)
''എന്നാൽ അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു'' (വി.ഖു 9.11)
നമസ്‌കാരത്തേയും സകാത്തിനെയും ചേർത്തിക്കൊണ്ട് എൺപതിലധികം സ്ഥലങ്ങളിൽ ഖുർആനിൽ വിവരണം കാണാം. ഒന്ന് ആത്മാവിന്റെ ശുദ്ധീകരണവും മറ്റൊന്ന് സമ്പത്തിന്റെ ശുദ്ധീകരണവുമാണല്ലോ. 


ഒരാളുടെ സമ്പത്ത് തന്റെ ഉടമസ്ഥതയിൽ ഒരു ഹിജ്‌റ വർഷം പൂർത്തിയാക്കിയാൽ സകാത്ത് നിർബന്ധമായി. കൃഷികൾക്ക് വിളവെടുപ്പ് സമയത്താണ് കൊടുക്കേണ്ടത്. സമ്പത്തിനും കൃഷിക്കും നിശ്ചിത പരിധിയുണ്ടങ്കിലേ നിർബന്ധമുള്ളൂ. അത് താഴെ വിവരിക്കുന്നുണ്ട്. എന്നാൽ റമദാനിൽ പ്രത്യേകം സകാത്തിനെ പരാമർശിക്കുന്നത്, വിശ്വാസികൾക്ക് കൂടുതൽ ഭക്തിയും വീണ്ടുവിചാരവും ഉണ്ടാകാനിടയുള്ള പുണ്യ മാസമാണ് എന്നതു കൊണ്ടു മാത്രമാണ്. വർഷം പൂർത്തിയായിട്ടും സകാത്ത് കൊടുത്തു വീട്ടാതെ മരണപ്പെട്ടാൽ അയാളുടെ അനന്തര സ്വത്തിൽനിന്ന് അത് നീക്കിവെച്ച ശേഷമേ ഓഹരി വെക്കാൻ മതം അനുവദിക്കുന്നുള്ളൂ. 
നബി (സ)യുടെ കാലത്ത് പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവർ നമസ്‌കാരം മുറപോലെ നിർവഹിക്കാമെന്നും സകാത്ത് നൽകാമെന്നും ബൈഅത്ത് (കരാർ) ചെയ്യാറുണ്ടായിരുന്നു എന്ന് പ്രസിദ്ധ സ്വഹാബി ജാബിർ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിച്ച ഹദീഥിൽ കാണാം. 

വിസമ്മതത്തിന്റെ ഗൗരവം
സകാത്ത് നൽകാൻ വിസമ്മതിച്ചവരോട് ഞാനത് പിടിച്ചു വാങ്ങുമെന്ന് നബി (സ) താക്കീത് നൽകിയത് കാണാം. അബൂബക്കർ (റ) ഖലീഫയായി അധികാരമേറ്റ ശേഷം, സകാത്ത് നൽകുകയില്ലെന്ന് പറഞ്ഞ ഒരു വിഭാഗം ജനങ്ങളോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചതും ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. സകാത്ത് കൊടുക്കാതെ, ദരിദ്രരുടെ അവകാശം തന്റെ മറ്റു സമ്പത്തുമായി കൂടിക്കലർന്നാൽ മൊത്തം സമ്പത്തും നശിക്കുമെന്നും നിഷിദ്ധമായ സമ്പത്ത് കൊണ്ട് ഭക്ഷിക്കുകയും ധരിക്കുകയും ചെയ്തവൻ എത്ര പ്രാർഥിച്ചാലും അല്ലാഹു ഉത്തരം നൽകുകയില്ലെന്നും നബി (സ്വ) പഠിപ്പിച്ചിരിക്കുന്നു. സകാത്ത് നൽകാത്ത സമൂഹത്തെ അല്ലാഹു ക്ഷാമം കൊണ്ടു പരീക്ഷിക്കുമെന്നും, അത്തരം സമൂഹത്തിൽ മഴ ലഭിക്കുകയില്ലെന്നും വേറെയും ഹദീസുകളിൽ കാണാം. ഇതിനു പുറമെ പരലോക ശിക്ഷ വേറെയുമുണ്ട്. അല്ലാഹു പറയുന്നു. 


''അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്കു ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം അവർക്കു മാല ചാർത്തപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (വി.ഖു 3:180)
നബി (സ) പറഞ്ഞു: ഒരാൾക്ക് അല്ലാഹു ധനം നൽകിയിട്ടുണ്ട്. അതിന്റെ സകാത്ത് നൽകിയില്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം അയാളുടെ മുമ്പിൽ ഒരു ഭീകര സർപ്പം പ്രത്യക്ഷപ്പെടും. അതിന് ഉണങ്ങിയ മുന്തിരിപൊലെയുള്ള രണ്ടു കണ്ണുകളുണ്ടായിരിക്കും. ആ സർപ്പം അവന്റെ കഴുത്തിൽ ചുറ്റി അണപ്പല്ലു കൊണ്ട് അവനെ കൊത്തിക്കൊണ്ടിരിക്കുകയും ഞാൻ നിന്റെ ധനമാണ്, ഞാൻ നിന്റെ ശേഖരനിധിയാണ് എന്നത് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും (ബുഖാരി). 

സകാത്ത് എല്ലാ സമുദായങ്ങളിലും
പങ്ങളിൽ ഓരോ നബിമാരുടെ കാലത്തെ പ്രത്യേകതകൾക്കനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും എല്ലാ നബിമാരും സകാത്ത് നൽകാൻ കൽപ്പിച്ചതായി ഖുർആനിൽ കാണാം. മുഹമ്മദ് നബി (സ) ഹിജ്‌റക്കുമുമ്പ് തന്നെ ഖുർആൻ വചനങ്ങൾ മുഖേന സകാത്തിനെപ്പറ്റി ഉദ്‌ബോധിപ്പിച്ചിരുന്നുവെങ്കിലും മദീനയിൽ വെച്ച് ഹിജ്‌റ മൂന്നാം വർഷത്തിലാണ് വിശദമായി അതിന്റെ നിയമ നിർദ്ദേശങ്ങൾ പഠിപ്പിച്ചത്. ഖുലഫാഉറാശിദുകളുടെ കാലത്തും പിന്നീട് ഉത്തമ നൂറ്റാണ്ടുകളിലും മുസ്‌ലിം സമൂഹത്തിലെ ഒരു സുരക്ഷിത ഘടകമായി സകാത്ത് അതിന്റെ വിധി പ്രകാരം നിലനിന്നു. ഓരോ കാലത്തും നിലവിലുണ്ടായിരുന്ന സാമ്പത്തിക സ്രോതസ്സും, വിനിമയ സ്വഭാവവും പരിഗണിച്ച് പണ്ഡിതന്മാർ പ്രമാണബദ്ധമായി സകാത്തിനെ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുയും ചെയ്തു. 
എന്നാൽ പിൽക്കാലത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ അഭാവത്തിൽ സകാത്ത് സംഭരണത്തിനും വിതരണത്തിനും പലമാറ്റങ്ങളും സംഭവിച്ചു. വരുമാന മാർഗം, ക്രയവിക്രയ രീതി, നാണയങ്ങളുടെ സ്വഭാവം എന്നിവയിൽ പല നാടുകളിലും വൈവിധ്യമുണ്ടായി. ഇത് പഠിച്ച് ശരീഅത്തിന്റെ പണ്ഡിതന്മാർ കർമ്മശാസ്ത്രവിധികൾ പുറപ്പെടുവിച്ചപ്പോൾ സ്വാഭാവികമായി അഭിപ്രായ വ്യത്യസം പ്രത്യക്ഷപ്പെട്ടു. അവസാനവാക്ക് പറയാൻ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത അവസ്ഥയിൽ വിവിധ അഭിപ്രായങ്ങൾ നിലനിന്നുവെങ്കിലും ഖുർആനിന്റെയും നബി ചര്യയുടെയും വെളിച്ചത്തിലുള്ള കർമ്മശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സകാത്ത് സംവിധാനം ഭരണവ്യവസ്ഥക്ക് കീഴിലും, അല്ലാതെയും ഇസ്‌ലാമിക സംഘടനകൾക്ക് കീഴിലും അഭംഗുരം ഇന്നും നിലനിൽക്കുന്നു എന്നത് ആശ്വാസകരമാണ്. 

