മലപ്പുറം- ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ പല്ലാണി ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതം സ്വീകരിച്ചു. കഴിഞ്ഞ മാസം മതംമാറിയ ഇദ്ദേഹമിപ്പോള്‍ മതപഠനം നടത്തിവരികയാണ്. 2016 നവംബര്‍ 19-ന് ഫൈസല്‍ കൊല്ലപ്പെട്ടതിനു ശേഷം മതാവ് മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു. രണ്ടു മാസം മുമ്പാണ് ഫൈസലിന്റെ രണ്ടു സഹോദരിമാരും ഇവരില്‍ ഒരാളുടെ ഭര്‍ത്താവും അഞ്ചു മക്കളും ഇസ്ലാം സ്വീകരിച്ചത്.
പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയില്‍ നിന്ന് മതമാറിയ ഇവര്‍ ഇപ്പോല്‍ മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ മതപഠനത്തിലാണ്. ഫൈസലിന്റെ മറ്റൊരു സഹോദരീ ഭര്‍ത്താവ് വിനോട് ഫൈസല്‍ വധക്കേസിലെ പ്രതിയാണ്.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഫൈസല്‍ 2015-ല്‍ സൗദിയില്‍ വെച്ചാണ് ഇസ്ലാം സ്വീകരിച്ചത്. പിന്നീട് നാട്ടിലെത്തി ഭാര്യയേയും മൂന്ന് കുട്ടികളേയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നു. ഫൈസല്‍ ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസലിന്റേയും കുടുംബത്തിന്റേയും മതംമാറ്റത്തെ തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി ഉണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് മാതാവ് ഇസ്ലാം സ്വീകരിച്ചത്.
അവധി കഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകുന്നതിനു തൊട്ടുമുമ്പത്തെ ദിവസമാണ് ഫൈസല്‍ ദാരുണമായി കൊല്ലപ്പെട്ടത്. തിരൂരിലെ ആര്‍ എസ് എസ് ജില്ലാ സഹകാര്യവാഹകും 1998-ലെ യാസര്‍ വധക്കേസിലെ മുഖ്യപ്രതിയുമായിരുന്ന മഠത്തില്‍ നാരായണന്‍ ഉള്‍പ്പെടെ 12, ആര്‍ എസ് എസ് , വിഎച്ച്പി, ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എല്ലാവരേയും പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. ഈ പ്രതികളിലൊരാളായ ബിബിന്‍ ഓഗസ്റ്റ് 24-ന് സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഇതുവരെ ഏഴ് പോപുപ്പലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.