Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ദമാം-കൊച്ചി വിമാനം 143 യാത്രക്കാരുമായി പറന്നു

ദമാം- സൗദിയിലെ എയര്‍പോര്‍ട്ടുകള്‍ അടച്ചതിനു ശേഷം കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍നിന്നു കേരളത്തിലേക്കുള്ള രണ്ടാമത് വിമാനം പറന്നുയര്‍ന്നു. ഇന്ത്യന്‍ എംബസിയില്‍നിന്നു അനുമതി ലഭിച്ച രണ്ടു കുട്ടികളടക്കം 143 പേരാണ് എയര്‍ ഇന്ത്യ ഓഫീസില്‍നിന്നു ടിക്കറ്റ് നേടി യാത്രയായത്. ഉച്ചക്ക് 12.45 നു ദമാമില്‍നിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടിന് കൊച്ചിയില്‍ ഇറങ്ങും.  
കര്‍ഫ്യു ഇളവു നിലനില്‍ക്കുന്നുണ്ടെങ്കിലും യാത്രാ വിലക്ക് ഉള്ളതിനാല്‍ കിഴക്കന്‍ പ്രവിശ്യക്കാര്‍ക്ക്് മാത്രമേ കഴിഞ്ഞ  തവണ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നുള്ളു. ഇപ്രാവശ്യം ഇതില്‍നിന്നു വ്യത്യസ്തമായി വിദൂര പ്രദേശങ്ങളില്‍നിന്നു ഗര്‍ഭിണികളും രോഗികളുമായ നിരവധി അര്‍ഹരായവര്‍ ഈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കടുത്ത രോഗികളും, തുടര്‍ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞു ഇവിടെ കുടുങ്ങിയ പ്രായമായവരുമാണ് മുന്‍ ഗണനാ പട്ടികയില്‍ ഇടം പിടിക്കേണ്ടവരെങ്കിലും  ആരോഗ്യപരമായി മറ്റു പ്രശ്‌നങ്ങളില്ലാത്ത, എക്‌സിറ്റ് അടിച്ച ബാച്ചിലേഴ്‌സ് ആയ ഏതാനും ചിലരും ഈ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാവിലെ ഒന്‍പതു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനുള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും നിരവധി യാത്രക്കാര്‍ രാവിലെ എട്ടു മണി മുതല്‍ തന്നെ എത്തി തുടങ്ങിയിരുന്നു. ഇന്നത്തെ യാത്രക്കാരില്‍ പകുതിയിലധികവും ഗര്‍ഭിണികളാണ്. ഇവരെല്ലാം മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയതിനാല്‍ രോഗികളും ഗര്‍ഭിണികളും ഇതെല്ലം തയാറാക്കിയാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. ബോര്‍ഡിംഗിനു മുന്‍പ് തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തിയാണ് യാത്രക്കാരെ ക്രമീകരിച്ചത്. യാത്രക്കാര്‍ക്കുള്ള മാസ്‌കും ഗ്ലൗസും ദമാം നോര്‍ക ഹെല്‍പ് ഡസ്‌ക് വിതരണം ചെയ്തു.  കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ യാത്രക്കാരുടെ കൂടെ കുടുംബാംഗങ്ങളോ മറ്റു സഹായികളോ ഇല്ലെങ്കിലും നോര്‍ക്ക ഹെല്‍പ്  ഡസ്‌ക്  വളണ്ടിയര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നു.  നോര്‍ക്ക ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ദമാം എയര്‍പോര്‍ട്ട് അധികൃതരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ഏകദേശം എഴുപതിനായിരത്തോളം ആളുകള്‍ ഇതിനകം ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 1000 പേര്‍ക്ക് മാത്രമാണ് മടങ്ങാന്‍ സാധിച്ചത്. രോഗികള്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, വിസിറ്റിംഗ് വിസ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ വിസ എക്‌സിറ്റ് അടിച്ചവര്‍, വിവിധ കേസുകളില്‍ ജയിലിലകപ്പെട്ടവര്‍ തുടങ്ങി നിരവധി ആളുകള്‍ ഊഴവും കാത്തിരിക്കുകയാണ്. പ്രവാസികളില്‍ ഭൂരിഭാഗവും മലയാളികളാണെന്നിരിക്കെ കേരളത്തിലേക്ക് വളരെ കുറച്ചു സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള ജിദ്ദയില്‍നിന്നു കേരളത്തിലേക്ക് ഇത്തവണ വിമാന സര്‍വീസ് തന്നെ ഇല്ലാത്തതും തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് നടത്താത്തതും പ്രവാസികളില്‍ പ്രതിഷേധത്തിനിടയാക്കി. ചില സ്വകാര്യ വ്യക്തികളും ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍  കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

 

 

Latest News