ചില ധാരണപ്പിഴകൾ
മുസ്‌ലിം സമൂഹം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ദാനധർമ്മ രംഗത്ത് വളരെ മുൻപന്തിയിലാണെന്ന കാര്യത്തിൽ സംശയമില്ല. കുറി, പയറ്റ്, പരസ്പര സഹായ നിധി തുടങ്ങിയ നാടൻ സംവിധാനങ്ങളും, രാജ്യത്തുള്ള അനേകായിരം മസ്ജിദുകളും, മദ്‌റസകളും, മറ്റു മത സ്ഥാപനങ്ങളും, മതപ്രവർത്തനങ്ങളും, മഹാ സമ്മേളനങ്ങളും, പൊതു പ്രവർത്തനങ്ങളും, റിലീഫുകളും എല്ലാമായി കോടികളുടെ സാമ്പത്തിക വിന്യാസം സമൂഹത്തിൽ നടക്കുന്നുമുണ്ട്. ഇവയിൽ പലതും തനിക്ക് ബാധ്യതപ്പെട്ട സകാത്തിന്റെ സമ്പത്തു തന്നെയാണ് കൊടുക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളും കുറെയൊക്കെ സകാത്തിന്റെ അവകാശികൾ തന്നെയാണ്. ഞാൻ സംഭാവന ചെയ്യുന്നുണ്ടല്ലോ എന്നാണ് പലരും സ്വയം സമാധാനിക്കുന്നത്. എന്നാൽ ഇസ്‌ലാം സകാത്ത് പഠിപ്പിച്ചപ്പോൾ അത് ആര്, എത്ര, ആർക്ക് കൊടുക്കണം എന്നു നിർണയിച്ചിട്ടുണ്ട്. കൃത്യമായ കണക്കും നിർണയവും വിവരിച്ചിട്ടുമുണ്ട്. ഒരു പക്ഷേ നാം കൊടുക്കുന്ന സംഭാവനകൾ സകാത്തിന്റെ വിഹിതത്തേക്കാൾ കൂടുതലുമായിരിക്കും. ഈ സംഭാവനകൾ തന്നെ അതു പിരിക്കാൻ  വരുന്നവരുടെ നിലവാരം നോക്കിയാണ് പലരും കൊടുക്കാൻ നിർബന്ധിതരാവുന്നത്. ഇതിനു പുറമെ സകാത്തിന്റെ ഗുണഭോക്താക്കളെ ഇസ്‌ലാം കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. ആ നിർണയമനുസരിച്ചായിരിക്കില്ല ഈ സംഭാവനകൾ ചെന്നെത്തുന്നത്. 


നമസ്‌കാരം, നോമ്പ്, ഹജ് പോലെ ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണല്ലോ സകാത്തും. ഈ ആരാധനകൾക്കെല്ലാം നിശ്ചയിച്ച സമയവും നിബന്ധനകളും അനുഷ്ഠാന രീതികളും എണ്ണവുമുണ്ട്. പുലെർന്നെഴുന്നേറ്റ് കുറെ റക്അത്തുകൾ നമസ്‌കരിച്ചു രണ്ട് റക്അത്ത് സുബ്ഹിക്കും ബാക്കി പുണ്യത്തിനും ആവട്ടെ എന്ന് ആരും വിചാരിക്കാറില്ല. നമുക്ക് സൗകര്യപ്പെടുമ്പോൾ നോമ്പനുഷ്ഠിച്ച് റമദാനിലെ കണക്കിൽ കൂട്ടി കൂടാ.  ഹജും ഇത് പോലെ തന്നെ. അതിന്റെ സമയവും ദിവസവും മാസവും പരിഗണിച്ചേ മതിയാവൂ. സകാത്തിനും ആ നിശ്ചിത രീതി സ്വീകരിച്ചാലേ ബാധ്യത പൂർത്തിയാവുകയുള്ളൂ. 

