Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ മറവിൽ അദൃശ്യമാകുന്ന മറ്റു ദുരന്തങ്ങൾ 

ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങൾക്കൊപ്പം കേരളവും കോവിഡ് ഭീഷണിയിൽ നിന്ന് മോചിതമായിട്ടില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം ഒന്നടങ്കം അണിനിരന്നിട്ടുമുണ്ട്. തീർച്ചയായും അത് സ്വാഗതാർഹമാണ്. എന്നാൽ കോവിഡ് എന്ന മഹാദുരന്തം മറ്റു പല ദുരന്തങ്ങളെയും അദൃശ്യമാക്കുന്നുണ്ട്. സർക്കാറും മാധ്യമങ്ങളും ജനങ്ങളുമെല്ലാം കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ അണിനിരക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നവ. ആ ദുരന്തങ്ങളാകട്ടെ ബാധിക്കുന്നത് സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ളവരെയാണെന്നത് സ്വാഭാവികവുമാണല്ലോ.

അട്ടപ്പാടിയൽ തുടരുന്ന നവജാത ശിശുമരണവും വയനാട്ടിലെ ആദിവാസികളെ ബാധിച്ചിരിക്കുന്ന കുരങ്ങുരോഗവുമാണ് കോവിഡിന്റെ ആഘാതത്തിൽ കേരളം മറന്നുപോകുന്നതിനു ഉദാഹരണങ്ങൾ. അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം ഒരു ആദിവാസി കുഞ്ഞു കൂടി മരിച്ചതോടെ ഈ വർഷം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇത്തരത്തിലുള്ള മരണം നടക്കുന്ന പ്രദേശങ്ങളെടുത്താൽ മുൻനിരയിലാണ് അട്ടപ്പാടിയുടെ സ്ഥാനം. ആദിവാസി ശിശുമരണ നിരക്കിലെ വർധന കണ്ട് ഐക്യരാഷ്ട്ര സംഘടനയും  സന്നദ്ധ സംഘടനകളും  അട്ടപ്പാടിയിലേക്ക് പഠന സംഘങ്ങളെ അയച്ചിരുന്നു.  ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂർ പഞ്ചായത്തിലെ പാടവയൽ, മുള്ളി, പാലൂർ എന്നീ ഊരുകളിലെ  ജീവിതം അതീവ ഗുരുതരമാണെന്നായിരുന്നു  പല പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്ര മന്ത്രിമാരും പല തവണ സ്ഥലത്തെത്തി. 

ഏതാനും വർഷം മുമ്പ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ  50 ശതമാനത്തിലധികം പേർക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തിയിരുന്നു. പലരുടെയും ഹീമോഗ്‌ളോബിന്റെ അളവ് ഏഴിൽ താഴെയാണ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയായ പുരുഷന്മാരിൽ 10 ശതമാനത്തിന് രക്തക്കുറവുണ്ടായിരുന്നു. ത്വക് രോഗങ്ങൾ, വന്ധ്യത, അരിവാൾ രോഗം എന്നിവയും ഊരുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 


ആദ്യകാലത്തെ ശിശുമരണ കണക്കുകൾ ലഭ്യമല്ലെങ്കിലും 2001 ൽ 50 ൽപരം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. 2004 മുതൽ 2008 വരെ മേഖലയിൽ 84 ഉം 2008 മുതൽ 2011 വരെ 56 ഉം ശിശുമരണങ്ങൾ നടന്നു. ഗർഭിണികളുടെ പോഷകാഹാരക്കുറവ്, ഗർഭ ശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടർച്ചയായുള്ള പ്രസവം, ജനന വൈകല്യങ്ങൾ, അണുബാധ, പ്രതിരോധ ശേഷിയില്ലായ്മ എന്നിവയാണ് മരണങ്ങൾക്ക് പ്രധാന കാരണങ്ങൾ. പോഷകാഹാരക്കുറവിനോടൊപ്പം ഉയർന്ന രക്തസമ്മർദവും ജനിതക കാരണങ്ങളും മരണ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ശിശുമരണ വിഷയത്തിൽ 2001 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് പ്രക്ഷോഭം ശക്തമായത് ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തായിരുന്നു. അന്ന് ആദിവാസിയായ പി കെ ജയലക്ഷ്മി മന്ത്രിയായിരുന്നു. ഗോത്രമഹാസഭ ശക്തമായ രീതിയിൽ സമരം ആരംഭിച്ചതിനെ തുടർന്ന് പ്രതിപക്ഷമായിരുന്ന എൽ ഡി എഫും രംഗത്തിറങ്ങി. എന്നാൽ കേരളത്തിലെ ആദിവാസി  മേഖലകൾ പട്ടികവർഗ മേഖലകളായി പ്രഖ്യാപിക്കണമെന്ന ഗോത്ര മഹാസഭയുടെ അടിസ്ഥാന ആവശ്യത്തോട് യോജിക്കാതെയായിരുന്നു എൽഡിഎഫിന്റെ സമരം. ശിശുമരണങ്ങൾ തടയുന്നതിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് എം.ബി. രാജേഷ് എം.പി അഗളിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തി. സിപിഐ നേതാവും ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഈശ്വരി രേശനും അനിശ്ചിതകാല നിരാഹാരം തുടങ്ങി. 

