കൊറോണ അപ്‌ഡേഷന്‍ അറിയാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? പണം നഷ്ടമാകുമെന്ന് സിബിഐ 


മുംബൈ- കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പങ്കുവെക്കാനുമായി നിരവധി മൊബൈല്‍ ആപ്പുകള്‍ ഈ ചെറിയ കാലയളവില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പലരും അത്തരം ആപ്പുകള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് സിബിഐയാണ്. കോവിഡ് അപ്‌ഡേഷനുകള്‍ക്കായി മൊബൈല്‍ ഫോണുകളില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐ അറിയിച്ചത്. ഇത് സംബന്ധിച്ച് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിബിഐ മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ട്.

ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ മൊബൈല്‍ ഫോണില്‍ നിന്ന് ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളുടേത് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യും. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ പറഞ്ഞു.
സെര്‍ബെറസ് എന്നറിയപ്പെടുന്ന ഒരു ബാങ്കിംഗ് ട്രോജനുമായി ബന്ധപ്പെട്ട ഇന്റര്‍പോളില്‍ നിന്നാണ് സിബിഐയ്ക്ക് വിവരം ലഭിച്ചത്. ഈ അപകടകാരിയായ സോഫ്റ്റ് വെയര്‍ കോവിഡ് വിവരങ്ങള്‍ പങ്കുവെച്ചാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാനായി എസ്എംഎസ് അയക്കുകയും ചെയ്യും. ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാലാണ് ഡാറ്റകള്‍ ചോര്‍ത്തുന്നതും പണം തട്ടുന്നതുമെന്ന് സിബിഐ അറിയിച്ചു.
 

Latest News