റിയാദ് -ഇന്ധന നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് സൗദി അറേബ്യ പഠിക്കുന്നതായി ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബറോടെ ഇന്ധന നിരക്ക് ഉയർത്തുന്നതിനാണ് നീക്കം. ഇതോടൊപ്പം വൈദ്യുതി നിരക്കും പടിപടിയായി ഉയരും. ആഗോള വിപണിയിലെ നിരക്കിന് തുല്യമായി ഇന്ധന നിരക്ക് ഉയർത്തുന്നതിനാണ് പദ്ധതി. ഇതോടെ ഒക്‌ടേൻ 91 ഇനത്തിൽപെട്ട പച്ച നിറത്തിലുള്ള പെട്രോളിന്റെ വില ലിറ്ററിന് 1.35 റിയാലായി വർധിക്കും. നിലവിൽ പച്ച പെട്രോളിന്റെ വില 75 ഹലലയാണ്. വിലയിൽ 80 ശതമാനം വർധനവാണുണ്ടാവുക. മറ്റു ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും വില അടുത്ത വർഷാദ്യത്തോടെ ഉയരുമെന്നാണ് കരുതുന്നത്.
ഇന്ധന വില ഉയർത്തുന്ന കാര്യത്തിൽ ഈ മാസമോ അടുത്ത മാസമോ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. പെട്രോളിന്റെയും വിമാന ഇന്ധനത്തിന്റെയും വില ഒറ്റയടിക്ക് വർധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മറ്റു ഇന്ധനങ്ങളുടെ വില 2021 ഓടെ പടിപടിയായാണ് ഉയർത്തുക. സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഇന്ധന വിലയ്ക്ക് സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്. 2015 ഡിസംബറിൽ സൗദി അറേബ്യ ഇന്ധന നിരക്ക് ഉയർത്തിയിരുന്നു. ഇന്ധന വില കൂടുതൽ ഉയർത്തുന്നതിനുള്ള പദ്ധതികൾ സൗദി അറബ്യേ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വൈദ്യുതിക്കുള്ള ഗവൺമെന്റ് സബ്‌സിഡി നീക്കുന്നതിന് മുമ്പായി ഒക്‌ടോബറിൽ പ്രാബല്യത്തിൽ വരുന്ന സിറ്റിസൺ അക്കൗണ്ട് സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നേക്കുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. നിലവിൽ ഏകീകൃത സിറ്റിസൺ അക്കൗണ്ടിന്റെ വരിക്കാരായ 11,841,969 പേരിൽ 8,411,271 ആളുകളും (71 ശതമാനം) വരുമാനം കുറഞ്ഞവരാണ്. 2017 അവസാനിക്കാൻ മൂന്ന് മാസം ശേഷിക്കേ സിറ്റിസൺ അക്കൗണ്ടിൽനിന്ന് 25 ബില്യൺ റിയാലിന്റെ സാമ്പത്തിക സഹായം ഈ വർഷം വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അഹ്മദ് സ്വാലിഹ് അൽഹുമൈദാൻ അറിയിച്ചു. 2020 ആകുമ്പോൾ അക്കൗണ്ടിൽനിന്നുള്ള സാമ്പത്തിക സഹായം 60 ബില്യൺ റിയാൽ വരെ ആയി ഉയർത്തും.