കണക്കും ബാധ്യതയും
കാർഷിക വിളകൾ, മറ്റു സാമ്പത്തിക വരുമാനങ്ങൾ എന്നിവയാണ് സാധാരണയായി നമുക്കിടയിൽ സകാത്തിന്റെ പരിധിയിൽ വരുന്നത്. ഭൂമിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വരുമാന മാർഗമായി ഗണിക്കപ്പെടുന്ന എല്ലാ വിളവുകൾക്കും പരിധി (നിസ്വാബ്) എത്തിയാൽ സകാത്ത് കൊടുക്കണം. നമ്മുടെ മുഖ്യാഹാരമായ അരിയെ അടിസ്ഥാനപ്പെടുത്തി പരിധി നിശ്ചയിക്കുകയാണ് എല്ലാവർക്കും സൗകര്യം. 612 കിലോ അരിക്കു തുല്യമായ നെല്ല്, അല്ലെങ്കിൽ അതിന്റെ നടപ്പു വിലക്കു തുല്ല്യമായി സൂക്ഷിച്ചു വെക്കാവുന്ന ഭക്ഷ്യവസ്തുക്കളായ വിളകൾ ലഭിക്കുന്ന വ്യക്തിക്ക് സകാത്ത് നിർബന്ധമാണ്. പറയത്തക്ക ചിലവുകളില്ലാതെ വളർന്നതും പരിധിയെത്തിയതുമായ (ഈ വർഷം ഏകദേശം 20500 രൂപ) വിളകളുടെ പത്തു ശതമാനം സകാത്ത് കൊടുക്കണം. വെള്ളം പമ്പുചെയ്ത് വിളയിച്ചതിന് അഞ്ചു ശതമാനം നൽകിയാൽ മതി. ഭാഗികമായി  ചെലവു ചെയ്തതാണെങ്കിൽ ഏഴര ശതമാനം നൽകണം. അവകാശികൾക്ക് ഉപകാരപ്പെടുമെങ്കിൽ ഉൽപ്പന്നങ്ങൾ തന്നെയാണ് നൽകേണ്ടത്. അല്ലെങ്കിൽ വിലയുമാകാം. 


മറ്റെല്ലാ വരുമാനങ്ങൾക്കും പരിധി നിശ്ചയിക്കുന്നത് മൂല്യം പരിഗണിച്ചാണ്. നബി (സ)യുടെ കാലത്ത് സ്വർണ്ണവും വെള്ളിയുമാണ് മൂല്യമായി നിർണയിച്ചത്. 20 മിസ്‌ക്കാൽ സ്വർണം അല്ലെങ്കിൽ അതിനു തുല്യമായ 200 ദിർഹം വെള്ളിയുണ്ടെങ്കിൽ സകാത്ത് നിർബന്ധമായി എന്നാണ് നബി (സ) നിർണയിച്ചത്. എന്നാൽ ഇക്കാലത്ത് സ്വർണം, വെള്ളി തമ്മിലുള്ള മൂല്യത്തിന്റെ ആനുപാതികത വളരെ വ്യത്യാസപ്പെട്ടു നിൽക്കുന്നു. അതിനാൽ ദരിദ്രർക്ക് ഗുണകരമായ വിധം വെള്ളിയുടെ മൂല്യം പരിഗണിക്കുക (അതിനാണ് ഹദീസിന്റെ പിൻബലവും) എന്ന അഭിപ്രായമാണ് ഈ ലേഖനത്തിൽ സ്വീകരിച്ചിട്ടുള്ളത്. അപ്പോൾ 200 ദിർഹം വെള്ളിയുടെ ഇന്നത്തെ തൂക്കമനുസരിച്ച് 595 ഗ്രാം ആണ്. അത് കൊണ്ട് ഒരാളുടെ കൈവശം ജീവിത ചെലവ് കഴിച്ച് 595 ഗ്രാം വെള്ളിക്കു തുല്ല്യമായ നടപ്പു വില മിച്ചമുണ്ടെങ്കിൽ രണ്ടര ശതമാനം സകാത്ത് നിർബന്ധമായി.


