ചൈനയില്‍ വീണ്ടും ഭീതിയും നിരാശയും

ചൈനയിലെ ജില്ലിന്‍ പ്രവിശ്യയല്‍ അടിച്ചട്ട ട്രെയിന്‍ സ്റ്റേഷനു മുന്നില്‍ സുരക്ഷിത വസ്ത്രങ്ങളണിഞ്ഞ പോലീസുകാര്‍.

ബെയ്ജിംഗ്- ചൈനയില്‍ പുതുതായി കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 108 ദശലക്ഷത്തോളം ജനങ്ങള്‍ വീണ്ടും ലോക്ഡൗണിലായി. കോവിഡ് മുക്തമായെന്ന് സ്ഥിരീകരിച്ച് രാജ്യം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ് വീണ്ടും പലഭാഗത്തുനിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ അവസാനിപ്പിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനിടെ, ജില്ലിന്‍ പ്രവിശ്യയില്‍ ട്രെയിന്‍, ബസ് ഗതാഗതം നിര്‍ത്തി. വിദ്യാലയങ്ങളും അടച്ചിട്ടു. പതിനായിരക്കണക്കാനാളുകളെ കരുതല്‍ നിരീക്ഷണത്തിലാക്കി. രാജ്യത്തെ ഭീതിയിലാക്കിയിരുന്ന മഹാമാരി അവസാനിച്ചുവെന്ന് കരുതിയിരിക്കെ വീണ്ടും പ്രതിസന്ധിയിലാക്കിയത് ജനങ്ങളെ തീര്‍ത്തും നിരാശയിലും ഭീതിയിലുമാക്കിയിരിക്കയാണ്.

പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതാണ് ആശ്വാസകരമായ കാര്യമെന്ന് ലിയോണിങ് പ്രവിശ്യക്കു സമീപത്തെ ഷെന്‍യാങ് പട്ടണത്തിലെ ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഫാന്‍ പായ് പറഞ്ഞു. മാസ്‌ക് ധരിച്ച് കുട്ടികള്‍ കളിക്കാനിറങ്ങിയതായിരുന്നു.എന്നാല്‍ ഇപ്പോള്‍ രോഗം എപ്പോള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാതായെന്നും ഇതാണ് ഭയത്തിലും നിരാശയിലുമാക്കുന്നതെന്നും അവര്‍ പറഞ്ഞു. സുരക്ഷിത വസ്ത്രങ്ങളണിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ കോവിഡ് പുറപ്പെട്ട വുഹാനില്‍ പുതുതായി 34 കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമ്പത്തികമായി വലിയ വില നല്‍കേണ്ടിവന്ന നടപടികള്‍ക്കുശേഷം കോവിഡിന്റെ രണ്ടാം തരംഗം പ്രതീക്ഷിച്ച അധികൃതര്‍ വളരെ വേഗമാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്. വുഹാനിലെ പതിനായിരക്കണക്കിനാളുകളെയാണ് ഓരോ ദിവസവും പരിശോധിക്കുന്നത്.
വൈറസിനെ പിടിച്ചുകെട്ടാന്‍ ജില്ലിന്‍ പ്രവിശ്യയില്‍ പെടുന്ന ഷുലാന്‍ പട്ടണത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് പ്രാദേശിക ഗവണ്‍മെന്റ് അറിയിച്ചു. കോവിഡ് സ്ഥിരികരിക്കുന്നതോ സംശയിക്കുന്നതോ ആയ കേസുകളുള്ള താമസ കേന്ദ്രങ്ങള്‍ അടിച്ചിടുമെന്നും രണ്ടു ദിവസം കൂടുമ്പോള്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഓരോ കുടുംബത്തേയും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ അനുവദിക്കൂയെന്നും സര്‍ക്കാര്‍ വക്താവ് വീ ചാറ്റില്‍ അറിയിച്ചു.

 

Latest News