ദോഹയിൽ നിന്നെത്തിയവരിൽ നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി

കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽനിന്നെത്തിയ യാത്രക്കാർ വീടുകളിലേക്ക് മടങ്ങുന്നു.

മലപ്പുറം- ദാഹയിൽനിന്ന് കരിപ്പൂരിൽ എത്തിയ വിമാനത്തിലെ 183 യാത്രക്കാരിൽ നാലു പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് ലക്ഷണങ്ങൾ ഉള്ളത്.
ഒമ്പത് ജില്ലകളിൽനിന്നായി 181 പേരും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസ്സിന് മുകളിൽ പ്രായമുള്ള 15 പേർ, 10 വയസ്സിനു താഴെ പ്രായമുള്ള 44 കുട്ടികൾ, 61 ഗർഭിണികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.  മലപ്പുറം -44, ആലപ്പുഴ -ഒന്ന്, എറണാകുളം -ഒന്ന്, കണ്ണൂർ -24, കാസർകോട് -17, കോഴിക്കോട് -73, പാലക്കാട് -17, തൃശൂർ -രണ്ട്, വയനാട് -രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇവർക്കൊപ്പം രണ്ട് തമിഴ്നാട് സ്വദേശികളും സംഘത്തിലുണ്ടായിരുന്നു.  
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലു പേരിൽ കണ്ണൂർ സ്വദേശിക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗർഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 35 പേരെ കോവിഡ് സെന്ററുകളിൽ പ്രവേശിപ്പിച്ചു. 144 പേരെ വീടുകളിൽ നിരീക്ഷണത്തിനയച്ചു.

 

 

Latest News