കച്ചവടം, വ്യവസായം, ശമ്പളം, നിത്യക്കൂലി, വാടക തുടങ്ങി എല്ലാ വരുമാനങ്ങൾക്കും വർഷത്തിലൊരിക്കൽ മൊത്തം കണക്കു നോക്കി രണ്ടര ശതമാനം നൽകണം. കിട്ടുമെന്നുറപ്പുള്ള കടം, എക്കൗണ്ടിലെ നീക്കിയിരുപ്പ്, ബിസിനസ്സിലേക്ക് മുടക്കിയത്, എന്നിവ പരിഗണിക്കണം. കൊടുക്കാൻ അവധിയെത്തിയ കടം കൊടുത്തു വീട്ടുകയോ മാറ്റിവെക്കുകയോ ചെയ്യുമ്പോൾ സക്കാത്തിന് പരിഗണിക്കേണ്ടതില്ല. കച്ചവട വസ്തുക്കൾ സ്റ്റോക്കെടുത്ത് വില കണക്കാക്കിയാണ് സക്കാത്ത് നിർണ്ണയിക്കേണ്ടത്. ഓരോ ഹിജ്‌റ വർഷവും കണക്കാക്കി സക്കാത്ത് നൽകിയാൽ പിന്നെ അടുത്ത വർഷം ആ നിശ്ചിത തീയതിക്ക് നൽകിയാൽ മതി.  സ്വർണത്തിന് നബി (സ) നിശ്ചയിച്ച പരിധി ഇരുപത് മിസ്‌ക്കാൽ (85 ഗ്രാം) ആണ്. ആ പരിധിയെത്തിയാൽ ആഭരണങ്ങളായാലും സകാത്ത് നൽകണമെന്നാണ് സൂക്ഷ്മതയുള്ള നിലപാട്. അതിൽ താഴെയുള്ള സ്വർണ്ണം ആഭരണമായി ഉപയോഗിക്കുന്നതെങ്കിൽ സകാത്ത് വേണ്ടതില്ല.  എന്നാൽ പണം സൂക്ഷിക്കുന്നതിന് പകരം ആഭരണമാക്കുകയാണെങ്കിൽ 595 ഗ്രാം വെള്ളിയുടെ വിലക്കുള്ള സ്വർണം സകാത്തിന്റെ പരിധിയിൽ വരികയും ചെയ്യും. പഴയ ആഭരണങ്ങളും പൊട്ടുംപൊടികളുമായി സൂക്ഷിച്ചതിനും ഈ കണക്കു നോക്കി സകാത്ത് ബാധകമാണ്. 
സകാത്തിന്റെ അവകാശികളായി എട്ടു വിഭാഗത്തെ ഖുർആൻ (സൂറ: 9: 60) നിർണയിച്ചിട്ടുണ്ട്. ദരിദ്രർ, അഗതികൾ, സകാത്തിന്റെ ഉദ്യോഗസ്ഥർ, ഇസ്‌ലാമുമായി മനസ്സിണക്കപ്പെട്ടവർ, അടിമ മോചനം (ഉണ്ടെങ്കിൽ), കടബാധ്യത കൊണ്ട് പ്രയാസപ്പെടുന്നവർ, അല്ലാഹുവിന്റെ മാർഗത്തിൽ, വഴിയിൽ കുടുങ്ങിയവർ എന്നിങ്ങനെയാണവ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാരത്തിനാണ് ഇതിൽ ഏഴുവിഭാഗവും പരിഗണിക്കപ്പെട്ടവർ. പിന്നെ അതിനുവേണ്ടി പ്രവർത്തിക്കുന്നവരും. 

വീക്ഷണ വൈവിധ്യം തടസ്സമാവരുത്
ലോകത്ത് മുസ്‌ലിം സമൂഹങ്ങൾക്കിടയിൽ വ്യത്യസ്ത സ്വഭാവത്തിലാണ് സകാത്ത് കൈകാര്യം ചെയ്യപ്പെടുന്നത്. വീക്ഷണ വ്യത്യാസമുണ്ടെങ്കിലും എല്ലാവരും അവരവരുടെ വീക്ഷണമനുസരിച്ച് സകാത്ത് നടപ്പിലാക്കുകയാണ് വേണ്ടത്. മുസ്‌ലിം സമൂഹം എക്കാലത്തും അവരുടെ സാമൂഹ്യ പശ്ചാത്തലത്തിൽ ഇസ്‌ലാമിക കാര്യങ്ങൾ നടപ്പാക്കിവരുന്നുണ്ട്. സകാത്ത് ഒരു സാമൂഹ്യ കാര്യം എന്ന നിലക്ക് കഴിയുന്നത്ര സഹകരിച്ചു കൊണ്ട്, ഭിന്ന വീക്ഷണങ്ങൾ തടസ്സമാവാതെ സകാത്ത് സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കിയാൽ വലിയ സാമൂഹ്യ മാറ്റത്തിന് കാരണമാവുമെന്നും, അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുമെന്നും നാം തിരിച്ചറിയണം. 
           
(വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റാണ് ലേഖകൻ)  

Latest News