കോവിഡ് വ്യാപനത്തിനിടെ പാക്കിസ്ഥാനില്‍ അമ്പരപ്പിക്കുന്ന കോടതി വിധി

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ അമ്പരപ്പിക്കുന്ന വിധി.
രാജ്യത്ത് കോവിഡ് ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം  കോടതി എന്തിനാണ് കോവിഡിനെതിരെ പൊരുതാന്‍ ഇത്രയധികം പണം ചെലവാക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിച്ചു. ആരോഗ്യ അധികൃതര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഷോപ്പിങ് മാളുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോവിഡ് ലോക് ഡൗണിനെതിരായ കേസ് സുപീം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. സുപീം കോടതി ഉത്തരവിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വഗതം ചെയ്തു. 42,125 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു.

 

Latest News