യുഡിഎഫിനു മാത്രമല്ല എൽഡിഎഫിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഗോത്ര മഹാസഭയുടെ സമരം. എന്തായാലും സമരം അഖിലേന്ത്യാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയലക്ഷ്മി, ശിവകുമാർ, മുനീർ എന്നീ സംസ്ഥാന മന്ത്രിമാർ, കോടിയേരി ബാലകൃഷ്ണൻ, എ.കെ. ബാലൻ, ശ്രീമതി ടീച്ചർ, വി.സി.കബീർ, ടി.കെ.ഹംസ, മുല്ലക്കര രത്നാകരൻ, നീലലോഹിതദാസ നാടാർ എന്നീ മുൻമന്ത്രിമാർ, കേന്ദ്ര തൊഴിൽകാര്യ സഹമന്ത്രിയായ കൊടിക്കുന്നിൽ സുരേഷ്, വി.എസ്. സുനിൽ കുമാർ, ഷംസുദ്ദീൻ എന്നീ എം.എൽ.എമാർ, പി കെ. ബിജു, രാജേഷ് എന്നീ എം.പിമാർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ബിജെ.പി സംസ്ഥാന പ്രസിഡന്റ് മുരളീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ  നേതാക്കന്മാർ, വിവിധ ഡിപ്പാർട്ടുമെന്റുകളുടെ തലവന്മാർ തുടങ്ങിയവരൊക്കെ സ്ഥലത്ത് പാഞ്ഞെത്തി. 

പിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ.ജയലക്ഷ്മി, എം. കെ. മുനീർ, എ.പി.അനിൽ കുമാർ, കെ.സി.ജോസഫ് എന്നീ സംസ്ഥാന മന്ത്രിമാർ, കേന്ദ്ര മന്ത്രി ജയറാം രമേഷ് എന്നിവരും എത്തി. പിന്നീട് പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തിലിടപെട്ടു.  പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് ഓഫീസ് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.  ഐ.സി.ഡി.എസ് പദ്ധതിയിൽ പെട്ട ഡോക്ടർമാരും നഴ്സുമാരും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആദിവാസി ഊരുകളിൽ പോയി വൈദ്യ പരിശോധന നടത്തണം. പോഷകാഹാരക്കുറവുള്ളവരെ ആശുപത്രിയിൽ എത്തിക്കണം തുടങ്ങിയ നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടു വെച്ചു. തുടർന്ന് പല നടപടികളുമുണ്ടായി. എന്നാൽ ഇപ്പോഴും പൂർണമായും പരിഹരിക്കപ്പെടാത്ത ഒന്നായി ഈ വിഷയം തുടരുന്നു എന്നതാണ് വസ്തുത. കോവിഡ് കാലഘട്ടത്തിലാകട്ടെ, അത് വാർത്ത പോലുമല്ലാതാകുന്നു.


വയനാട്ടിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത് അരിവാൾ രോഗമാണ്. ഇപ്പോൾ പക്ഷേ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കുരങ്ങുപനിയാണ്.  13 ഊരുകളിലായി 28 പേർക്കാണ് ഈവർഷം കുരങ്ങുപനി സ്ഥിരീകരിച്ചത്.  നാലുപേർ ഇതിനകം മരിച്ചു കഴിഞ്ഞു. അവയും കാര്യമായ വാർത്താപ്രാധാന്യം നേടിയില്ല. എന്നാൽ രോഗപ്രതിരോധത്തിന് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു.  ആദിവാസി മേഖലയിൽ ഏറ്റവും വലിയ തൊഴിൽ ദിനങ്ങൾ കിട്ടുന്ന സന്ദർഭമാണിത്. ഉൾവനങ്ങളിൽ പോയി തേൻ ശേഖരിക്കുന്ന സമയം. എന്നാൽ കുരങ്ങുപനി മൂലം വനത്തിൽ കയറരുത് എന്നാണ് സർക്കർ നിർദേശം. കോവിഡിനു പുറമെ കൂനിന്മേൽ കുരുവായിരിക്കുകയാണ് ആദിവാസികൾക്ക് കുരങ്ങുരോഗം.

തുടക്കത്തിൽ പറഞ്ഞ പോലെ മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മാത്രമല്ല അതിനോടുള്ള നമ്മുടെ പ്രതികരണത്തിലും വ്യത്യാസങ്ങൾ കാണാം. അതാകട്ടെ ലോകത്തിന്റെ എല്ലാ ഭാഗത്തും സമാനമാണുതാനും. ഏറ്റവും നല്ലൊരു ഉദാഹരണം 2014 ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന് പിടിച്ച എബോള എന്ന മഹാമാരിയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ അസുഖമായിരുന്നതിനാൽ ആ രോഗത്തിനു  വാക്സിനുണ്ടാക്കാൻ മരുന്നു കമ്പനികൾക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. കാരണം അതിൽ നിന്നു വലിയ ലാഭം കിട്ടുമോ എന്ന സംശയം തന്നെ. രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കും എന്ന സാഹചര്യം വന്നപ്പോഴാണ് വൻകിട കമ്പനികൾ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്. പക്ഷേ ശ്രമം നീണ്ടുപോവുകയും അവസാനം വാക്സിൻ കണ്ടെത്തുമ്പോഴേക്കും എബോള വൈറസ് വലിയ പ്രശ്നമല്ലാതായി മാറിക്കഴിയുകയും ചെയ്തു. കുരങ്ങു പനിക്കെതിരെയും മികച്ചൊരു വാക്സിൻ ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നാകാൻ ഇടയില്ല. ഇപ്പോഴാകട്ടെ സമൂഹത്തിന്റെ താഴെ കിടയിലുള്ളവർക്ക് വരുന്ന ഇത്തരം അസുഖങ്ങൾ ചിത്രത്തിൽ പോലും വരാത്ത അവസ്ഥയാണ് കോവിഡ് മൂലം സംജാതമായിരിക്കുന്നത്. 

Latest News